മലയാളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചുള്ള കുതിപ്പ് തുടരുന്ന ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇനി തമിഴ്‌നാട്ടിലേക്ക്. 'പ്രേമം', 'പ്രേമലു' തുടങ്ങിയ വമ്പൻ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി ടീമിന്റെ ഈ ചിത്രം.
ജനപ്രീതി കണക്കിലെടുത്ത്, ചിത്രത്തിന്റെ തമിഴ് ഡബ്ബ്ഡ് വേർഷൻ സെപ്റ്റംബർ നാലിന് തമിഴ്‌നാട്ടിൽ വൻ റിലീസായി എത്തും. ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ. അതേസമയം, തെലുങ്ക് സിനിമാ വിപണിയിലെ വമ്പൻ ഡിസ്ട്രിബ്യൂട്ടർമാരായ മൈത്രി മൂവി മേക്കേഴ്സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും ചേർന്നാണ് സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തെത്തിക്കാൻ കൈകോർക്കുന്നത്.
ഗിരീഷ് എ.ഡിയുടെ സംവിധാന മികവും ഭാവന സ്റ്റുഡിയോസിന്റെ നിർമാണ മികവും ഒത്തൊരുമിച്ചപ്പോൾ തെന്നിന്ത്യയൊട്ടാകെ മറ്റൊരു വമ്പൻ ഹിറ്റിലേക്കാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വഴിതുറക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ സർവകാല കളക്ഷൻ വേട്ടയുമായി വിജയക്കുതിപ്പ് തുടരുകയാണ് ചിത്രം. സിനിമയുടെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 61.37 കോടി രൂപയാണ്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിച്ച ചിത്രമാണ് 'ബെത്‍ലഹേം കുടുംബ യൂണിറ്റ്'. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.