MOVIES

മോഹൻലാലിന് ഇരട്ടിപ്പണി! പാതിവെന്ത തിരക്കഥയിൽ ഒരു ഇടിപ്പടം; 'ഖലീഫ' റിവ്യൂ | KHALIFA REVIEW

മാമ്പറയ്ക്കൽ ആമിർ അലിയായി എത്തുന്ന പൃഥ്വിരാജിന്റെ സ്റ്റൈലിഷ് പോസുകൾ മാത്രമാണ് 'ഖലീഫ'

Author : ശ്രീജിത്ത് എസ്

ഓണം ബോക്സ് ഓഫീസ് ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്‌നർ കൊണ്ടു കീഴടക്കാനുള്ള ശ്രമമായിരുന്നു പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഒരുക്കിയ 'ഖലീഫ'. പക്ഷേ, ഈ ഇടിപ്പടത്തിൽ മസിലുണ്ടെങ്കിലും മാസുണ്ടെന്ന് തോന്നുന്നില്ല. പവറില്ലാത്ത പഞ്ചുകൾ കൊണ്ടു നിറഞ്ഞ, പാതിവെന്ത തിരക്കഥ പതറിയും പരുങ്ങിയുമാണ് ഓരോ നിമിഷവും മുന്നോട്ടുപോകുന്നത്. എങ്ങനെയെങ്കിലും സിനിമയെ കാമിയോ എൻട്രി സീനിലേക്ക് എത്തിക്കാനുള്ള പോക്ക്. ആ ധൃതിയുടെ കാരണം ഒന്നുമാത്രമാണ്. എത്ര ദുർബലമായ തിരക്കഥയാണെങ്കിലും മോഹൻലാൽ എന്ന നടന്റെ മുഖം ഫ്രെയിമിൽ എത്തുമ്പോൾ കാണികളൊന്ന് ഉഷാറാകും. ഇവിടെയും പതിവ് തെറ്റുന്നില്ല. മോഹൻലാലിന്റെ മാമ്പറയ്ക്കൽ അഹമ്മദ് അലി ചുമ്മാ വന്നങ്ങ് കയ്യടി വാങ്ങും. അവിടെയും നിർത്താതെ ഒരു സർപ്രൈസ് കാമിയോ കൂടി 'ഖലീഫ' പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. അതിനപ്പുറത്ത്, ജേക്സ് ബിജോയിയുടെ കാതടപ്പിക്കുന്ന മാസ് ബിജിഎമ്മിൽ മാമ്പറയ്ക്കൽ ആമിർ അലിയായി എത്തുന്ന പൃഥ്വിരാജിന്റെ സ്റ്റൈലിഷ് പോസുകൾ മാത്രമാണ് 'ഖലീഫ'.

കേരളത്തിൽ നടക്കുന്നതായി പറയുന്ന സ്വർണക്കടത്തിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കുപ്രസിദ്ധി ആർജിച്ച ഒരു കള്ളക്കടത്തുകാരന്റെ കൊച്ചുമകനിലൂടെയാണ് ഈ 'കടത്തിന്റെ കഥ' സിനിമ പറയുന്നത്. എന്നാൽ, സൂര്യയുടെ 'അയൻ' പോലുള്ള സിനിമകളിൽ കണ്ട ത്രസിപ്പിക്കുന്ന കള്ളക്കടത്ത് രംഗങ്ങളൊന്നും ഈ സിനിമയിൽ പ്രതീക്ഷിക്കരുത്. ആമിർ അലിയുടെ സ്വർണക്കടത്തും വളർച്ചയുമെല്ലാം അതിവേഗമാണ്. കടത്തിനേക്കാൾ, സ്റ്റൈലിനാണ് ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത്. ആമിർ അലിയുടെ സ്വാ​​ഗിനും സ്റ്റൈലിനും. മാധ്യമ റിപ്പോ‍ർട്ടുകളുടെ അരികും മൂലയും ചെത്തിമിനുക്കിയ പോലെയാണ് ചില രം​ഗങ്ങൾ. ഡിപ്ലോമാറ്റിക് ചാനലിലൂടെ ഒരു സ്ത്രീയെ ഉപയോ​ഗിച്ച് ഈന്തപ്പഴത്തിൽ സ്വർണം കടത്തുന്ന പാർട്ടി സെക്രട്ടറിയുടെ വരവ് ആ വഴിയാണ്. ഷമ്മി തിലകന്റെ രാഘവൻ ആണ് ഈ പാ‍ർട്ടി സെക്രട്ടറി. സിനിമയിലെ സെക്കൻഡ് വില്ലൻ.

