സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു, കൗതുകം ഇൻവെസ്റ്റ്‌മെന്റ് ആക്കിയ 'ഇന്ത്യയുടെ എഡിസൺ'; ആരാണ് ജി.ഡി. നായിഡു?

ആർ. മാധവൻ നായകനായ 'ജി.ഡി.എൻ' എന്ന ചിത്രത്തിലൂടെ ആ പേര് വീണ്ടും ചർച്ചയാകുന്നു
ഗോപാലസ്വാമി ദൊരൈസാമി നായിഡു
ഗോപാലസ്വാമി ദൊരൈസാമി നായിഡു
Published on
Updated on

ചില മനുഷ്യർ അങ്ങനെയാണ്. ചരിത്രപുസ്തകങ്ങളിൽ എവിടെയോ അവരുടെ പേര് എഴുതിയിട്ടുണ്ടാകും. എന്നാൽ, ആ ബൃഹത് ​ഗ്രന്ഥം കമ്പോട് കമ്പ് വായിക്കുന്നവർ കൂടി ആ വ്യക്തിയുടെ അടയാളങ്ങൾ ശ്രദ്ധിക്കണമെന്നില്ല. അവയിൽ മനുഷ്യസഹജമായ മറവിയുടെ പൊടി വീണുമൂടിയിട്ടുണ്ടാകും. അത്തരമൊരു വ്യക്തിയാണ് - ഗോപാലസ്വാമി ദൊരൈസാമി നായിഡു എന്ന ജി.ഡി. നായിഡു. പണ്ഡിതശ്രേഷ്ഠരുടെ പട്ടികയിൽപ്പെട്ട ആളല്ല. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ട് പോലുമില്ല. പക്ഷേ, 'ഇന്ത്യയുടെ എഡിസൺ' എന്നാണ് വിളിപ്പേര്. പതിറ്റാണ്ടുകൾക്ക് ഇപ്പുറം 'ജി.ഡി.എൻ' എന്നൊരു ബയോപ്പിക്കിലൂടെ ഈ കോയമ്പത്തൂ‍ർകാരൻ എഡിസൺ വർത്തമാനകാല വിഷയമാകുകയാണ്. ആരാണ് ഈ ജി.ഡി. നായിഡു?

1893 മാർച്ച് 23ന് കോയമ്പത്തൂരിന് അടുത്തുള്ള കലങ്കൽ എന്ന ഗ്രാമത്തിലാണ് ജി.ഡി. നായിഡുവിന്റെ ജനനം. നായിഡു അതിബുദ്ധിമാനായ ഒരു വിദ്യാർഥിയായിരുന്നില്ല. പല വയ്യാവേലികളും ചെറുപ്രായത്തിലെ നായിഡുവിനെ തേടിയെത്തി. ചിലതൊക്കെ അങ്ങോട്ട് തേടിപ്പോയി. സ്കൂളിൽ പോകുന്നത് തന്നെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. സ്വാഭാവികമായി സ്കൂൾ പഠനം പാതിവഴി ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ പഠനം ഉപേക്ഷിച്ചില്ല. തന്റെ സഹജമായ കൗതുകം കൊണ്ടുപോകുന്നിടത്തൊക്കെ കയറിച്ചെന്നു. ഒരു വാതിലും തുറക്കാൻ കാത്തുനിന്നില്ല.

ഗോപാലസ്വാമി ദൊരൈസാമി നായിഡു
ജസ്വന്ത് സിംഗ് ഖൽറ: പഞ്ചാബിലെ 'പൊലീസ് വേട്ട' വെളിച്ചത്തുകൊണ്ടുവന്ന മനുഷ്യാവകാശ പോരാളി

മെഷീനുകളോടായിരുന്നു അദ്ദേഹത്തിന്റെ താൽപ്പര്യം. ഭ്രമം എന്ന് പറയുന്നതാകും ശരിയാകുക. അവയെ നിരീക്ഷിച്ച്, അടുത്തിടപഴകി, ചില്ലറ പരീക്ഷണങ്ങൾ നടത്തി നായിഡു ആ പ്രണയബന്ധം ഊട്ടിയുറപ്പിച്ചു.

