'വാരണാസി' ടൈറ്റിൽ റിവീൽ ഇവന്റിൽ നിന്ന് Source: X
MOVIES

"എന്താ മാഷേ അടിപൊളി!" പൃഥ്വിരാജിനെ ഞെട്ടിച്ച് രാജമൗലി, പൊട്ടിച്ചിരിച്ച് മഹേഷ് ബാബു

2027 ഏപ്രിലിൽ എസ്.എസ്. രാജമൗലി- മഹേഷ് ബാബു ചിത്രം 'വാരണാസി' പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: എസ്.എസ്. രാജമൗലി- മഹേഷ് ബാബു എന്നിവർ ഒന്നിക്കുന്ന 'വാരണാസി'യുടെ ടൈറ്റിൽ പ്രഖ്യാപന ചടങ്ങ് താരനിശകളെ വെല്ലുന്ന തരത്തിലാണ് നടന്നത്. രാജമൗലി പടങ്ങള്‍ പോലെ ബ്രഹ്‍മാണ്ഡ സെറ്റിങ്ങിലാണ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ പരിപാടി സംഘടിപ്പിച്ചത്. വേദിയിലെത്തിയ താരങ്ങള്‍ സിനിമയെപ്പറ്റിയുള്ള പ്രതീക്ഷകൾ പങ്കുവച്ചു. സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന പൃഥ്വിരാജിന്റെ പ്രസംഗം കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്.

പൃഥ്വിരാജ് പ്രസംഗം അവസാനിപ്പിച്ച് മടങ്ങാന്‍ പോകുമ്പോഴായിരുന്നു സദസിലിരിക്കുകയായിരുന്ന രാജമൗലിയുടെ സർപ്രൈസ് കമന്റ്. 'എന്താ മാഷേ അടിപൊളി' എന്നായിരുന്നു മൈക്കിലൂടെ പൃഥ്വിയോട് പറഞ്ഞത്. ഇതുകേട്ട പൃഥ്വിയും മഹേഷ് ബാബുവും പൊട്ടിച്ചിരിച്ചു.'നമുക്ക് കൊച്ചിയിലും കാണണം സാര്‍' എന്നാണ് പൃഥ്വിരാജ് സംവിധായകന് കൊടുത്ത മറുപടി. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹൈദരാബാദിൽ നടന്നതിന് സമാനമായി ഒരു ഗ്രാൻഡ് ഇവന്റ് കൊച്ചിയിലും ഉണ്ടാകുമെന്ന സൂചന കൂടിയായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

അതേസമയം, ടൈറ്റിൽ അന്നൗണ്‍സ്മെന്റ് വീഡിയോയിൽ കൂടി തന്നെ സിനിമാപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് രാജമൗലി. പല കാലങ്ങളില്‍ പല ദേശങ്ങിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവൽ അഡ്വഞ്ചർ മൂവിയായിരിക്കും 'വാരണാസി' എന്നാണ് ഈ വീഡിയോ നൽകുന്ന സൂചന. ഐമാക്‌സിൽ ഉൾപ്പെടെ ഫുൾ സ്‌ക്രീൻ ഫോർമാറ്റിൽ ആകും ചിത്രം ഇറങ്ങുക എന്നാണ് രാജമൗലി അറിയിച്ചിരിക്കുന്നത്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

SCROLL FOR NEXT