ഒരു സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ മുഖത്ത് ചിരി ഇങ്ങനെ സ്വാഭാവികമായി വിരിഞ്ഞുവരുന്നത് എന്ത് രസമാണ്. അഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'സർവം മായ'യ്ക്ക് അങ്ങനെയൊരു മാജിക് ഉണ്ട്. കോമഡിക്കും ഫാന്റസിക്കും തുല്യ പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ഈ ചിരിപ്പിക്കുന്ന പ്രേതപ്പടം, സോറി, 'ഡെലുലു' പടം കാണികളുടെ മനസ് കുളിർപ്പിക്കും. തിയേറ്ററുകളിൽ ചിന്നംവിളിക്കുന്ന വയലൻസ് നിറഞ്ഞ കഥാപരിസരങ്ങളിൽ നിന്ന് പാലക്കാടൻ കാറ്റേറ്റ് ഒരു യൂ ടേൺ. അതാണ് ഈ സിനിമയുടെ പ്രത്യേകത.
നിവിൻ പോളിയാണ് ഈ സിനിമയുടെ കേന്ദ്രം. പ്രഭേന്ദു എൻ നമ്പൂതിരി എന്ന ഗിറ്റാറിസ്റ്റ് കം താൽക്കാലിക പൂജാരി ആയിട്ടാണ് നിവിൻ സിനിമയിൽ എത്തുന്നത്. പ്രഭേന്ദുവിന്റേത് ഒരു പൂജാരി കുടുംബമാണ്. അച്ഛൻ നീലകണ്ഠൻ നമ്പൂതിരിയും ജ്യേഷ്ഠനും പ്രശസ്തരായ പൂജാരിമാർ. പക്ഷേ, പ്രഭേന്ദു പൂണൂലും പൊട്ടിച്ച് പാന്റും മുറുക്കിയുടുത്ത് ഗിറ്റാറിസ്റ്റായി പേരെടുക്കാനുള്ള പാച്ചിലിലാണ്. ഒരു ഘട്ടത്തിൽ പ്രഭേന്ദുവിന് നാട്ടിലേക്കും വീട്ടിലേക്കും തിരികെയെത്തേണ്ടി വരുന്നു. പൂണൂലും പൂജയും വീണ്ടും ഏറ്റെടുക്കേണ്ടി വരുന്നു. ഇതിനിടയിൽ അയാളുടെ ജീവിതത്തിലേക്ക് ഒരു അസാധാരണ സാന്നിധ്യം കടന്നുവരുന്നു. ഈ സാന്നിധ്യമാണ് കഥ ഒരു പരിധിവരെ രസകരമായി മുന്നോട്ട് കൊണ്ടുപോകുന്നത്. പക്ഷേ, ക്ലൈമാക്സിനോട് അടുക്കും തോറും കെട്ടുറപ്പില്ലാത്ത തിരക്കഥ ഈ 'രസം' കെടുത്തിക്കളയുന്നു. സ്ഥിരം ഫീൽ ഗുഡ് പടങ്ങളുടെ ചട്ടക്കൂടിനുള്ളിൽ സിനിമ ഒതുങ്ങുന്നു.
തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഴോണറിൽ നിവിൻ ആടിത്തിമിർക്കുന്നത് 'സർവം മായ'യുടെ ആദ്യ പകുതിയിൽ കാണാം. ഫൺ ആണോ? നിവിൻ, പൊളിയാണ്. ഒപ്പം അജു വർഗീസും ശക്തമായ പിന്തുണ നൽകുന്നു. എന്നാൽ കഥയ്ക്കുള്ളിൽ ഒതുക്കമുള്ള അഭിനേതാക്കളേപ്പോലെ നിൽക്കാനും ഇവർ മറക്കുന്നില്ല. നിവിനും അജുവും ഒന്നിക്കുന്ന പത്താം ചിത്രമാണിത്. 'മലർവാടി ആർട്സ് ക്ലബി'ൽ തുടങ്ങിയ യാത്ര 'സർവം മായ'യിൽ എത്തി നിൽക്കുമ്പോൾ അഭിനേതാക്കൾ എന്ന നിലയിൽ ഇരുവർക്കും കൈവന്ന പാകത സ്ക്രീനിൽ പ്രകടമാണ്. എന്നാൽ, ഒരു പാട്ടിനും ചില നുറുങ്ങ് തമാശകൾക്കും അപ്പുറത്തേക്ക് ഈ കോംബോ സംവിധായകന് പ്രയോജനപ്പെടുത്താമായിരുന്നു. നിവിൻ-അജു കോംബോയിൽ ചിരിച്ചു മറിയാൻ വിചാരിച്ചു പോകുന്ന പ്രേക്ഷകർക്ക് സിനിമ മറ്റൊരു സർപ്രൈസ് കൂടി കരുതിവച്ചിട്ടുണ്ട്. സിനിമയിലേക്ക് ഡെലുലു വൈബ് കൊണ്ടുവരുന്നത് ഈ സാന്നിധ്യമാണ്.
