പവന്‍ കല്യാണ്‍ ചിത്രം 'ദേ കാള്‍ ഹിം ഒജി' Source: X
MOVIES

തിയേറ്ററില്‍ 'പവർ' കല്യാണ്‍ ഷോ; 'ഒജി' ആണെന്ന് തെളിയിച്ച് തെലുങ്ക് സൂപ്പർ താരം

സെപ്റ്റംബർ 25ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്

Author : ന്യൂസ് ഡെസ്ക്

പവർ സ്റ്റാർ പവന്‍ കല്യാണ്‍ നായകനായ 'ദേ കാള്‍ ഹിം ഒജി' തിയേറ്ററുകളില്‍ തരംഗമാകുന്നു. സമൂഹമാധ്യമങ്ങളില്‍ മലയാളി പ്രേക്ഷകർ ചിത്രത്തെ രൂക്ഷമായി വിമർശിക്കുമ്പോഴും 'ഒജി' വലിയ കളക്ഷന്‍ നേടി മുന്നേറുകയാണ് . 140.1 കോടി രൂപയാണ് ചിത്രം ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് നേടിയത്. സെപ്റ്റംബർ 25ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ബോക്സ്ഓഫീസില്‍ മികച്ച തുടക്കമാണ് പവന്‍ കല്യാണ്‍ ചിത്രത്തിന് ലഭിച്ചത്. അണിയറ പ്രവർത്തകരും ആരാധകരും സിനിമയ്ക്ക് നല്‍കിയ ഹൈപ്പ് ഇതിന് സഹായകമായി. 70 കോടി രൂപയാണ് ആദ്യ ദിനം ചിത്രം കളക്ട് ചെയ്തത്. ടിക്കറ്റിന് ആയിരം രൂപ ഈടാക്കിയ ബെനിഫിറ്റ് ഷോകളും ആദ്യ ദിവസത്തെ കളക്ഷന്‍ ഉയരാന്‍ കാരണമായി.

ബോക്സ്ഓഫീസ് കളക്ഷന്‍ ട്രാക്കർമാരായ സാക്നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം, രണ്ടാം ദിനം 'ഒജി'യുടെ കളക്ഷനില്‍ ഇടിവുണ്ടായെങ്കിലും വാരാന്ത്യത്തില്‍ ചിത്രം സാമ്പത്തികമായി മുന്നേറ്റമുണ്ടാക്കി. ഞായറാഴ്ച മാത്രം 18.50 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. വെള്ളിയാഴ്ച 18.45 കോടി രൂപയും ശനിയാഴ്ച 18.5 കോടി രൂപയും 'ദേ കാള്‍ ഹിം ഒജി' സ്വന്തമാക്കി. പവൻ കല്യാണിന്റെ മുൻ ചിത്രമായ 'ഹരി ഹര വീര മല്ലു'വിന്റെ ആദ്യ ദിന കളക്ഷന്‍ 34 കോടി രൂപയായിരുന്നു. ഇതും മറികടന്ന് ജൈത്രയാത്ര തുടരുകയാണ് പുതിയ പവർ സ്റ്റാർ ചിത്രം.

സുജീത് സംവിധാനം ചെയ്ത 'ദേ കാള്‍ ഹിം ഒജി' ഡിവിവി പ്രൊഡക്ഷന്‍ ആണ് നിർമിച്ചത്. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. പ്രിയങ്ക മോഹൻ, അർജുൻ ദാസ്, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. തമൻ എസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT