നിര്‍മാതാക്കളുടെ സംഘടനയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി നിര്‍മാതാവ് സാന്ദ്ര തോമസ്. പര്‍ദ ധരിച്ചാണ് സാന്ദ്ര പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. നിര്‍മാതാക്കളുടെ സംഘടന സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്തതുകൊണ്ടാണ് താന്‍ പര്‍ദ ധരിച്ച് എത്തിയതെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സംഘടന പതിറ്റാണ്ടുകളായി പുരുഷന്മാരുടെ കുത്തകയാണെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു.
"നിലവിലെ ഭാരവാഹികള്‍ ഇരിക്കുന്ന ഈ സംഘടനയില്‍ എന്റെ മുന്‍ അനുഭവത്തിന്റെ പേരില്‍ എനിക്ക് ഇവിടെ വരാന്‍ ഏറ്റവും യോജിച്ചതും നല്ലതുമായ വസ്ത്രം ഇതുതന്നെയാണെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് പര്‍ദ ധരിച്ച് എത്തിയത്. പിന്നെ ഇത് പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ്. ഞാന്‍ ഗൗരവകരമായൊരു കുറ്റം ആരോപിച്ചിട്ട് പൊലീസ് നാല് പേരെ പ്രതികളാക്കി കുറ്റപത്രം കൊടുത്തിരിക്കുകയാണ്. എന്നിട്ട് പോലും അവരിവിടെ ഭരണാധികാരികളായി തുടരുകയും അടുത്ത ടേമിലേക്ക് ഇവര്‍ തന്നെ പ്രസിഡന്റും സെക്രട്ടറിയുമായി മത്സരിക്കുകയുമാണ്", സാന്ദ്ര പറഞ്ഞു.
"നിര്‍മാതാക്കളുടെ സംഘടന സ്ത്രീകള്‍ക്ക് സുരക്ഷിതമായൊരു ഇടമല്ല. ഇത് പുരുഷന്മാരുടെ കുത്തകയാക്കി വെച്ചിരിക്കുന്ന സ്ഥലമാണ്. പതിറ്റാണ്ടുകളായി ഒരു പത്ത് പതിനഞ്ച് പേരുടെ കുത്തകയാക്കി വെച്ചിരിക്കുന്ന അസോസിയേഷനാണിത്. ഇവിടെ മാറ്റങ്ങള്‍ വരണം. ഏത് സ്ഥലമാണെങ്കിലും കുറച്ച് പേര്‍ കയ്യടക്കി വെച്ച് കഴിഞ്ഞാല്‍ അത് മുരടിക്കും. ഇന്ന് നിര്‍മാതാക്കളുടെ സംഘടന എല്ലാ സംഘടനകളില്‍ നിന്നും താഴെയാണ് നില്‍ക്കുന്നത്. ഈ അവസ്ഥയിലേക്ക് സംഘടനയെ എത്തിച്ചത് ഇപ്പോള്‍ ഇരിക്കുന്ന ഭരണാധികാരികളാണ്", എന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു.
"സംഘടനയില്‍ മാറ്റം വരുമ്പോള്‍ അത് പരോക്ഷമായി മുഴുവന്‍ വ്യവസായത്തെയാണ് ബാധിക്കുന്നത്. എനിക്ക് വേണ്ട പിന്തുണ തീര്‍ച്ചയായും ഉണ്ട്. ഇവിടെ ഒരു ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. മാറ്റം വരേണ്ടത് അനിവാര്യമാണ്. സംഘടനയിലെ എല്ലാവര്‍ക്കും ആ ബോധ്യമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം നിലവിലെ ഭരണാധികാരികള്‍ തുടരില്ല. അതില്‍ മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. നട്ടെല്ലുള്ളവരാണ് നിര്‍മാതാക്കളുടെ സംഘടനയിലെ അംഗങ്ങള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു", അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് സ്ഥാനത്തേക്കാണ് സാന്ദ്ര തോമസ് മത്സരിക്കുന്നത്. ഓഗസ്റ്റ് 14നാണ് നിര്‍മാതാക്കളുടെ സംഘടനയില്‍ തെരഞ്ഞെടുപ്പ് നടക്കുക.