താരസംഘടനയായ 'അമ്മ'യിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയിലും തെരഞ്ഞെടുപ്പ്. ഓഗസ്റ്റ് 14നാണ് തെരഞ്ഞെടുപ്പ് നടക്കുക. നിര്‍മാതാവ് സാന്ദ്ര തോമസും മത്സരിക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. തന്റെ നേതൃത്വത്തിലെ 21 പേരുടെ പാനലുമായി മത്സരത്തിന് ഇറങ്ങാനാണ് സാന്ദ്ര തോമസിന്റെ തീരുമാനം.
നിലവിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്ന വ്യക്തി കൂടിയാണ് സാന്ദ്ര. സാന്ദ്രയും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. ഇന്ന് രാവിലെ 10.30ഓടെ സാന്ദ്ര നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സാന്ദ്ര മത്സരിക്കാന്‍ തീരുമാനിച്ചതോടെ നിര്‍മാതാക്കളുടെ സംഘടനയില്‍ കടുത്ത പോരാട്ടത്തിന് സാധ്യതയുണ്ട്.
എസ്‌ഐടിക്ക് മുന്നില്‍ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ സാന്ദ്ര തോമസിനെ സംഘടന പുറത്താക്കിയിരുന്നു. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് എസ്‌ഐടിക്ക് മുന്നില്‍ സാന്ദ്ര നല്‍കിയ പരാതി. പിന്നീട് എറണാകുളം സബ് കോടതി നടപടി സ്റ്റേ ചെയ്തിരുന്നു.
അതിന് പിന്നാലെയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍ റെനി ജോസഫ് തനിക്കെതിരെ വധ ഭീഷണി നടത്തിയെന്ന് സാന്ദ്ര ആരോപിച്ചത്. തുടര്‍ന്ന് സാന്ദ്ര തോമസ് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു.