മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റിനായി കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. എന്നാൽ നേരത്തെ പ്രഖ്യാപിച്ചത് പോലെ ചിത്രം ഏപ്രിൽ 23ന് തിയേറ്ററുകളിൽ എത്തില്ലെന്നാണ് നിര്‍മാതാവ് ആന്റോ ജോസഫ് അറിയിച്ചിരിക്കുന്നത്.പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഉൾപ്പെടെ കണക്കിലെടുത്താണ് മമ്മൂട്ടി- മോഹൻലാൽ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്ന സിനിമയുടെ റിലീസ് മാറ്റിയത്.
നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രില്‍ 23 ല്‍ നിന്നും കുറച്ച് ദിവസങ്ങളിലേക്ക് മാറ്റുക എന്നത് അനിവാര്യമായിരിക്കുകയാണ് എന്നാണ് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. റിലീസിൻ്റെ പുതിയ തീയതി നാളെ വൈകിട്ട് ആറ് മണിയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുമെന്നും ആന്റോ ജോസഫ് അറിയിച്ചു.
വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ഹൈ-വോൾട്ടേജ് സ്പൈ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.