സ്വന്തമായി ഒരു മോട്ടർ സൈക്കിൾ വാങ്ങണം എന്നത് നായിഡുവിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനായി കോയമ്പത്തൂരിലെ ഒരു ഹോട്ടലിൽ സെർവറായി ജോലിക്ക് കയറി. കഷ്ടപ്പെട്ട് പണം സ്വരൂപിക്കാൻ തുടങ്ങി. ഒടുവിൽ അതിനുള്ള സമ്പാദ്യമായി. ആദ്യ മോട്ടർ സൈക്കിൾ വാങ്ങി. പുതിയ വണ്ടിയിൽ കാറ്റിനെ തോൽപ്പിക്കുന്ന വേഗതയിൽ ഒരു റൈഡിനാണ് അയാൾ ആദ്യം പോയതെന്ന് വിചാരിക്കരുത്. അയാൾ ആ മോട്ടർ സൈക്കിളിന്റെ ഓരോ ഭാഗങ്ങളും അഴിച്ചുമാറ്റി. എന്നിട്ട് അതീവശ്രദ്ധയോടെ അത് കൂട്ടിച്ചേർത്തു. ഒരു കൗതുകം! ഈ കൗതുകമാണ് ഒരു ആയുഷ്കാലം നീണ്ടുനിന്ന കണ്ടെത്തലുകൾക്ക് അടിത്തറയിട്ടത്.

1920ൽ നായിഡു ട്രാൻസ്പോ‍‍ർട്ട് ബിസിനസിൽ പ്രവേശിച്ചു. രാജ്യത്ത് റോഡ് ട്രാൻസ്പോ‍ർട്ട് സംവിധാനം പൂർണതോതിൽ പ്രവ‍ർത്തനക്ഷമമാണെന്ന് പറയാൻ സാധിക്കുന്ന കാലമല്ല. പൊള്ളാച്ചിക്കും പളനിക്കും ഇടയിലായിരുന്നു നായിഡുവിന്റെ ബസ് സ‍ർവീസ്. ഡ്രൈവ‍റും മുതലാളി തന്നെയായിരുന്നു. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട്, ആ ഒറ്റ ബസിൽ നിന്ന് യുണേറ്റഡ് മോട്ട‍ർ സർവീസ് (യുഎംഎസ്) എന്ന 290 ഓളം സർവീസ് ബസുകളുള്ള വലിയൊരു ശൃംഖലയുടെ ഉടമയായി അദ്ദേഹം വളർന്നു. കൃത്യനിഷ്ഠയും കാര്യക്ഷമതയും കൊണ്ട് ദേശീയ തലത്തിൽ യുഎംഎസ് ശ്രദ്ധനേടി. അച്ചടക്കവും ഉപഭോക്തൃ സേവനത്തിന്‌ നൽകിയ മുൻ​ഗണനയും അതിന് മുതൽക്കൂട്ടായി.

യുണേറ്റഡ് മോട്ട‍ർ സർവീസ് വലിയ വിജയമായിരുന്നു. എന്നാൽ, ആ വിജയത്തിൽ മത്തുപിടിച്ചിരിക്കാൻ നായിഡു ഒരുക്കമായിരുന്നില്ല.

എന്തോ ഒരു അസംതൃപ്തി അയാളെ അസ്വസ്ഥനാക്കി. അതിന്റെ തുടർച്ചയായിരുന്നു തുട‍ർന്നുള്ള വർഷങ്ങളിൽ നായിഡു നടത്തിയ കണ്ടെത്തലുകൾ അത്രയും.

ഗോപാലസ്വാമി ദൊരൈസാമി നായിഡു
ഈ 'നോബഡി' ചില്ലറക്കാരനല്ല, സൂക്ഷിക്കണം! 'I, NOBODY' REVIEW

