MOVIES

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി' വിഷു ദിനത്തിൽ പ്രേക്ഷകരിലേക്ക്

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള തടസം കാരണമാണ് റിലീസ് നീട്ടിയതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന പീരീയഡ് ഡ്രാമ ത്രില്ലർ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് തീയതി നീട്ടി. ഏപ്രിൽ 15, വിഷു ദിനത്തിലേക്കാണ് റിലീസ് മാറ്റിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള തടസം കാരണമാണ് റിലീസ് നീട്ടിയതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഈ മാസം 10നാണ് ആദ്യം ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരുന്നത്.

1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കയാദു ലോഹര്‍ ആണ് നായിക. ജേക്‌സ് ബിജോയ് ആണ് സംഗീതം. വിശാലമായ ക്യാന്‍വാസിലും വലിയ മുതല്‍ മുടക്കിലും വലിയ ജനപങ്കാളിത്തത്തോടെയുമാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്.

വിജയരാഘവന്‍, തെലുങ്ക് നടന്‍ ശിവകുമാര്‍, സുധീര്‍ കരമന, ജോണി ആന്റണി, ടി ജി രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, വിനോദ് കെടാമംഗലം തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ദാദാസാഹിബ്, ശിക്കാര്‍, ഒരുത്തീ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈന്‍ മഞ്ജുഷ രാധാകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് കിരണ്‍ റാഫേല്‍, റെനിത് രാജ്, സ്റ്റില്‍സ് ഋഷ് ലാല്‍ ഉണ്ണികൃഷ്ണന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല, ലൈന്‍ പ്രൊഡ്യൂസര്‍ അലക്‌സ് ഇ കുര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് എബി കോടിയാട്ട്, ജെറി വിന്‍സൻ്റ്. കാഞ്ഞാര്‍, പൈനാവ്, മൂലമറ്റം തുടങ്ങി ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. പിആര്‍ഒ വാഴൂര്‍ ജോസ്.

SCROLL FOR NEXT