ഇനി ആമി‍ർ അലിയുടെ പ്രധാന എതിരാളിയിലേക്ക് വരാം. നീൽ നിതിൻ മുകേഷ് അവതരിപ്പിച്ച ഹാരിസ്. വ്യവസായി, സ്മ​ഗ്ലർ. 'കത്തി' പോലുള്ള സിനിമകളിൽ സുന്ദരവില്ലൻ വേഷം വിജയകരമായി കൈകാര്യം ചെയ്ത ആളാണ് നീൽ. പക്ഷേ, ഇവിടെ നടൻ വല്ലാത്ത ഒരു പ്രതിസന്ധിയിലായ പോലെയാണ് തോന്നുക. ഒന്നാമതായി വില്ലന് ഈ സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ല. ചില ഫോൺ കോളുകൾ ചെയ്യണം, രണ്ട് ഇടി കൊടുക്കണം, കുറേ ഇടി വാങ്ങണം. പിന്നുള്ള സമയങ്ങളിൽ അത്രയും താനെന്താണ് പറയുന്നതെന്നോ ചുറ്റുമുള്ളവർ തന്നോടെന്താണ് പറയുന്നതെന്നോ മനസിലാകാതെ നിൽക്കുകയാണ് നീൽ. ഭാഷ കൈകാര്യം ചെയ്യുന്നത് തന്നെയാണ് ഇവിടെ വിഷയം. ഡബ്ബ് ചെയ്ത ആൾ നല്ല തനിനാടൻ മലയാളത്തിൽ അഭിനയിക്കുമ്പോൾ അതിനോട് നീതിപുലർത്താൻ നീലിന്റെ മുഖ ഭാവങ്ങൾക്ക് സാധിക്കുന്നില്ല.

നല്ല എഴുത്തിന്റെ അഭാവം തന്നെയാണ് 'ഖലീഫ'യെ പിന്നോട്ടുവലിക്കുന്നത്. ജേക്സ് ബിജോയിയുടെ മാസ് ബിജിഎമ്മിന് പോലും പഞ്ചുള്ള വൺലൈനറുകളുടെ അഭാവം പരിഹരിക്കാൻ സാധിക്കുന്നില്ല. ഫാസ്റ്റ് കട്ടുകളിലൂടെ സിനിമയ്‌ക്ക് ചടുലത നൽകാൻ എഡിറ്റർ ചമന്റെ വക നടക്കുന്ന രക്ഷാപ്രവ‍ർത്തനം സിനിമയിലുടനീളം പ്രകടമാണ്.

'ഖലീഫ' ഒരു ഇൻട്രോ മാത്രമാണ്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന നൊട്ടോറിയസ് സ്മ​ഗ്ലറിന്റെ കഥയിലേക്കുള്ള വാതിൽ. 'പുലിമുരു​കൻ' സ്റ്റൈലിൽ സിനിമയിലുടനീളം വന്നുപോകുന്നവർ പറഞ്ഞുപെരുപ്പിക്കുന്ന ആ കഥാപാത്രം മോഹൻലാലിന് ഒട്ടും ഭാരമേറിയതായി തോന്നുന്നില്ല. ഇരട്ടിപ്പണിയാണെങ്കിലും അനായാസമായിട്ടാണ് അദ്ദേഹം ആ ഭാ​ഗം കൈകാര്യം ചെയ്തത്. വെറുതെ ഫ്രെയിമിലേക്ക് വന്നങ്ങ് നിന്നു എന്ന് പറഞ്ഞാലും മതി. ഒറ്റ സീൻ. ചെറിയൊരു ഡയലോ​ഗ്. 'ഖലീഫ'യുടെ പാർട്ട് വണ്ണിലെ പോരായ്മകൾ മറന്ന് രണ്ടാം ഭാ​ഗത്തിനായി, അഹമ്മദ് അലിയുടെ കഥയ്ക്കായി കാത്തിരിക്കാൻ അത് തന്നെ ധാരാളം. ഒരു നല്ല തിരക്കഥ അത് മാത്രം മതിയാകും. ബാക്കി ചേരുവകൾ എല്ലാം റെഡിയാണ്.

SCROLL FOR NEXT