MOVIES

ചത്താ പച്ചയില്‍ മമ്മൂട്ടിയും! സാന്നിധ്യം ഉറപ്പിച്ച് പോസ്റ്റര്‍; ജനുവരി 22ന് തിയേറ്ററിലേക്ക്

ഹൈലൈറ്റ് ചെയ്തിരിക്കുന്ന അക്ഷരം മമ്മൂട്ടി ചത്താ പച്ചയില്‍ ഉണ്ട് എന്നതിന്റെ സൂചനയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Author : കവിത രേണുക

റീല്‍ വേള്‍ഡ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ആക്ഷന്‍ എന്റര്‍ടെയിനര്‍ 'ചത്താ പച്ച ' 2026 ജനുവരി 22-ന് പ്രദര്‍ശനത്തിനെത്തും. റസ്ലിങ് പശ്ചത്താലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മലയാള സിനിമയ്ക്ക് വലിയ ആവേശം പകരുമെന്നുറപ്പാണ്.

പുറത്തുവിട്ട റിലീസ് ഡേറ്റ് പോസ്റ്ററില്‍ തീപ്പൊരി പോലെ തിളങ്ങുന്ന സ്വര്‍ണ്ണനിറങ്ങള്‍, പറക്കുന്ന നോട്ടുകള്‍, ആവേശത്തോടെ ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടം, റിങ്ങിലെ ഒരു റെസ്ലര്‍ എല്ലാം ചേര്‍ന്ന് ടീസറിലും മറ്റു പോസ്റ്ററുകളും കണ്ട ഒരു കളര്‍ഫുള്‍ റെസ്ലിങ് ലോകം ഈ പോസ്റ്ററിലും വ്യക്തമാണ്. എന്നാല്‍ ഈ മുഴുവന്‍ ദൃശ്യവിസ്മയത്തിനിടയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതോ? 'IN CINE'M'AS' എന്ന വാചകത്തിലെ പ്രത്യേകം എടുത്തുകാണിക്കുന്ന 'M'. ഹൈലൈറ്റ് ചെയ്തിരിക്കുന്ന അക്ഷരം മമ്മൂട്ടി ചത്താ പച്ചയില്‍ ഉണ്ട് എന്നതിന്റെ സൂചനയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആരാധകരും സിനിമാപ്രമികളും ഈ സംശയം സോഷ്യല്‍ മീഡിയയില്‍ ഉടനീളം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങിയ റിലീസ് ഡേറ്റ് പോസ്റ്റര്‍ ആ ചര്‍ച്ചകള്‍ക്ക് ഒരു സ്ഥിരീകരണം നല്‍കിയതുപോലെ തന്നെയാണ്. എനര്‍ജിയും സ്വാഗും നിറഞ്ഞ ഒരു ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കെ, ഈ സൂചന 'ചത്താ പച്ച 'യെ ഒരു സാധാരണ ചിത്രത്തില്‍ നിന്ന് ഉയര്‍ത്തി ഒരു വലിയ സിനിമാറ്റിക് ഇവന്റായി മാറ്റുന്നതാണ്.

റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ന്റെ ബാനറില്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഷിഹാന്‍ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ് രാമകൃഷ്ണന്‍ നിര്‍മ്മിച്ച് നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചത്താ പച്ച. പാന്‍ ഇന്ത്യന്‍ ചിത്രമായ ചത്താ പച്ചയുടെ വിതരണാവകാശം നേടിയിരിക്കുന്നത് ശക്തമായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണ്. കേരളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ചത്ത പച്ച തിയറ്ററുകളില്‍ എത്തിക്കുന്നു.

ചിത്രത്തിന്റെ തമിഴ് നാട്, കര്‍ണാടക റിലീസ് കൈകാര്യം ചെയ്യുന്നത് പി.വി.ആര്‍ INOX പിക്‌ചേഴ്‌സ് ആണ്. ആന്ധ്രതെലങ്കാന മേഖലയില്‍ മൈത്രി മൂവി മേക്കേഴ്‌സ്, നോര്‍ത്ത് ഇന്ത്യയില്‍ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് എന്നിവരാണ് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഏകദേശം 100 രാജ്യങ്ങളിലേക്ക് ചിത്രം എത്തിക്കുന്നത് ദി പ്ലോട്ട് പിക്‌ചേഴ്‌സാണ്. ചിത്രത്തിന്റെ സംഗീതവകാശം നേടിയിരിക്കുന്നത് ടി സീരീസ് ആണ്.

സാങ്കേതികമായി ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഒരു ശക്തമായ ടീമാണ്. മലയാള സിനിമയില്‍ ആദ്യമായി ശങ്കര്‍എഹ്സാന്‍ലോയ് സംഗീതം ഒരുക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗാനരചന വിനായക് ശശികുമാര്‍, പശ്ചത്താല സംഗീതം മുജീബ് മജീദ്. ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രന്‍. ആക്ഷന്‍ കൊറിയോഗ്രഫി കലൈ കിങ്‌സണ്‍. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. തിരക്കഥ സനൂപ് തൈക്കൂടം. കൂടാതെ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നിവരുള്‍പ്പെടുന്ന ഒരു വമ്പന്‍ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. 2026-ലെ ആദ്യ പ്രധാന റിലീസുകളിലൊന്നായി, 'ചത്താ പച്ച ' ജനുവരി 22ന് ഒരുപറ്റം റൗഡീസുമായി റിങ്ങിലേക്ക് എത്തും.

SCROLL FOR NEXT