പതിറ്റാണ്ടുകളായി തമിഴ് സിനിമയെ നിര്‍വചിക്കുന്ന സിനിമാറ്റിക് ശക്തികളാണ് സൂപ്പര്‍സ്റ്റാറുകളായ രജനീകാന്തും കമല്‍ ഹാസനും. ഒരേ സമയത്ത് യാത്രകള്‍ ആരംഭിച്ച ഇവര്‍ വര്‍ഷങ്ങളായി സിനിമാ വ്യവസായത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ രജനീകാന്തും കമല്‍ ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌ക്രീനില്‍ ഒന്നിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 1979ല്‍ റിലീസ് ചെയ്ത ഐവി ശശി ചിത്രം അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയില്‍ രജനീകാന്തും കമല്‍ ഹാസനും ഗ്യാങ്സ്റ്ററുകളായ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കഥയെ കുറിച്ചോ മറ്റ് വിശദാംശങ്ങളെ കുറിച്ചോ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. വിക്രം, അമരന്‍, തഗ് ലൈഫ് എന്നിവ നിര്‍മിച്ച കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആയിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
1975ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലാണ് രജനിയും കമലും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തില്‍ രജനീകാന്ത് വില്ലനായാണ് അഭിനയിച്ചത്. പിന്നീട് മൂണ്ട്രു മുടിച്ചു, അവര്‍കള്‍, 16 വയതിനിലെ, നിനൈത്താലെ ഇനിക്കും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ 46 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം രജനീകാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലി ഓഗസ്റ്റ് 14നാണ് തിയേറ്ററിലെത്തിയത്. വെറും അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 206.5 കോടി നേടിയിരുന്നു. ആഗോളതലത്തില്‍ 404 കോടിയും ചിത്രം കളക്ട് ചെയ്തു.