വാടിവാസൽ തുറന്നിട്ടേയുള്ളൂ...; സൂര്യയുടെ 'ഹാട്രിക്' കം ബാക്ക്

30 വർഷം താൻ പഠിച്ച പാഠങ്ങളൊക്കെ അയാൾ ഒരരുകിലേക്ക് മാറ്റിവച്ചു - 'അൺലേൺ' ചെയ്തു
വാടിവാസൽ തുറന്നിട്ടേയുള്ളൂ...; സൂര്യയുടെ 'ഹാട്രിക്' കം ബാക്ക്
Source: News Malayalam 24x7
Published on: 
Updated on: 

സൂര്യ ഒരു നല്ല നടനാണ്. അക്കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല. 'നന്ദ'യും 'വാരണം ആയിര'വും 'സിങ്ക'വും ചെയ്യാൻ സാധിക്കുന്ന റേഞ്ചുള്ള നടൻ. എന്നാൽ 'കൺസിസ്റ്റൻസി' എന്ന വാക്ക് അദ്ദേഹത്തിന്റെ കരിയറുമായി ചേർത്ത് ആരും പറയാനിടയില്ല. അടുത്തിടെവരെ തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ പോയിട്ട് ഹിറ്റ് പോലും അടിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സൂര്യ. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'സൂരരൈ പോട്ര്', 'ജയ് ഭീം' എന്നീ ചിത്രങ്ങൾ റിലീസ് ചെയ്തത് ഒടിടിയിൽ. വലിയ ബജറ്റിൽ എത്തിയ 'കങ്കുവ' ട്രോളായി മാറി. ഏറെ പ്രതീക്ഷ വച്ചിരുന്ന കാർത്തിക് സുബ്ബരാജ് ചിത്രം 'റെട്രോ' സംവിധായകന്റെ കരിയറിലെ തന്നെ മോശം പടം എന്ന പേരെടുത്തു. കഴിവുണ്ട്, പക്ഷേ രാശിയില്ലെന്ന് സൂര്യയെപ്പറ്റി ബോക്സ് ഓഫീസ് ജ്യോതിഷികൾ കവടിനിരത്തി.

തോറ്റുകൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല. 30 വർഷം താൻ പഠിച്ച പാഠങ്ങളൊക്കെ അയാൾ ഒരരുകിലേക്ക് മാറ്റിവച്ചു. അൺലേൺ ചെയ്തു. ബോക്സ് ഓഫീസിൽ 'ദ വൺ' ആയി മാറി. ഒറ്റ വർഷം മൂന്ന് ബ്ലോക്ക്ബസ്റ്ററുകൾ. അതും മൂന്ന് ഴോണറുകളിൽ. സൂര്യയുടെ കരിയറിലെ കം ബാക്ക് ഇയർ ആയി മാറുകയാണ് 2026.

