രാം ഗോപാൽ വർമ ചിത്രം 'സർക്കാർ' 
MOVIES

"സർക്കാർ 4 ഒരുങ്ങുന്നു, ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും"; അപ്ഡേറ്റുമായി രാം ഗോപാൽ വർമ

അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും സിനിമയുടെ ഭാഗമാകുമെന്നും രാം ഗോപാൽ വർമ

Author : ന്യൂസ് ഡെസ്ക്

'സർക്കാർ' എന്ന ഹിറ്റ് പൊളിറ്റിക്കൽ - ക്രൈം ചലച്ചിത്ര പരമ്പരയ്ക്ക് നാലാം ഭാഗം ഒരുങ്ങുന്നതായി രാം ഗോപാൽ വർമ. അടുത്ത മാസം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും സിനിമയുടെ ഭാഗമാകുമെന്നും സംവിധായകൻ വെളിപ്പെടുത്തി. റെഡ് ലോറി ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് ആർജിവി ഇക്കാര്യം വ്യക്തമാക്കിയത്.

ആർജിവിയുടെ കൾട്ട് ക്ലാസിക് ചിത്രമായ 'ശിവ'യുടെ പ്രത്യേക പ്രദർശനം ചലച്ചിത്ര മേളയിൽ നടന്നിരുന്നു. ഇതിനായി എത്തിയതായിരുന്നു സംവിധായകൻ. ചിത്രത്തെക്കുറിച്ച് സംസാരിക്കവെ, വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് തന്റെ ദൃശ്യാവിഷ്കാര ശൈലിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് രാം ഗോപാൽ വർമ വെളിപ്പെടുത്തി. പ്രമേയപരമായി 'ശിവ'യുടെ പ്രചോദനം ബ്രൂസ് ലീയുടെ 'ദ വേ ഓഫ് ഡ്രാഗൺ' ആണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെപ്പറ്റി സംസാരിച്ചപ്പോഴാണ് 'സർക്കാർ 4'നെപ്പറ്റിയുള്ള അപ്ഡേറ്റ് രാം ഗോപാൽ വർമ സ്ഥിരീകരിച്ചത്. 'സിൻഡിക്കേറ്റ്' എന്ന പേരിൽ മറ്റൊരു സിനിമയുടെ ജോലികൾ പുരോഗമിക്കുകയാണെന്നും സംവിധായകൻ വെളിപ്പെടുത്തി.

2005ലാണ് രാം ഗോപാൽ വർമയുടെ സംവിധാനത്തിൽ 'സർക്കാർ' സീരീസിലെ ആദ്യചിത്രം പുറത്തുവന്നത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. തുടർന്ന് 'സർക്കാർ രാജ്' (2008) 'സർക്കാർ 3' (2017) എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. സുപ്രിയ പഥക്, കെ.കെ. മേനോൻ, അമിത് സാഥ് എന്നിവരാണ് ഈ ഫ്രാഞ്ചൈസിയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

SCROLL FOR NEXT