നിഖില വിമല്‍ നായികയായി എത്തുന്ന 'പെണ്ണ് കേസ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജനുവരി 16 നാണ് ചിത്രം പുറത്തിറങ്ങുന്നത്. നിഖില വിമല്‍ അവതരിപ്പിക്കുന്ന വിവാഹ തട്ടിപ്പ് കഥാപാത്രം ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.
ചിരിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന അവതരണമാണ് ട്രെയിലറിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാന്‍, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി, ഇര്‍ഷാദ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രശ്മി രാധാകൃഷ്ണന്‍, ഫെബിന്‍ സിദ്ധാര്‍ത്ഥ് കൂട്ടുകെട്ടാണ് ഒരുക്കിയിരിക്കുന്നത്.
ഇ4 എക്‌സ്‌പെരിമെന്റ്‌സ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍. മേത്ത, ഉമേഷ് കെ.ആര്‍. ബന്‍സാല്‍, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം ഷിനോസ, സംഗീതം അങ്കിത് മേനോന്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. ട്രെയിലര്‍ ലോഞ്ചിനൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സിനിമാ പ്രേമികള്‍ക്കിടയിലും 'പെണ്ണ് കേസ്' വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.