മറ്റുള്ളവരുടെ സിനിമാസ്വാദനത്തെ ബാധിക്കുന്ന രീതിയിൽ തിയേറ്ററുകൾക്കുള്ളിൽ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നതിനെ വിമർശിച്ച് നടൻ മാധവൻ. ഭക്ഷണം കഴിക്കണമെന്നുണ്ടെങ്കിൽ റെസ്റ്റോറന്റിൽ പോയി കഴിക്കണമെന്ന് നടൻ അഭിപ്രായപ്പെട്ടു. 'ജി.ഡി.എൻ' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ കാണികളുടെ മാറിയ ആസ്വാദന രീതിയെപ്പറ്റി സംസാരിക്കുന്നതിനിടെയാണ് പരാമർശം.
ശ്രദ്ധ തിരിക്കുന്ന നിരവധി കാര്യങ്ങൾക്കിടയിലാണ് പ്രേക്ഷകർ മൂന്ന് മണിക്കൂർ സിനിമയ്ക്കായി മാറ്റിവയ്ക്കുന്നത്. അതിനിടയിൽ സീറ്റിലിരുന്ന് ഭക്ഷണം കഴിക്കുന്നത് മറ്റ് പ്രേക്ഷകർക്ക് വലിയ ശല്യമാണ്. ഭക്ഷണം കഴിക്കണമെന്നുണ്ടെങ്കിൽ റെസ്റ്റോറന്റിൽ പോയി കഴിക്കണം. സിനിമയ്ക്കിടയിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതും അത് സെർവ് ചെയ്യുന്നതും സിനിമാസ്വാദനത്തെ ബാധിക്കുമെന്നും നടൻ പറഞ്ഞു.
"സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാകും ആരെങ്കിലും പാനിപൂരി ഓർഡർ ചെയ്യുക. സിനിമയ്‌ക്കിടയിൽ അത് വരും. എന്റെ അഭിപ്രായത്തിൽ അത് സ്റ്റുപിഡിറ്റി ആണ്. നിങ്ങൾക്ക് ഡിന്നറോ ലഞ്ചോ കഴിക്കണമെങ്കിൽ റെസ്റ്റോറന്റിൽ പോകൂ. അല്ലാതെ, തിയേറ്ററുകളിലേക്ക് അല്ല വരേണ്ടത്," മാധവൻ പറയുന്നു. ഇതിനിടയിൽ സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അത് മോശമാണെങ്കിൽ പ്രേക്ഷകർ അസ്വസ്ഥരാകുമെന്നും നടൻ കൂട്ടിച്ചേർത്തു.
'ഇന്ത്യയുടെ എഡിസൺ' എന്ന് അറിയപ്പെടുന്ന ജി.ഡി. നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കി മാധവനെ നായകനാക്കി ഒരുക്കിയ 'ജി.ഡി.എൻ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. 'ഓഹോ എൻതൻ ബേബി' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കൃഷ്ണകുമാർ രാമകുമാർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജയറാം, പ്രിയാമണി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വർഗീസ് മൂലൻ പിക്ചേഴ്സ്, ട്രൈകളർ ഫിലിംസ് എന്നി ബാനറുകളിൽ വിജയ് മൂലൻ, വർഗീസ് മൂലൻ, മാധവൻ, പങ്കാളി സരിത എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. 'റോക്കട്രി: ദ നമ്പി ഇഫക്ട്' എന്ന ചിത്രത്തിന് ശേഷം ട്രൈകളർ ഫിലിംസും വർഗീസ് മൂലൻ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.