'പാതിരാത്രി' റിവ്യൂ 
MOVIES

ഇത് 'ഒറ്റ രാത്രിയുടെ' ത്രില്ല‍ർ അല്ല; 'പാതിരാത്രി' റിവ്യൂ | Pathirathri Review

ക്ലീഷേകൾ നിരവധി കടന്നുവരുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ വ്യത്യസ്തമായി പറയാനും സിനിമ ശ്രമിക്കുന്നുണ്ട്

Author : ശ്രീജിത്ത് എസ്

"എല്ലാ സന്തുഷ്ട കുടുംബങ്ങളും ഒരുപോലെയാണ്; ഓരോ അസന്തുഷ്ട കുടുംബവും അതിന്റേതായ രീതിയിൽ അസന്തുഷ്ടരാണ്"

ലിയോ ടോള്‍സ്റ്റോയി 'അന്ന കരേനിന' ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഈ വരികളില്‍ പറയുന്ന പോലെ 'കുടുംബം' എന്ന ഉടമ്പടിയിൽ തങ്ങളുടേതായ കാരണങ്ങളാൽ അസന്തുഷ്ടരായ ചിലരുടെ കഥയാണ് റത്തീന 'പാതിരാത്രി' എന്ന സിനിമയില്‍ ത്രില്ലറിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചിരിക്കുന്നത്. പൊലീസിങ്ങിനെയും വിവാഹബന്ധ(ന)ങ്ങളെയും റിയലിസ്റ്റിക്കായി സമീപിക്കാനാണ് ശ്രമം. അതില്‍ ഏറെക്കുറെ സംവിധായിക വിജയിച്ചിട്ടുണ്ടെന്ന് പറയാം.

ഈ സിനിമ റത്തീന തുടങ്ങിവയ്ക്കുന്നത് കണ്ടു പരിചയിച്ച ത്രില്ല‍റുകൾ പോലെ തന്നെയാണ്. അവിടെ നിന്നും കഥ ഇടുക്കിയിലെ അണക്കര പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നു. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിലേക്ക് കടക്കുന്നു എന്ന പ്രതീതിയാണ് അപ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത്. ആ സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ ജാന്‍സി കുര്യനിലേക്കും കോണ്‍സ്റ്റബിള്‍ ഹരീഷിലേക്കും കഥ എത്തുന്നിടം വരെ മാത്രമാണ് ഈ പ്രതീതി നിലനിൽക്കുക. ‌സിനിമയിൽ ഉടനീളം ക്രൈമും പൊലീസുകാരും ഉണ്ടെങ്കിൽ കൂടി പതിയെ ആഖ്യാനം ഡ്രാമയുടെ സർവ വേഷഭൂഷാദികളും എടുത്തണിയുന്നു.

ഒരേ 'പ്രശ്നത്തെ' രണ്ട് വിധം കാണുന്നവരാണ് ജാന്‍സിയും ഹരീഷും. അത് ജീവിതത്തിലും ജോലിയിലും അങ്ങനെ തന്നെ. കുടുംബ ബന്ധത്തിനുള്ളിൽ പലതരം ഉരസലുകൾ നേരിടുന്നവർ. വേർപെടാൻ മടിച്ച് അവർ തങ്ങളുടെ അസംതൃപ്ത ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. തനിക്കും ഭ‍ർത്താവിനുമിടയിൽ വീണ്ടും പ്രണയം കടന്നുവരുമെന്ന തോന്നലാണ് നിത്യതയിലേക്കുള്ള ഉടമ്പടിയിൽ ജാൻസിയെ പിടിച്ചുനിർത്തുന്നതെങ്കിൽ ഹരീഷിനെ നയിക്കുന്നത് വാശിയാണ്. ഇവർ രണ്ടും റോന്തിന് ഇറങ്ങുന്ന ഒരു പാതിരാത്രിയാണ് കഥ മാറിമറിയുന്നത്. ആ രാത്രിയില്‍ നടക്കുന്ന ഒരു ക്രൈം ഇവരെ അടുപ്പിക്കുന്നു. എന്നാൽ, ഈ 'അടുപ്പ'ത്തെ മുൻവിധികളില്ലാതെയാണ് സംവിധായിക മുന്നോട്ടുകൊണ്ടുപോകുന്നത്.

