'ഡൊറോത്തി' ടീമിനൊപ്പം രജനികാന്ത് Source: Instagram / ksubbaraj
MOVIES

'ഈ കാർത്തിക് സുബ്ബരാജിനെയാണ് ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത്"; 'ഡൊറോത്തി'യെ പ്രശംസിച്ച് രജനികാന്ത്

കാർത്തിക് സുബ്ബരാജ്, 'ഡൊറോത്തി'യിൽ പ്രധാന വേഷങ്ങളിലെത്തിയ സനന്ത്, റിഷികാന്ത് എന്നിവരുമായി രജനികാന്ത് കൂടിക്കാഴ്ച നടത്തി

Author : ന്യൂസ് ഡെസ്ക്

കാർത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി' പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. വലിയ പ്രശംസയാണ് സിനിമാപ്രേമികളിൽ നിന്നും നിരൂപകരിലും നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ധനുഷ്, സൂര്യ, മണിരത്നം, ഉപേന്ദ്ര, മിഷ്കിൻ തുടങ്ങി സിനിമാമേഖലയിലെ നിരവധി പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ആ നിരയിലേക്ക് മറ്റൊരാൾ കൂടി എത്തിയിരിക്കുന്നു - സൂപ്പർ സ്റ്റാർ രജനികാന്ത്. ഒരുപക്ഷേ, കാർത്തിക് സുബ്ബരാജ് എന്ന കടുത്ത രജനി ഫാൻ കാത്തിരുന്നത് ഈ റിവ്യൂവിന് വേണ്ടിയാകും.

കാർത്തിക് സുബ്ബരാജ്, 'ഡൊറോത്തി'യിൽ പ്രധാന വേഷങ്ങളിലെത്തിയ സനന്ത്, റിഷികാന്ത് എന്നിവരുമായി രജനികാന്ത് കൂടിക്കാഴ്ച നടത്തി. സൂപ്പർസ്റ്റാറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കാർത്തിക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഒപ്പം, അദ്ദേഹത്തിനൊപ്പമുള്ള സംഭാഷണത്തിന്റെ വിവരങ്ങളും കുറിച്ചു.

"ഫന്റാസ്റ്റിക്.. ബ്യൂട്ടിഫുൾ... മൈൻഡ് ബ്ലോയിംഗ്!! തലൈവർക്ക് 'ഡൊറോത്തി' ഏറെ ഇഷ്ടപ്പെട്ടു. ഒരു മണിക്കൂറോളം ചിത്രത്തിന്റെ ഓരോ വശങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു... ഇതിൽക്കൂടുതൽ എനിക്ക് മറ്റൊന്നും ചോദിക്കാനില്ല... ഈ സംഭാഷണവും അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഞാൻ എക്കാലവും ഓർമിക്കും... 'ഈ കാർത്തിക് സുബ്ബരാജിനെയാണ് ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത്... ഹാറ്റ്സ് ഓഫ്' എന്നാണ് അദ്ദേഹം പറഞ്ഞത്... ഞാനിപ്പോൾ നിലത്തൊന്നുമല്ല. ലവ് യൂ തലൈവാ," കാർത്തിക് സുബ്ബരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രജനികാന്തിനെ നായകനാക്കി കാർത്തിക് സംവിധാനം ചെയ്ത 'പേട്ട'യിൽ സനന്ത് ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ലോകേഷ് കനകരാജിന്റെ 'കൂലി'യിൽ രജനിക്കൊപ്പം റിഷികാന്തും അഭിനയിച്ചിട്ടുണ്ട്. പുരുഷാധിപത്യം, ജാതീയത, ലിംഗ സ്വത്വം, അക്രമം എന്നിവയെപ്പറ്റി സംസാരിക്കുന്ന 'ഡൊറോത്തി'യിൽ സുബ്ബു, കാർത്തി എന്നീ സുഹൃത്തുക്കളുടെ വേഷങ്ങളിലാണ് ഇരുവരും എത്തിയിരിക്കുന്നത്. ഇളയരാജയാണ് സിനിമയുടെ സംഗീതം. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച 1540ാമത്തെ ചിത്രമാണ് 'ഡൊറോത്തി'.

ജ്യോതി ദേശ്പാണ്ഡെ, ഗുനീത് മോംഗ കപൂർ, അചിൻ ജെയിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എസ്. തിരുനാവുക്കരസ് ആണ് ഛായാഗ്രഹണം. ഗണേഷ് ശിവ എഡിറ്റിങ്ങും ഷെരീഫ് കൊറിയോഗ്രാഫിയും നിർവഹിച്ചിരിക്കുന്നു.

SCROLL FOR NEXT