

ഇന്ത്യന്‍ സിനിമയില്‍ പുരുഷ-വനിതാ അഭിനേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വേതന വ്യത്യാസം നീണ്ട കാലമായി ചർച്ചയാകുന്ന കാര്യമാണ്. നിരവധി അഭിനേത്രികള്‍ പ്രതിഫലത്തിലെ ലിംഗാധിഷ്ഠിത ഏറ്റക്കുറച്ചിലിനെപ്പറ്റി പരസ്യമായി പ്രതികരിച്ചിട്ടുമുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടാണ് നടി പ്രിയാമണിക്കുള്ളത്.
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമ ഇന്‍ഡസ്ട്രികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച നടി, അണിയറയില്‍ പ്രതിഫല ചർച്ചകള്‍ എങ്ങനെയാണ് നടക്കുന്നത് എന്നതിനെപ്പറ്റി തുറന്നു സംസാരിച്ചു. സിനിമയിൽ ലിംഗപരമായ വേതന വ്യത്യാസമുണ്ടെന്നത് സത്യമാണെന്ന് നടി സമ്മതിച്ചു. 'ന്യൂസ് 18 ഷോഷാ'യ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്വന്തം വിപണി മൂല്യം മനസിലാക്കി അതിന് അനുസരിച്ച് പ്രതിഫലം ആവശ്യപ്പെടണമെന്നും നടി പറഞ്ഞു. പുരുഷ സഹനടനേക്കാൾ കുറഞ്ഞ പ്രതിഫലം ലഭിച്ച സമയങ്ങളുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങള്‍ തന്നെ അലട്ടാറില്ല. തന്റെ വിപണി മൂല്യം തനിക്ക് അറിയാം. തനിക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന തുക ആവശ്യപ്പെടും. അനാവശ്യമായ വർധന ആവശ്യപ്പെടാറില്ല. ഇതാണ് തന്റെ അഭിപ്രായവും അനുഭവവും എന്നും പ്രിയാമണി പറഞ്ഞു.
സിനിമയിലെ വേതന വ്യത്യാസത്തെപ്പറ്റി ദീപിക പദുകോൺ, ആലിയ ഭട്ട്, കങ്കണ റണൗട്ട്, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര ജോനാസ്, തപ്‌സി പന്നു, റിച്ച ഛദ്ദ തുടങ്ങിയ പ്രമുഖ താരങ്ങള്‍ വിമർശനം ഉന്നയിച്ചിട്ടുണ്ട്. തുല്യ വേതനം ആവശ്യപ്പെട്ട നടിമാർ പുരുഷ സഹതാരങ്ങള്‍ക്ക് ഉയർന്ന പ്രതിഫലം ലഭിക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു. ദീപിക, പ്രിയങ്ക പോലുള്ള നടിമാർ തങ്ങളുടെ വിപണി മൂല്യത്തോട് ചേർന്ന പ്രതിഫലം വേണെന്ന് ആവശ്യപ്പെട്ടപ്പോള്‍ തപ്‌സിയെപ്പോലുള്ള അഭിനേത്രികള്‍ ബോളിവുഡില്‍ സ്ത്രീകള്‍ നേരിടുന്ന വ്യവസ്ഥാപിതമായ ചൂഷണത്തെപ്പറ്റിയാണ് സംസാരിച്ചത്.
അതേസമയം, പ്രിയാമണി കേന്ദ്ര കഥാപാത്രമാകുന്ന 'ഫാമലി മാന്‍ സീസണ്‍ 3'യുടെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. മനോജ് വാജ്‌പെയ് ആണ് സീരീസില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഷാഹി കബീറിൻ്റെ രചനയിൽ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഓഫീസർ ഓണ്‍ ഡ്യൂട്ടി (2025) ആണ് പ്രിയാമണി അവസാനമായി അഭിനയിച്ച മലയാളം ചിത്രം.