2010ൽ റിലീസ് ചെയ്ത 'ഏഴാം അറിവ്' എന്ന എ.ആർ. മുരുഗദോസ് ചിത്രത്തിന് ശേഷം അത്ര വലിയ തരംഗം സൃഷ്ടിക്കാൻ സൂര്യക്ക് സാധിച്ചിട്ടില്ലെന്ന് തന്നെ പറയണം. 'സിങ്കം' ഫ്രാഞ്ചൈസിയിലെ രണ്ടും മൂന്നും പടങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോൾ പ്രതീക്ഷയോടെയെത്തിയ പല പടങ്ങളും ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. സൂര്യ സംവിധായകരെ മാറ്റി മാറ്റി പരീക്ഷിച്ചു. അല്ല സംവിധായകർ സൂര്യയെ വച്ച് പരീക്ഷിച്ചു. കെ.വി. ആനന്ദിന്റെ 'മാട്രാനി'ൽ സൂര്യ കൺജോയിൻഡ് ട്വിൻസായി എത്തി. ലിങ്കുസാമിയുടെ 'അഞ്ചാനി'ൽ ഡോണായി. സെൽവരാഘവന്റെ 'എൻജികെ'യിൽ എന്തൊക്കെയോ ആയി. അതേ വർഷം ഇറങ്ങിയ 'കാപ്പാനും' പരാജയം. എന്നാൽ കോവിഡ് 19 മഹാമാരിക്കാലത്ത് ഒടിടിയിൽ റിലീസ് ചെയ്ത സുധ കൊങ്കരയുടെ 'സൂരരൈ പോട്ര്' എന്ന ചിത്രത്തിലൂടെ നല്ല നടനെന്ന പേര് സൂര്യ തിരിച്ചുപിടിച്ചു. 'ജയ് ഭീമി'ലൂടെ ആരാധകരെ ആവേശത്തിലാക്കി. പക്ഷേ അതും ഒടിടി റിലീസ് ആയിരുന്നു. നടന്റെ അൻപാന ഫാൻസിന് വേണ്ടിയിരുന്നത് തിയേറ്ററുകളിൽ ആഘോഷിക്കാൻ ഒരു ചിത്രമായിരുന്നു. പിന്നീട് അതിനുള്ള ശ്രമമായി. മാസ് മസാല രക്ഷകൻ ഇമേജിൽ സൂര്യ അഭയം തേടി. 'സൂരരൈ പോട്രി'ലെ നെടുമാരനിൽ നിന്നും 'ജയ് ഭീമി'ലെ ചന്ദ്രുവിൽ നിന്നും യൂ ടേണടിച്ച് പാണ്ടിരാജ് ചിത്രം ‘എതർക്കും തുനിന്തവനിൽ' സൂര്യ കണ്ണബിരാനായി എത്തി. 2019ലെ പൊള്ളാച്ചി ലൈംഗികാതിക്രമ കേസായിരുന്നു ചിത്രത്തിന് ആധാരം. നല്ലൊരു സോഷ്യൽ മെസേജ് നൽകാനായിരുന്നു ശ്രമം. പക്ഷേ, മൂന്ന് വർഷത്തിന് ശേഷം സൂര്യയെ തിയേറ്ററുകളിൽ കാണാൻ എത്തിയ പ്രേക്ഷകർ ഏറെ മാറിയിരുന്നു. ഒന്നുങ്കിൽ മാസ് അല്ലെങ്കിൽ മെസേജ് എന്നവർ കരുതിക്കാണണം. ഒരു ആവറേജ് ഹിറ്റ് മാത്രമായിരുന്നു എതർക്കും തുനിന്തവൻ. കരിയറിന്റെ ആ പോയിന്റിൽ ആവറേജ് ആയിരുന്നില്ല സൂര്യക്ക് ആവശ്യം.

വാടിവാസൽ തുറന്നിട്ടേയുള്ളൂ...; സൂര്യയുടെ 'ഹാട്രിക്' കം ബാക്ക്
ഫണ്ണി, 'ഡെയർ ഡെവിൾ' സൂര്യ; സീൻ മാറ്റി നസ്‌ലനും നസ്രിയയും! SCENE MOVIE REVIEW

അപ്പോഴാണ്, ലോകേഷ് കനകരാജിന്റെ ഫാൻ ബോയി പടം, അടിമുടി കമൽ ഹാസൻ നിറഞ്ഞുനിന്ന 'വിക്രം' വരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് പോർഷനിൽ ഏതാനും നിമിഷങ്ങൾ മാത്രം വന്നുപോയ സൂര്യയുടെ റോളക്സ് സീൻ തൂക്കി. റോളക്സിന്റെ സ്റ്റാൻഡ് എലോൺ ചിത്രം ആവശ്യപ്പെട്ട് സിനിമാപ്രേമികൾ ലോകേഷിന് പിന്നാലെ കൂടി. പതിവ് പോലെ എഴുത്തിലാണ്, 'എൽസിയു'വിന്റെ ഭാഗമായി റോളക്സ് പടം വരുമെന്ന് ലോകേഷ് പറഞ്ഞെങ്കിലും പിന്നെ അതേപ്പറ്റി വിവരം ഒന്നും ഉണ്ടായില്ല. അതിനിടെ 'ഇരുമ്പുക്കൈ മായാവി' എന്നൊരു ഫാന്റസി ആക്ഷൻ ചിത്രം സൂര്യയെ വച്ച് ലോകേഷ് ചെയ്യുന്നുവെന്നും വാർത്തകൾ വന്നുപോയി.

