സൗബിന്‍ ഷാഹിർ Source: Facebook/ Soubin Shahir
MOVIES

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് വീണ്ടും പൊലീസ് നോട്ടീസ്

നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആൻ്റണി, ബാബു താഹിർ എന്നിവർക്കാണ് നോട്ടീസ്

Author : ന്യൂസ് ഡെസ്ക്

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് വീണ്ടും നോട്ടീസ് നൽകി പൊലീസ്. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആൻ്റണി, ബാബു താഹിർ എന്നിവർക്കാണ് നോട്ടീസ്.

അതേസമയം, സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും ഈ മാസം 27ന് ഹാജരാകാൻ നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു.

ചിത്രത്തിൻ്റെ മറ്റൊരു നിർമാതാവായ അരൂ‍ർ സ്വദേശി സിറാജിൻ്റെ പരാതിയിൽ മരട് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ചിത്രത്തിൻ്റെ നിർമാണത്തിനായി സിറാജ് വലിയതുറ ഹമീദിൽ നിന്നും ഏഴ് കോടി രൂപ വാങ്ങിയിരുന്നെങ്കിലും ഒരു രൂപ പോലും ലാഭവിഹിതം നൽകിയില്ല എന്നാണ് കേസ്. ലാഭ തുക ലഭിച്ചിട്ടും പരാതിക്കാരൻ്റെ കടം വീട്ടാതെ നിര്‍മാതാക്കളില്‍ ഒരാള്‍ സ്ഥിര നിക്ഷേപം നടത്തിയെന്നടക്കം ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍, സിറാജ് നല്‍കേണ്ടിയിരുന്ന പണം കൃത്യസമയത്ത് നല്‍കിയില്ലെന്നും അതിനാല്‍ ഷെഡ്യൂള്‍ മുടങ്ങിയെന്നും ഷൂട്ടിങ് നീണ്ടു പോയെന്നുമാണ് നിര്‍മാതാക്കളുടെ വാദം. കേസ് റദ്ദാക്കാൻ സൗബിൻ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി സൗബിൻ്റെ അപേക്ഷ തള്ളുകയായിരുന്നു.

2024 ഫെബ്രുവരി 22നാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് തിയേറ്ററിലെത്തിയത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോള്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ജോര്‍ജ് മരിയന്‍, അഭിരാം രാധാകൃഷ്ണന്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ മലയാളത്തിന് പുറമേ തമിഴ്നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളും വന്‍ വിജയമായിരുന്നു. 200 കോടിക്ക് മുകളിലാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.

SCROLL FOR NEXT