1930ൽ നായിഡു കോയമ്പത്തൂരിൽ ഒരു ചെറിയ വർക്ക്ഷോപ്പ് തുടങ്ങി - ന്യൂ ഇലക്ട്രീക് വർക്സ്. ഇവിടെയാണ് ഡി. ബാലസുന്ദരം നായിഡുവിനൊപ്പം ചേർന്ന് ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ട‍ർ അദ്ദേഹം നിർമിച്ചത്. വിദേശത്ത് നിന്നും മോട്ടറുകൾ ഇറക്കുമതി ചെയ്യുകയായിരുന്നു അതുവരെ പതിവ്. ആ നടപ്പുശീലം, സ്വദേശി മോട്ടറിലൂടെ നായിഡു മാറ്റി. സാധാരണക്കാരന്റെ ജീവിതത്തെ കുറച്ചു കൂടി എളുപ്പമാക്കാൻ മെഷീനുകൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നായി പിന്നീടുള്ള ചിന്ത. മണ്ണെണ്ണ ഫാൻ, ഇലക്ട്രിക് റേസർ, അൾട്രാ തിൻ ഷേവിങ് ബ്ലേഡ്, മെക്കാനിക്കൽ കാൽക്കുലേറ്റർ, ടിക്കറ്റ് വെൻഡിങ് മെഷീൻ, ഫിലിം ക്യാമറകൾക്കായി ഡിസ്റ്റൻസ് അഡ്ജസ്റ്റ‍ർ, ഫ്രൂട്ട് ജ്യൂസ് എക്സ്ട്രാക്ട‍ർ, അഞ്ച് വാൽവുകളുള്ള റേഡിയോ എന്നിവയുടെ പിറവി ഈ ചിന്തയുടെ ബാക്കിപത്രമായിരുന്നു. 1952ൽ, വെറും 2,000 രൂപ മാത്രം വിലവരുന്ന, രണ്ട് സീറ്റുകളുള്ള പെട്രോൾ കാർ അദ്ദേഹം പുറത്തിറക്കി. പക്ഷേ, ലൈസൻസ് നൽകാൻ സർക്കാർ വിസമ്മതിച്ചു. അതുകൊണ്ട് തന്നെ പ്രോജക്ട് മുന്നോട്ടുപോയില്ല.

കണ്ടുപിടിത്തങ്ങൾ ഗവേഷണ ലാബുകളിലും അക്കാദമിക് സെമിനാറുകളിലും ഒതുങ്ങിനിൽക്കുന്നതിനോട് അദ്ദേഹത്തിന് എതി‍ർപ്പായിരുന്നു. അവ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കണമെന്നാണ് അദ്ദേഹം ആ​ഗ്രഹിച്ചത്. അത് കേവലം ഫിലോസഫി മാത്രമായിരുന്നില്ല. സാധാരണക്കാരന്റെ ജീവിതത്തെ സ്വാധീനിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ. ഓരോ തവണ പുതിയത് എന്തെങ്കിലും കണ്ടുപിടിക്കുമ്പോഴും നായിഡു ഒരോ ഫാക്ടറിയും ആരംഭിച്ചു. ജനങ്ങൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

ഇങ്ങനെ യന്ത്രങ്ങൾക്കിടയിൽ ജീവിക്കുമ്പോഴും താൻ കാലുറച്ച് നിൽക്കുന്ന മണ്ണിനെ അദ്ദേഹം മറന്നില്ല. എഞ്ചിനീയറിങ്ങും കൃഷിയും ഒന്നിച്ചുകൊണ്ടുപോകാം എന്ന് തെളിയിച്ചു. കാർഷിക മേഖലയിൽ വിപുലമായ ഗവേഷണങ്ങൾ നടത്തി. സങ്കരയിനം കൃഷിയിലൂടെ പരുത്തി, ചോളം, പപ്പായ എന്നിവയുടെ മെച്ചപ്പെട്ട ഇനങ്ങൾ വികസിപ്പിച്ചെടുത്തു. പത്തടി നീളമുള്ള പരുത്തിയും ചോളവും നായിഡുവിന്റെ തോട്ടത്തിൽ വിളഞ്ഞു. ആ കൃഷി രീതി കണ്ടുപഠിക്കാൻ സി.വി. രാമനും വിശ്വേശ്വരയ്യയും ഉൾപ്പെടെ പല പ്രമുഖരും നായിഡുവിന്റെ തോട്ടങ്ങൾ തേടിയെത്തി.

നല്ലൊരു ഫോട്ടോ​ഗ്രാഫറും യാത്രികനും കൂടിയായിരുന്നു ജി.ഡി.എൻ. ക്യാമറയുമായി ലോകം കണ്ട മനുഷ്യൻ. പല ചരിത്ര സംഭവങ്ങളും വ്യക്തികളും അദ്ദേഹത്തിന്റെ ഫിലിമിൽ പതിഞ്ഞു. ജോ‍ർജ് അഞ്ചാമൻ രാജാവിന്റെ ശവസംസ്കാരച്ചടങ്ങ് നടക്കുമ്പോൾ നായിഡു ക്യാമറയുമായി അവിടെയുണ്ടായിരുന്നു. മഹാത്മാ ​ഗാന്ധി, ജവഹ‍ർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ് എന്നിങ്ങനെ പല പ്രമുഖ നേതാക്കളേയും അദ്ദേഹം ക്യാമറയിൽ പകർത്തി.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും നായിഡു ഒരു കൈനോക്കിയിട്ടുണ്ട്. പക്ഷേ, പൊള്ളി. 1936ലെ പ്രൊവിൻഷ്യൽ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. പിന്നീട് അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വഴിയെ നടന്നില്ല. പൂർണശ്രദ്ധ വ്യവസായത്തിലേക്ക് തിരിച്ചു.

