'സ്റ്റാലിൻ ശിവദാസ്' നിർമാതാവ് ദിനേശ് പണിക്കർ Source: Facebook
MOVIES

മമ്മൂട്ടി ചിത്രം പരാജയമായിരുന്നുവെന്ന് നിർമാതാവ്, അല്ലെന്ന് ആരാധകൻ; വൈറലായി കമന്റുകൾ

1999ൽ ഇറങ്ങിയ ചിത്രത്തിന് തിയേറ്ററിൽ വലിയൊരു വിജയമാകാൻ സാധിച്ചിരുന്നില്ല

Author : ശ്രീജിത്ത് എസ്

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് 'സ്റ്റാലിൻ ശിവദാസ്'. 1999ൽ ഇറങ്ങിയ ചിത്രത്തിന് തിയേറ്ററിൽ വലിയൊരു വിജയമാകാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ സിനിമ വീണ്ടും സോഷ്യൽ മീഡിയയിൽ സംസാരവിഷയമാകുന്നു.

സിനിമയെപ്പറ്റി കഴിഞ്ഞ ദിവസം നടനും നിർമാതാവുമായ ദിനേശ് പണിക്കർ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. "1999ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നിർമിച്ച ഒരു രാഷ്ട്രീയ പശ്ചാത്തലം ഉള്ള, ആദ്യം 'ചെങ്കൊടി എന്ന് പേരിട്ട, ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത, പിന്നീട് 'സ്റ്റാലിൻ ശിവദാസ്' എന്ന പേരിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ഒരു വിജയിച്ചിത്രമായില്ലെങ്കിലും 'സ്റ്റാലിൻ ശിവദാസ്' എനിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്. ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു സാർ, മണിയൻ പിള്ള രാജു എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു...," എന്നായിരുന്നു ദിനേശ് പണിക്കരുടെ പോസ്റ്റ്.

നിർമാതാവിന്റെ പോസ്റ്റിന് പിന്നാലെ കമന്റ് സെക്ഷനും സജീവമായി. പലരും സിനിമയ്ക്ക് വന്ന പോരായ്മകൾ ചൂണ്ടിക്കാട്ടി. എന്നാൽ, സിനിമ സാമ്പത്തികമായി പരാജമായിരുന്നു എന്ന നിർമാതാവിന്റെ തന്നെ വാദം തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ഒരു കമന്റ്. പടം ഫ്ലോപ്പ് ആയിരുന്നില്ലെന്നും നിര്‍മാതാവിന് മുടക്കിയ പണം തിരികെ കിട്ടിയിരുന്നു എന്നുമായിരുന്നു ഇയാളുടെ പക്ഷം. ഇത് ശ്രദ്ധയിൽപ്പെട്ട ദിനേശ് പണിക്കർ നൽകിയ മറുപടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വൈറലാകുന്ന കമന്റുകൾ

'താങ്കളോട് ഇത് ആര് പറഞ്ഞു? ഈ സിനിമയുടെ നിര്‍മാതാവ് ഞാന്‍ തന്നെയാണ്. നഷ്ടം സഹിച്ചത് ഞാനാണ്', എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 'നിർമാതാവ് നിങ്ങളെങ്കിൽ നഷ്ടം സഹിച്ചതും നിങ്ങളായിരിക്കും, സോറി ബ്രോ,' എന്ന് കമന്റിട്ടയാളും പ്രതികരിച്ചു. ഈ കമന്റുകളുടെ സ്ക്രീൻഷോട്ട് ഇപ്പോൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരൻ ആയിരുന്നു സ്റ്റാലിൻ ശിവദാസിന്റെ തിരക്കഥ. ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു, മണിയൻ പിള്ള രാജു എന്നിങ്ങനെ വലിയൊരു താരനിര സിനിമയിൽ അണിനിരന്നിരുന്നു.

SCROLL FOR NEXT