MOVIES

സീസ്‌ഫയർ കഴിഞ്ഞു, ഇനി യുദ്ധം! പ്രഭാസും പൃഥ്വിരാജും നേർക്കുനേർ; 'സലാർ' രണ്ടാം ഭാഗം വരുന്നു

ജൂനിയർ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ‘ഡ്രാഗൺ’ എന്ന സിനിമയ്‌ക്ക് ശേഷമാകും 'സലാർ: പാർട്ട് 2' ന്റെ വരവ്

Author : ന്യൂസ് ഡെസ്ക്

പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ ഒരുക്കിയ ചിത്രമാണ് 'സലാർ: പാർട്ട് 1 – സീസ്ഫയർ'. രണ്ട് ഭാഗങ്ങളായിട്ടാണ് ഈ ചിത്രം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് രണ്ടാം ഭാഗത്തെപ്പറ്റി അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. രണ്ടാം ഭാഗം നിർത്തിവെച്ചതായി ചില റിപ്പോർട്ടുകളും വന്നിരുന്നു. പ്രശാന്ത് നീലും പ്രഭാസും ചേർന്ന് തികച്ചും പുതിയ രീതിയിൽ സിനിമ നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായിട്ടായിരുന്നു അഭ്യൂഹങ്ങൾ. ഇപ്പോഴിതാ, 'സലാർ: പാർട്ട് 2- ശൗര്യാങ്ക പർവം' വരുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ.

എക്സിലൂടെയാണ് സിനിമയുടെ അപ്ഡേറ്റ് പ്രശാന്ത് നീൽ പങ്കുവച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച വരദരാജ മന്നാറും പ്രഭാസ് കഥാപാത്രം ദേവയും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെപ്പറ്റിയാകും ഈ ഭാഗത്തിൽ പറയുക എന്നാണ് സംവിധായകൻ നൽകിയിരിക്കുന്ന സൂചന.

'കെജിഎഫ്' എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിനുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് 'സലാർ'. ശത്രുക്കളായി മാറുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക വേഷം അവതരിപ്പിച്ചത്. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് രവി ബസ്രുർ ആണ് സംഗീത ഒരുക്കിയത്.

'കെജിഎഫ്' ഫ്രാഞ്ചൈസി പോലെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയെടുക്കാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഏകദേശം 617 കോടിക്ക് മുകളിലാണ് ആഗോളതലത്തിൽ 'സലാർ' നേടിയ ഗ്രോസ് കളക്ഷൻ. 406.45 കോടിയായിരുന്നു സിനിമയുടെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ.

അതേസമയം, ജൂനിയർ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ‘ഡ്രാഗൺ’ 2027 ജൂൺ 11ന് ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തിൽ അനിൽ കപൂർ, ബിജു മേനോൻ, ഖുശ്ബു സുന്ദർ, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്‌ബൂം, അലക്സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഫ്ഗാൻ ട്രേഡിങ് കമ്പനി, ഗോൾഡൻ ട്രേഡിങ് കമ്പനികളുടെ പശ്ചാത്തലത്തിൽ ആക്ഷൻ, രാഷ്ട്രീയം, ക്രൈം ഘടകങ്ങൾ കോർത്തിണക്കി വമ്പൻ പാൻ ഇന്ത്യൻ സിനിമയായാണ് ‘ഡ്രാഗൺ’ ഒരുങ്ങുന്നത്.

SCROLL FOR NEXT