‘ഓപ്പറേഷൻ ത്രാൽ’ സിനിമ 
MOVIES

പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ! ജയസൂര്യയുടെ ‘ഓപ്പറേഷൻ ത്രാൽ’ ടീസർ പുറത്ത്

ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ-ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ‘ഓപ്പറേഷൻ ത്രാലി’ന്റെ ടീസർ പുറത്ത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാലിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ഓപ്പറേഷൻ ത്രാൽ’. എൻഐഎ ഓഫീസറായാണ് ജയസൂര്യ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജമ്മു കശ്മീരിലെ ത്രാലിൽ ഇന്ത്യൻ സായുധ സേനയും തീവ്രവാദികളും തമ്മിൽ നടന ശ്രദ്ധേയമായ ഏറ്റുമുട്ടലുകളും തുടർന്നുള്ള രഹസ്യാന്വേഷണങ്ങളിലേക്കും സൂചന നൽകുന്നതാണ് ടീസർ. ചിത്രത്തിന്റെ വിശാലമായ ലോകവും സംഘർഷഭരിതമായ അന്തരീക്ഷവും ടീസറിൽ കാണാം. കഥയിലെ നിർണായക വിവരങ്ങളൊന്നും വെളിപ്പെടുത്താതെയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. സംഭവത്തിന്റെ യാഥാർഥ്യം, അന്വേഷണം എങ്ങോട്ടാണ് നീളുന്നത്, അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന സത്യമെന്താണ് തുടങ്ങി നിരവധി ചോദ്യങ്ങൾ പ്രേക്ഷകരിൽ അവശേഷിപ്പിച്ചുകൊണ്ടാണ് ടീസർ അവസാനിക്കുന്നത്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ശർമ, റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, സിറാജുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’, ‘കസബ’, ‘അബ്രഹാമിന്റെ സന്തതികൾ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ ഗുഡ്‌വിൽ എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ‘ഓപ്പറേഷൻ ത്രാൽ’ നിർമിക്കുന്നത്. സുനിമോൾ ജോബി സഹനിർമാതാവാണ്.

കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മുസൂറി, ലഡാക്ക് എന്നിവിടങ്ങളിലായാണ് ‘ഓപ്പറേഷൻ ത്രാൽ’ വിപുലമായി ചിത്രീകരിച്ചിരിക്കുന്നത്. പാൻ-ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്നത്. രചനയും സംവിധാനവും നിർവഹിക്കുന്നതിനൊപ്പം ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് രതീഷ് വേഗ തന്നെയാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവഹിക്കുന്നു. എഡിറ്റിങ് ഷഫീഖ് വി.ബി കൈകാര്യം ചെയ്യുന്നു. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി, കലാസംവിധാനം സുനീഷ് സോദരൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്‌സ് സേവ്യർ എന്നിവരാണ് നിർവഹിക്കുന്നത്.

SCROLL FOR NEXT