ബോളിവുഡ് നടന്‍ പരേഷ് റാവല്‍ Source: X
MOVIES

"രസകരമായി തോന്നിയില്ല"; 'ദൃശ്യം 3'യിലെ റോള്‍ വേണ്ടെന്ന് വച്ചു, കാരണം വെളിപ്പെടുത്തി പരേഷ് റാവല്‍

ഒക്ടോബർ രണ്ടിന് 'ദൃശ്യം 3'യുടെ ഷൂട്ടിങ് തുടങ്ങാനാണ് അജയ് ദേവ്‍ഗണും സംഘവും നിശ്ചയിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ബോളിവുഡ് ചിത്രം 'ദൃശ്യം 3'ല്‍ ഒരു വേഷം ചെയ്യാനായി അണിയറ പ്രവർത്തകർ തന്നെ സമീപിച്ചിരുന്നതായി അടുത്തിടെയാണ് പരേഷ് റാവല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അതിന്റെ കാരണം നടന്‍ വ്യക്തമാക്കിയിരുന്നില്ല. തിരക്കഥ നന്നായിരുന്നെങ്കിലും ആ കഥാപാത്രം തനിക്ക് യോജിച്ചതായിരുന്നില്ല എന്നാണ് പരേഷ് റാവല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

'ബോളിവുഡ് ഹംഗാമ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരേഷ് റാവല്‍ 'ദൃശ്യം 3'യെപ്പറ്റി സംസാരിച്ചത്. "ശരിയാണ്, നിർമാതാക്കള്‍ എന്നെ സമീപിച്ചിരുന്നു. ആ സ്‌ക്രിപ്റ്റ് വളരെ നല്ലതാണ്. പക്ഷേ ആ കഥാപാത്രം എനിക്ക് യോജിച്ചതാണെന്ന് തോന്നിയില്ല. സ്ക്രിപ്റ്റില്‍ എനിക്ക് ശരിക്കും മതിപ്പ് തോന്നി. പക്ഷേ, ആകർഷകമായ ഒരു തിരക്കഥയിൽ പോലും, നിങ്ങളെ ആവേശത്തിലാക്കുന്ന ഒരു കഥാപാത്രം ഉണ്ടാകണം. അല്ലെങ്കില്‍ ഒരു രസവും ഉണ്ടാകില്ല," പരേഷ് റാവല്‍ പറഞ്ഞു.

ഒക്ടോബർ രണ്ടിന് 'ദൃശ്യം 3'യുടെ ഷൂട്ടിങ് തുടങ്ങാനാണ് അജയ് ദേവ്‍ഗണും സംഘവും നിശ്ചയിച്ചിരുന്നത്. എന്നാല്‍, മലയാളം പതിപ്പ് റിലീസ് ചെയ്യാതെ റീമേക്ക് സിനിമകളെക്കുറിച്ചുള്ള വിവരങ്ങളോ പ്രൊമോയോ പുറത്തുവിടരുത് എന്ന ഹിന്ദി നിർമാതാക്കളുമായുള്ള നിബന്ധന വച്ച് ആശിർവാദ് സിനിമാസും ജീത്തു ജോസഫും വിലക്ക് ഏർപ്പെടുത്തിയതോടെ അജയ് ദേവ്‍ഗണിന്റെ 'ദൃശ്യ'ത്തിന്റെ ചിത്രീകരണം പ്രതിസന്ധിയിലായി. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് ടീസർ ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരാധകരിലേക്ക് എത്തിയില്ല.

അതേസമയം, മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ദൃശ്യം 3യുടെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ജോർജികുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം വരവിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

SCROLL FOR NEXT