ഹൈദരാബാദ്: പ്രഭാസിന്‍റെ ഹൊറർ - ഫാന്റസി ചിത്രം 'രാജാസാബി'ന്റെ റിലീസ് ദിനത്തിൽ മാറ്റമില്ലെന്ന് പ്രൊഡക്ഷൻ ഹൗസ് പീപ്പിൾ മീഡിയ ഫാക്ടറി. ചിത്രത്തിന്റെ റിലീസ് വൈകുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനാലാണ് വിശദീകരണം. അടുത്ത വർഷം ജനുവരി ഒൻപതിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
അടുത്തിടെ ഇറങ്ങിയ രാജാസാബിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയായിരുന്നു ട്രെയ്‌ലറിലെ ഹൈലൈറ്റ്. അതോടൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ വേറിട്ട വേഷപ്പകർച്ചയും ചർച്ചയായി. കരിയറിൽ തന്നെ പ്രഭാസ് ഇതുവരെ ചെയ്യാത്ത രീതിയിലുള്ള വേഷമാകും ഇതെന്നാണ് ട്രെയ്‌ലർ തരുന്ന സൂചന.
'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനിലാണ് സിനിമ എത്തുന്നത്. ഫാമിലി എന്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ഹൊറർ റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. തമൻ എസ് ആണ് സംഗീതം.