സംവിധാനത്തിലെ കൈയ്യൊതുക്കം ആദ്യ ചിത്രമായ 'പുഴു'വിൽ തന്നെ റത്തീന തെളിയിച്ചതാണ്. എന്നാൽ ശക്തമായ ഒരു തിരക്കഥയെ മാത്രമെ എത്ര മികച്ച സംവിധായികയ്ക്കും മെരുക്കാൻ പറ്റു. കഥയ്ക്കും കഥാപാത്രങ്ങൾക്കും വൈകാരികമായ തുടർച്ച നഷ്ടമാകുന്നു എന്നതാണ് പാതിരാത്രിയുടെ പ്രധാന ദൗർബല്യം. ഇത് സിനിമയെ ബാധിക്കാതെ രക്ഷിക്കുന്നത് നവ്യ നായർ, സൗബിൻ ഷാഹി‍ർ‌ എന്നീ അഭിനേതാക്കളുടെ പ്രകടനമാണ്. ജാൻസി എന്ന കഥാപാത്രത്തിന് നവ്യ യൂണിഫോം മാത്രമല്ല ഒരു സ്വഭാവവും നൽകിയിട്ടുണ്ട്. ഹരീഷായി എത്തുന്ന സൗബിനാകട്ടെ പൊലീസുകാരനും പൊലീസുകാരനായ ഭർത്താവുമായി പെരുമാറുകയാണ്. എന്നാൽ, 'ഇലവീഴാ പൂഞ്ചിറ' നടൻ ആവ‍ർത്തിക്കുന്നുമില്ല. ഹരീഷിന്റെ ഭാര്യയെ ഒരു ഷോട്ടിൽ മാത്രമാണ് കാണിക്കുന്നതെങ്കിൽ കൂടി അയാളുടെ ജീവിതം എന്തെന്ന് കാണികൾക്ക് സുവ്യക്തമാണ്. ഹരീഷിന്റെ പെരുമാറ്റവും സംസാരവുമാണ് അതിനായി റത്തീന ഉപയോ​ഗിച്ചിരിക്കുന്നത്.

പല അവസരങ്ങളിലും ജേക്സ് ബിജോയ്‌‌യുടെ ബാക്ക്​ഗ്രൗണ്ട് സ്കോറിനു മുകളിൽ സീനുകൾക്ക് സ്വഭാവം നൽകുന്നത് കഥാപാത്രങ്ങളുടെ ശരീര ഭാഷയാണ്. വിശേഷിച്ചും നവ്യ നായർ. അച്യുത് കുമാർ, ആത്മീയ രാജൻ, ശബരീഷ് വർമ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, ആന്‍ അഗസ്റ്റിന്‍ എന്നിവരും തങ്ങളുടെ ഭാഗം തിരക്കഥ 'പറഞ്ഞ വിധം' ഭം​ഗിയാക്കിയിട്ടുണ്ട്. ഡീറ്റെയ്ലുകളിലേക്ക് അല്ല ഇമോഷണുകളിലേക്കാണ് ഈ സിനിമ ക്യാമറ തിരിക്കുന്നത്. സിനിമയുടെ വിഷ്വൽ സ്റ്റൈൽ ആ വിധമാണ് ഛായാ​ഗ്രഹകൻ ഷെഹ്നാദ് ജലാലുമായി ചേർന്ന് റത്തീന ഒരുക്കിയിരിക്കുന്നത്.

ക്ലീഷേകൾ നിരവധി കടന്നുവരുന്നുണ്ടെങ്കിലും സിനിമ ചില കാര്യങ്ങൾ വ്യത്യസ്തമായും പറയാൻ ശ്രമിക്കുന്നുണ്ട്. സ്ത്രീ-പുരുഷ സൗഹൃദത്തെ 'അവിഹിതം' എന്ന അശ്ലീലത്തിൽ ഒതുക്കി നിർത്താൻ സിനിമ ശ്രമിക്കുന്നില്ല. മാത്രമല്ല, കുടുംബ ബന്ധത്തെ ഊട്ടിയുറപ്പിക്കാനുള്ള വിട്ടുവീഴ്ചകളിലേക്ക് കടക്കുന്നതിൽ നിന്നും റത്തീന കഥാപാത്രങ്ങളെ തടയുന്നുമുണ്ട്. ഇവയെല്ലാം വലിയ ഒച്ചപ്പാടില്ലാതെയാണ് സിനിമയില്‍ നടക്കുന്നത്. അത് സിനിമയ്ക്ക് ഒരു പോലെ ഗുണവും ദോഷവും ചെയ്തിട്ടുണ്ട്.

'പാതിരാത്രി'യിൽ കുടുംബ ജീവിതത്തിൽ നിന്ന് അനായാസമായി ഇറങ്ങി നടക്കുന്ന പുരുഷന്മാരെ കാണാം. അങ്ങനെ സ്വയം എല്ലാം വിട്ടിറങ്ങാൻ പറ്റാത്ത, അതിന് അനുവാദം ലഭിക്കാത്ത സ്ത്രീകളെയും. ഇത്തരത്തിൽ ഇറങ്ങിപോകുന്നവരെ തടയരുതെന്നാണ് സിനിമയിൽ റത്തീന പറഞ്ഞുവയ്ക്കുന്നത്.

SCROLL FOR NEXT