'കാന്താര 2' സെറ്റില്‍ പ്രഗതി ഷെട്ടി Source: X/ @PragathiRShetty
MOVIES

"രുക്മിണിയുടെ ലുക്കിനായി ഒരുപാട് കഷ്ടപ്പെട്ടു"; 'കാന്താര'യിലെ കോസ്റ്റ്യൂമുകള്‍ ഡിസൈന്‍ ചെയ്തത് എങ്ങനെ? വിശദീകരിച്ച് പ്രഗതി ഷെട്ടി

'കാന്താര'യിലെ വസ്ത്രാലങ്കാരത്തിനായി നിരവധി വെല്ലുവിളികള്‍ നേരിട്ടതായി പ്രഗതി

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ബോക്സ്‍‌ഓഫീസില്‍ റെക്കോർഡുകള്‍ തകർത്ത് 'കാന്താര ചാപ്റ്റർ 1' യാത്ര തുടരുകയാണ്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത സിനിമയുടെ കഥ, അഭിനേതാക്കളുടെ പ്രകടനം എന്നിവയ്‌ക്കൊപ്പം സാങ്കേതിക തികവും ഏറെ ചർച്ചയായി കഴിഞ്ഞിരിക്കുന്നു. വിശേഷിച്ച് വസ്ത്രാലങ്കാരം. ഈ സിനിമയ്‌‌ക്കൊപ്പമുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് ഋഷഭിന്റെ പങ്കാളിയും സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറുമായ പ്രഗതി.

"ആദ്യം മുതല്‍ ഞാന്‍ കോർ ടീമിന്റെ ഭാഗമായിരുന്നു. സിനിമയേപ്പറ്റി ഒരുപാട് ചർച്ച ചെയ്തിരുന്നു. ഈ കഥയുടെ പശ്ചാത്തലം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ളതാണ്. എന്നാല്‍ കൃത്യമായ ഒരു കാലം പറയുന്നില്ല. അതിനാല്‍ വേണ്ട ഗവേഷണ സാമഗ്രികള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ക്ഷേത്ര ലിഖിതങ്ങളും എഴുത്തുകളും ഉപയോഗിച്ചാണ് പഴയകാല പാറ്റേണുകള്‍ ഇലസ്ട്രേറ്റ് ചെയ്തത്," എന്‍ടിഡിവി അഭിമുഖത്തില്‍ പ്രഗതി പറഞ്ഞു.

രുക്മിണി വസന്ത് അവതരിപ്പിച്ച 'കനകവതി' എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടതായി പ്രഗതി പറയുന്നു. ഇന്ന് അത് നിരവധി പേർ പുനഃസൃഷ്ടിക്കുന്നതും ആഘോഷിക്കുന്നതും കാണുമ്പോള്‍ സന്തോഷം തോന്നുന്നതായി പ്രഗതി ഋഷഭ് ഷെട്ടി പറയുന്നു.

'കാന്താര'യിലെ വസ്ത്രാലങ്കാരത്തിനായി നിരവധി വെല്ലുവിളികള്‍ നേരിട്ടതായും പ്രഗതി പറഞ്ഞു. "ബെംഗളൂരുവിൽ നിന്ന് കുന്ദാപുരയിലേക്ക് (കർണാടകയുടെ തലസ്ഥാനത്ത് നിന്ന് ഏകദേശം 440 കിലോമീറ്റർ) ഞങ്ങൾക്ക് മാറേണ്ടി വന്നു. അവിടെയാണ് സിനിമ മുഴുവന്‍ ചിത്രീകരിച്ചത്. ഇപ്പോള്‍ കാണുന്ന ആ മനോഹര ഫ്രെയിമുകള്‍ക്കായി എല്ലാ ദിവസവും വളരെ കഷ്ടപ്പെട്ടാണ് ലൊക്കേഷനുകളിലേക്ക് എത്തിക്കൊണ്ടിരുന്നത്. ചില സ്ഥലങ്ങളിലേക്ക് ട്രെക്ക് ചെയ്യേണ്ടി വന്നു.

കുന്ദാപുരയില്‍ താമസിച്ച് ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്ന് വസ്തുക്കള്‍ ശേഖരിച്ചാണ് സിനിമയുടെ കോസ്റ്റ്യൂമുകള്‍ നിർമിച്ചതെന്ന് പ്രഗതി പറയുന്നു. 'കാന്താര' ഒരു പഠനാനുഭവമായിരുന്നു. വലിയൊരു ടീമിനെയാണ് കൈകാര്യം ചെയ്യേണ്ടി വന്നത്. ഇതിനെല്ലാം പുറമേ കുട്ടികളുടെയും ഋഷഭിന്റെയും കാര്യങ്ങളും നോക്കേണ്ടിയിരുന്നു എന്നും പ്രഗതി കൂട്ടിച്ചേർത്തു.

സിനിമാ പശ്ചാത്തലമുള്ള ഒരു കുടംബത്തില്‍ നിന്നല്ല പ്രഗതി വരുന്നത്. ഋഷഭിന്റെ ജീവിത പങ്കാളിയായതിനു പിന്നാലെയാണ് കോസ്റ്റ്യൂം ഡിസൈനിങ്ങില്‍ താല്‍പ്പര്യമുണ്ടായിരുന്നു പ്രഗതിയുടെ കന്നഡ സിനിമാ പ്രവേശം. സർക്കാർ ഹി. പ്ര. ഷാലെ, കാസർഗോഡ്, കൊർഡുഗെ രാമണ്ണ റായ് (2018), ബെല്‍ബോട്ടം (2019), 777ചാർളി (2022), കാന്താര എന്നീ സിനിമകളില്‍ വസ്ത്രാലങ്കാര വിഭാഗത്തില്‍ പ്രഗതി പ്രവർത്തിച്ചു.

SCROLL FOR NEXT