MOVIES

'മിസ്റ്റര്‍ മോദീ, നിങ്ങള്‍ക്ക് ഒരിക്കലും വിജയിക്കാനാകില്ല'; 'ജന നായകന്‍' റിലീസ് വൈകുന്നതില്‍ രാഹുല്‍ ഗാന്ധി

തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള മോദിയുടെ ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും പോസ്റ്റില്‍ രാഹുല്‍ ഗാന്ധി

Author : ന്യൂസ് ഡെസ്ക്

വിജയ്‌യുടെ 'ജന നായക'ന് പിന്തുണയുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സിനിമയുടെ റിലീസ് വൈകിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളെ വിമര്‍ശിച്ചു കൊണ്ട് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിപ്പ് പങ്കുവെക്കുകയായിരുന്നു.

ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം 'ജന നായക'ന്റെ റിലീസ് തടയാന്‍ ശ്രമിക്കുകയാണെന്നും ഇത് തമിഴ് സംസ്‌കാരത്തിന് എതിരായ ആക്രമണമാണെന്നും രാഹുല്‍ ഗാന്ധി എക്‌സിലൂടെ പറഞ്ഞു. തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള മോദിയുടെ ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും പോസ്റ്റില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയ്‌യുടെ അവസാനത്തെ ചിത്രമാണ് 'ജന നായകന്‍'. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒമ്പതിനായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും ഇതില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പാകാത്തതിനാലും സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. കെവിഎന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ ആണ് നിര്‍മാണം.

സിനിമയ്ക്ക് അനുമതി നിഷേധിച്ച ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിനിമയ്ക്ക് ഉടന്‍ 'U/A' സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന തമിഴ്നാട് ഹൈക്കോടതി ഉത്തരവാണ് ശനിയാഴ്ച ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

SCROLL FOR NEXT