സൂര്യ കളം മാറ്റി എന്ന് കരുതിയ ആരാധകർക്ക് മുന്നിലേക്ക് അടുത്തതായി എത്തിയത് 'കങ്കുവ'യാണ്. 300 കോടി ബജറ്റ് അവകാശപ്പെടുന്ന ബ്രഹ്മാണ്ഡ പ്രോജക്ട്. വലിയ പ്രൊമോഷനുകൾ. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ വരെ 'കങ്കുവ' ഇൻഡസ്ട്രി ഹിറ്റായിരുന്നു. പക്ഷേ, ആദ്യ ഷോ കഴിഞ്ഞതോടെ സംവിധായകൻ ശിവ പണിതത് ചീട്ടുകൊട്ടാരമാണെന്ന് കാണികൾ അഭിപ്രായപ്പെട്ടു. സൂര്യയുടെ അഭിനയവും ചിത്രത്തിന്റേ മേക്കിങ്ങും പ്രീ റിലീസ് പ്രൊമോഷനിലെ കമന്റുകളും ട്രോളായി മാറി. ബജറ്റിന്റെ മൂന്നിലൊന്ന് തുക മാത്രമേ ചിത്രത്തിന് കളക്ട് ചെയ്യാൻ സാധിച്ചുള്ളൂ. നിർമാതാക്കൾക്കും വിതരണക്കാർക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ചിത്രം സൂര്യയുടെ കരിയറിലെ തേച്ചാലും മായ്ച്ചാലും പോകാത്ത കറയായി. പിന്നാലെ എത്തിയ കാർത്തിക് സുബ്ബരാജ് പടം റെട്രോയിൽ ദ വൺ ടൈറ്റിൽ കാർഡിനപ്പുറം ഒന്നും ആരാധർക്ക് ലഭിച്ചുമില്ല. ബാക്കിയായത് കളിയാക്കലുകലുകൾ മാത്രം!

സൂര്യക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ? രജനിയേയും കമലിനേയും വച്ച് ഫാൻ ബോയിസ് വലിയ പടങ്ങൾ ചെയ്ത് ഹിറ്റടിക്കുന്നു. മറുവശത്ത് വിജയ് ബോക്സ് ഓഫീസിന്റെ ദളപതിയായി മാറുന്നു. പുതുമുഖങ്ങളുടെ ചിത്രങ്ങൾക്ക് വരെ വമ്പൻ സ്വീകരണം. സൂര്യ തീർന്നു എന്ന് എല്ലാവരും വിധിയെഴുതി. സൂര്യ എന്ന നടന്റെ കരിയറിന്റെ ക്ലൈമാക്സിനാണ് തങ്ങൾ സാക്ഷികളാകുന്നതെന്ന് എല്ലാവരും കരുതി. അയാളെ എല്ലാവരും എഴുതിത്തള്ളി. പക്ഷേ, 2026ൽ എല്ലാം മാറിമറിഞ്ഞു.

മൂന്ന് തകർപ്പൻ പ്രോജക്ടുകളാണ് 2026ൽ സൂര്യ പ്രഖ്യാപിച്ചത്. എന്നിട്ടും ആരാധകർക്ക് വലിയ ആവേശമുണ്ടായിരുന്നില്ല. 100 ശതമാനം വിജയം ഉറപ്പിക്കാൻ അവർക്ക് പ്രയാസമായിരുന്നു. ആദ്യ ചിത്രം ആർ.ജെ. ബാലാജിയുടെ 'കറുപ്പ്'. ആദ്യം ദീപാവലി റിലീസായും പിന്നീട് 2026 പൊങ്കൽ റിലീസായും നിശ്ചയിച്ചിരുന്ന ചിത്രം, തിയേറ്ററുകളിലേക്ക് എത്താൻ പിന്നെയും വൈകി.

വാടിവാസൽ തുറന്നിട്ടേയുള്ളൂ...; സൂര്യയുടെ 'ഹാട്രിക്' കം ബാക്ക്
'സണ്ടിയർ' എങ്ങനെ 'വിരുമാണ്ടി'യായി? തമിഴക രാഷ്ട്രീയം ഇളക്കിമറിച്ച സിനിമാപ്പേര് | THE STORY BEHIND

2026 മേയ് 14. 'കറുപ്പ്' റിലീസ് ഡേ. എല്ലാവരും ആവേശത്തിലാണ്. സംവിധായകൻ ഡബിൾ ആവേശത്തിലും. എന്നാൽ, അപ്രതീക്ഷിതമായി ചിത്രത്തിന്റെ ആദ്യ ഷോകൾ അവസാന നിമിഷം റദ്ദാക്കി. നിർമാതാവുമായുള്ള സാമ്പത്തിക തർക്കങ്ങളായിരുന്നു കാരണം. അവസാന നിമിഷമുണ്ടായ ഈ അഞ്ച് കോടി രൂപയുടെ ബാധ്യത പരിഹരിക്കാൻ സൂര്യ തന്നെ മുന്നിട്ടിറങ്ങി. കടം തീർത്ത് പടം തിയേറ്ററുകളിലേക്ക് എത്തി.