ഗോപാലസ്വാമി ദൊരൈസാമി നായിഡു
ONE LINE | പ്രകാശം പരത്തുന്ന പെണ്ണ്

1944ൽ ജി.ഡി. നായിഡു വ്യവസായത്തിൽ നിന്നും അടുത്തൂൺ പറ്റി. തനിക്ക് ചുറ്റുമുള്ളവരെ സഹായിക്കുന്നതിലാണ് പിന്നീട് ശ്രദ്ധകേന്ദ്രീകരിച്ചത്. 'ജി.ഡി. നായിഡു ചാരിറ്റീസ്' എന്ന ജീവകാരുണ്യ സംഘടനയിലൂടെ ഗവേഷകരെയും തൊഴിലാളികളെയും പിന്തുണച്ചു. ഇന്ത്യയിലെ ആദ്യ പോളിടെക്നിക് കോളേജ്, ആ‍ർതർ ഹോപ്പ് പോളിടെക്നിക് കോളേജ്, ആരംഭിക്കുന്നതിന് വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകി. 1945ൽ ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പാളും അദ്ദേഹമായിരുന്നു. പുസ്തകങ്ങളിൽ നിന്നല്ല, പ്രായോ​ഗികമായാണ് എഞ്ചിനീയറിങ്ങിൽ അറിവ് നേടേണ്ടതെന്ന ചിന്തയെ അടിസ്ഥാനമാക്കിയാണ് നായിഡു കുട്ടികൾക്ക് പാഠമെടുത്തത്. നാല് വർഷ കോഴ്സുകൾ അനാവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. ചെറിയ, എന്നാൽ ഫലപ്രദമായ കോഴ്സുകളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. എന്നാൽ, ബ്രിട്ടീഷ് ഭരണകൂടം അതിനോട് മുഖം തിരിച്ചു. ജി.ഡി.എൻ ആർതർ ഹോപ്പിന്റെ പടിയിറങ്ങി. ഇപ്പോഴിത്, സർക്കാ‍ർ കോളേജാണ്.

ഗോപാലസ്വാമി ദൊരൈസാമി നായിഡു
ONE LINE | ചെകുത്താൻ വേദം ഓതുന്ന സ്കോസെസി പടം!

കോയമ്പത്തൂരിലേക്ക് സിരുവാണിയിൽ നിന്ന് വെള്ളം എത്തിക്കുന്നതിൽ പ്രവർത്തിച്ചവരിലും നായിഡുവിനെ കാണാം. ഇതിനു വേണ്ടി നടത്തിയ സർവേയിൽ രത്നസഭാപതി മുദലിയാർ, ഇന്ത്യയുടെ ആദ്യ ധനമന്ത്രി ആർ.കെ. ഷൺമുഖം ചെട്ടി എന്നിവർക്കൊപ്പം ജി.ഡി. നായിഡുവും ഭാ​ഗമായിരുന്നു. 1929 ഏപ്രിൽ 29ന് കോയമ്പത്തൂരിലെ ജനങ്ങളുടെ ദാഹം അകറ്റി വെള്ളം എത്തി. 110 ടാപ്പുകളിലൂടെ ശിരുവാണിയുടെ മധുരം ആ ജനത അറിഞ്ഞു. അവർ ടാപ്പുകളെ കുമ്പിട്ടു, പുഷ്പാർച്ചന നടത്തി.

1974ൽ ജി.ഡി. നായിഡു അന്തരിച്ചു. എന്നാൽ, ഐതിഹാസികമായ ആ ജീവിതയാത്രയുടെ അനുരണനങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ചെറിയ കണ്ടുപിടിത്തങ്ങൾ. അയാൾ യന്ത്രങ്ങൾ നിർമിക്കുകയായിരുന്നില്ല. രാജ്യത്തിന്റെ ചിന്തകളെ പുനർനിർവചിക്കുകയായിരുന്നു. നമ്മുടെ ചിന്തയുടെ അതിർത്തികളെ മാറ്റിവരയ്ക്കുകയായിരുന്നു. നമുക്കും കഴിയും എന്ന് തെളിയിക്കുകയായിരുന്നു!

News Malayalam 24x7
newsmalayalam.com