ഉണ്ണി മുകുന്ദന്‍, വിപിന്‍ കുമാർ Source : Facebook
MOVIES

നടന്നത് പിടിവലി, മർദിച്ചിട്ടില്ല; ഉണ്ണി മുകുന്ദൻ മുൻ മാനേജറെ മർദിച്ചെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

മർദനം നടന്നതായി തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തൽ.

Author : ന്യൂസ് ഡെസ്ക്

നടൻ ഉണ്ണി മുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചെന്ന കേസിൽ കുറ്റപത്രം നൽകി പൊലീസ്. മർദനം നടന്നതായി തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ പിടിവലിയുണ്ടാവുകയും, ഇതിൽ വിപിൻ്റെ കണ്ണട പൊട്ടിക്കുകയും ചെയ്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കുറ്റപത്രം.

കേസിൽ നടനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മാനേജറെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പൊലീസിന് മൊഴി നൽകി. പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമെന്നും ഉണ്ണി മുകുന്ദൻ്റെ മൊഴിയിൽ പറയുന്നു. കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയാണ് ഇൻഫോപാർക്ക് പൊലീസ് നടനെ ചോദ്യം ചെയ്തത്.

ടൊവിനോ തോമസിന്റെ 'നരിവേട്ട' എന്ന ചിത്രത്തെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചതെന്നായിരുന്നു വിപിന്‍ കുമാറിന്റെ പരാതി. ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്നും വധഭീഷണി മുഴക്കിയെന്നുമാണ് മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് നടനെതിരെ കേസെടുത്തത്.

എന്നാൽ, വിപിന്‍ കുമാറിനെ താന്‍ മര്‍ദിച്ചെന്ന ആരോപണം ഉണ്ണി മുകുന്ദന്‍ പൂര്‍ണമായും തള്ളിയിരുന്നു. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരില്‍ കെട്ടിച്ചമച്ച കഥ മാത്രമാണിതെന്നും നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിപിനെ മര്‍ദിച്ചുവെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും ഉണ്ണി പറഞ്ഞു. വിഷയത്തില്‍ മാധ്യമ ശ്രദ്ധ കിട്ടാനായി ടൊവിനോയുടെ പേര് വലിച്ചിഴച്ചതാണെന്നും ഒരാള്‍ പോലും വിഷയത്തിന്റെ രണ്ട് വശങ്ങളും പരിശോധിച്ചില്ലെന്നും നടന്‍ ആരോപിച്ചു. ടൊവിനോയെ കുറിച്ച് താന്‍ അങ്ങനെയൊന്നും പറയില്ലെന്നും, തന്റെ നല്ല സുഹൃത്താണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

SCROLL FOR NEXT