സൂര്യയെടുത്ത കാൽക്കുലേറ്റഡ് റിസ്ക് ആയിരുന്നു 'കറുപ്പ്'. 'എതർക്കും തുനിന്തവനി'ൽ പാണ്ടിരാജ് തെറ്റിച്ച കണക്കുകൾ ആർ.ജെ. ബാലാജി ടാലിയാക്കി. ചിത്രം ബ്ലോക് ബസ്റ്റർ ഹിറ്റ്! മാസ് മസാല ഫ്ലേവറുകൾ ആവശ്യത്തിൽ കൂടുതൽ അടങ്ങിയ 'കറുപ്പ്' സൂര്യയുടെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി. 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ആദ്യ സൂര്യ ചിത്രം. കാവൽ ദൈവമായ കറുപ്പുസാമിയായി സൂര്യക്ക് ബിഗ് സ്ക്രീനിൽ പുനർജന്മം.

'കറുപ്പി'ന്റെ ആലസ്യത്തിൽ നിൽക്കാതെ സൂര്യ 2026ൽ തന്റെ അടുത്ത ചിത്രമിറക്കി. 'ലക്കി ഭാസ്കറി'ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ചിത്രം. 'കറുപ്പ്' മാസ് ആക്ഷനായിരുന്നെങ്കിൽ 'വിശ്വനാഥ് ആൻഡ് സൺസ്' ഫാമിലി-റോമാന്റിക് ഡ്രാമയായിരുന്നു. കൂടെ കുറച്ച് ആക്ഷനും. ആദ്യം ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റായി. പിറകെ സിനിമയും. മലയാളി താരം മമിത ബൈജു നായികയായ ചിത്രം ആഗോളതലത്തിൽ 200 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. സൂര്യ ആരാധകർക്ക് ഉറപ്പിച്ചു അയാൾ തന്റെ സിംഹാസനം തിരിച്ചെടുക്കാൻ ഉറപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്.

അടുത്തത് ജിത്തു മാധവൻ ചിത്രം. വലിയ വലിയ റിസ്ക്. 'ആവേശ'വും 'രോമാഞ്ച'വും എടുത്ത സംവിധായകനാണ്. പക്ഷേ, ആദ്യ തമിഴ് ചിത്രമാണ്. സിനിമയിലെ വില്ലനും നായികയും സംഗീത സംവിധായകനും എഡിറ്ററും മലയാളികൾ. തമിഴ് പ്രേക്ഷകരുമായി കണക്ട് ആവാൻ പറ്റിയില്ലെങ്കിലോ? അതായിരുന്നു പ്രധാന ആശങ്ക. അനിരുദ്ധ് - സായ് അഭ്യങ്കർ പാട്ടുകൾ ചാർട്ട് ബസ്റ്ററുകളായി തുടരുന്നതിനിടെ സീനിലെ സുഷിൻ ശ്യാമിന്റെ പാട്ടുകൾക്ക് വലിയ ഓളം ഉണ്ടാക്കാൻ സാധിച്ചില്ല. ടീസറിനും ട്രെയ്‌ലറിനും സമ്മിശ്ര പ്രതികരണം. എന്ത് തരം പടമാണെന്ന് ആർക്കും മനസിലായില്ല. പല തരം ഫാൻ തിയറികൾ പ്രചരിച്ചു. ഹാട്രിക് കൊതിച്ച സൂര്യക്ക് കൈപൊള്ളാൻ പോകുകയാണോ എന്ന് പലരും സംശയിച്ചു. പക്ഷേ, സൂര്യ സീൻ മാറ്റി. കയ്യടികളോടെയാണ് ജിത്തുവിന്റെ ഡാർച്ച് കോമഡി എന്റർടെയ്‌നറെ പ്രേക്ഷകർ ഏറ്റെടുത്തത്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രം ഒരുപോലെ ഹിറ്റ്.

ഒറ്റ കുതിപ്പിൽ കരിയറിന്റെ ഉച്ചിയിലെത്തിയ ആരുമില്ല. വീണും വീണിടത്ത് നിന്നും എഴുന്നേറ്റുമാണ് എല്ലാവരും ആ കൊടുമുടി കയറിയിട്ടുള്ളത്. സൂര്യയും വീണിടത്ത് നിന്ന് എഴുന്നേൽക്കുകയാണ്. താണ്ടാൻ ഇനിയും ദൂരമുണ്ട്. ആ പ്രയാണം പ്രയാസകമാകും. വീണ്ടും കാൽവഴുതിയേക്കാം. പടുകുഴിയിൽ പതിച്ചേക്കാം. പക്ഷേ, അയാൾ എഴുന്നേൽക്കും. വാടിവാസൽ തുറന്നിട്ടേയുള്ളൂ. ഇനിയാണ് ജല്ലിക്കെട്ട്!