റിയ ഷിബു, പ്രീതി മുകുന്ദൻ, രഘുനാഥ് പലേരി, ജനാർദ്ദനൻ, മധു വാര്യർ, അൽതാഫ് സലിം എന്നിവരും സിനിമയിലെ തങ്ങളുടെ ഭാഗം ഭംഗിയാക്കി. ഹ്രസ്വമെങ്കിലും, രണ്ടാം പകുതിയിലെ ഒരു വൈകാരിക രംഗത്തിൽ രഘുനാഥ് പലേരിയുടെ നീലകണ്ഠൻ നമ്പൂതിരിയും നിവിൻ പോളിയുടെ പ്രഭേന്ദുവും കൈമാറുന്ന ഒരു നോട്ടമുണ്ട്. പ്രഭേന്ദു എന്ന കഥാപാത്ര നിർമിതിയിലെ അപൂർണതകൾ മറക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ നോട്ടം.
'സർവം മായ'യിൽ 'പാച്ചുവും അത്ഭുതവിളക്കും' എന്ന ആദ്യ ചിത്രം ആവർത്തിക്കുകയാണ് അഖിൽ സത്യൻ. പാലക്കാട് ആണ് പ്രധാനമായും കഥാപശ്ചാത്തലം എന്നത് ഒഴിച്ചാൽ രണ്ട് സിനിമകളുടെയും സ്വഭാവം ഒരുപോലെയാണ്. സാങ്കേതിക പ്രവർത്തകരും ഏറെക്കുറെ ഒന്നുതന്നെ. സംവിധാനം കൂടാതെ രതിൻ ബാലകൃഷ്ണനൊപ്പം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അഖിൽ ആണ്. ഫീൽ ഗുഡ് വൈബ് സിനിമയിൽ ഉടനീളം കാത്തുസൂക്ഷിക്കുന്നത് ശരൺ വേലായുധന്റെ ഫ്രെയിമുകളാണ്. വൈഡ് ഷോട്ടുകളിൽ പാലക്കാടൻ ഗ്രാമീണ ഭംഗി തിയേറ്ററുകളിൽ മികച്ച ദൃശ്യാനുഭവമാണ്. മിനിമലിസ്റ്റിക് ആയ അഖിലിന്റെ പരിചരണത്തോട് നീതി പുലർത്തുന്നതായിരുന്നു ജസ്റ്റിൻ പ്രഭാകരന്റെ പശ്ചാത്തല സംഗീതം. എന്നാൽ പാട്ടുകളിലേക്ക് വരുമ്പോൾ കാതിൽ നിന്ന് നാവിലേക്ക് കയറിക്കൂടുന്ന തരം പാട്ടുകളൊന്നും സിനിമയിൽ ഇല്ലെന്നും എടുത്തുപറയണം.
ഈ സിനിമ വളരെ ലളിതമാണ്. ഒരു ചെറിയ ത്രെഡിലാണ് 'സർവം മായ' മുന്നോട്ടുപോകുന്നത്. മുൻപ് ചില പഴയ മലയാളം പടങ്ങളിൽ നമ്മൾ കണ്ട രസകരമായ സന്ദർഭങ്ങൾ ഈ സിനിമയിൽ കടന്നുവരുന്നുണ്ട്. എന്നാൽ, ആവർത്തന വിരസത നമുക്ക് അനുഭവപ്പെടുന്നില്ല. അതിന് കാരണം, അത്തരം രംഗങ്ങൾ കൈകാര്യം ചെയ്ത അഭിനേതാക്കളുടെ മികവാണ്. ബിഗ് ബജറ്റ് കോമഡികൾ തിയേറ്ററുകളിൽ ദീർഘനിശ്വാസങ്ങളായി ചരമം അടയുമ്പോൾ 'സർവം മായ'യ്ക്ക് പലപ്പോഴായി കാണികളെ ചിരിപ്പിക്കാൻ സാധിക്കുന്നു. എന്നാൽ, സിനിമയിലെ ഏതെങ്കിലും തമാശ നമ്മൾ തിയേറ്ററിന് വെളിയിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യം, അത് സംശയമാണ്.