MOVIES

മലയാള സിനിമയുടെ 'ഒടിയൻ' പേടിയൊഴിഞ്ഞോ? സത്യവും മായയും തമ്മിലുള്ള പോരിന്റെ കഥയുമായി രാഹുലും പൃഥ്വിരാജും

'ഭ്രമയുഗ'വും 'ഡീയസ് ഈറെ'യും ഒരുക്കിയ രാഹുൽ ഒടി വിദ്യയുടെ മനഃശാസ്ത്രത്തിലൂടെയാകുമോ സഞ്ചരിക്കുക? അതോ...

Author : ശ്രീജിത്ത് എസ്

'ഒടിയൻ' - എല്ലാക്കാലത്തും സിനിമാക്കാരെ പ്രചോദിപ്പിക്കുന്ന മിത്ത്. പക്ഷേ, തൊട്ടാൽ പൊള്ളുമോ എന്ന പേടി പലരേയും ആ ആശയത്തിൽ നിന്നും അകറ്റി നിർത്തി. ഇങ്ങനെ പേടിക്കുന്നവരെ കുറ്റം പറയാൻ സാധിക്കില്ല. 2018ൽ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത 'ഒടിയൻ' അത്ര വലിയ വിമർശനമാണ് നേരിട്ടത്. സിനിമയും മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച വിധവും ട്രോളുകൾക്ക് കാരണമായി. 'ഒടിയൻ' എന്ന് കേൾക്കുമ്പോൾ തന്നെ പലരുടേയും മനസിൽ ആ ട്രോളുകളാകും വരിക.

എന്നാൽ, 2025ൽ സംഗതി മാറി. കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക’യിൽ മറ്റൊരു ഒടിയൻ പ്രത്യക്ഷപ്പെട്ടു. ദുൽഖർ സൽമാന്റെ ഹുഡി ധരിച്ച സ്റ്റൈലിഷ് 'ഒടിയൻ'. 'ചാർളി' എന്ന പേരിൽ സിനിമയുടെ ക്ലൈമാക്സിൽ വന്നുപോകുന്ന ഈ കഥാപാത്രം രണ്ടാം ഭാഗത്തിൽ മുഴുനീള വേഷത്തിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ, ഈ പട്ടികയിലേക്ക് പുതിയ ഒരു ഒടിയൻ കൂടി എത്തിയിരിക്കുന്നു. ഹൊറർ സിനിമകൾ കൊണ്ട് മലയാളികളെ ഞെട്ടിക്കുന്ന രാഹുൽ സദാശിവന്റെ 'ഒടിയൻ'. നായകൻ പൃഥ്വിരാജ്. പ്രധാനവേഷത്തിൽ മഞ്ജു വാര്യർ.

സെപ്റ്റംബർ 14ന് ഷൂട്ടിങ് ആരംഭിച്ച ചിത്രം ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ചിത്രീകരണത്തിനു ശേഷം പാക്കപ്പ് ആയിരിക്കുകയാണ്. പാൻ ഇന്ത്യൻ ലെവലിലാണ് പുതിയ ഒടിയൻ വരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ഈ ഹൊറർ ത്രില്ലർ നിർമിച്ചിരിക്കുന്നത് കരൺ ജോഹറിന്റെ ധർമ പ്രൊ‍ഡക്‌ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യം നൽകുന്ന പ്രോജക്ട്.

'സത്യവും മായയും തമ്മിലുള്ള യുദ്ധം' എന്ന ടാഗ്‌ലൈനിൽ എത്തുന്ന പുതിയ ഒടിയന് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് ടി.ഡി. രാമകൃഷ്ണനാണ്. തിരക്കഥ രാഹുൽ സദാശിവനും. ഹൊറർ എന്ന ഴോണറിനെ കയ്യൊതുക്കതോടെ പരിചരിക്കുന്ന രാഹുൽ, ഒടിയനുമായി എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷ ഏറെയാണ്. ചോദ്യങ്ങളും... 'ഭ്രമയുഗ'വും 'ഡീയസ് ഈറെ'യും ഒരുക്കിയ രാഹുൽ ഒടി വിദ്യയുടെ മനഃശാസ്ത്രത്തിലൂടെയാകുമോ, അത് സൃഷ്ടിക്കുന്ന ഭയത്തിലൂടെയാകുമോ സഞ്ചരിക്കുക?

SCROLL FOR NEXT