പുതിയ ഹിന്ദി ചിത്രം പ്രഖ്യാപിച്ച് പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ. 'പൊലീസ് കമ്പനി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഹർഷവർദ്ധൻ റാണെയാണ് നായകൻ. മുംബൈ അധോലോകവും പൊലീസുമായി നടന്ന ഏറ്റുമുട്ടൽ പരമ്പരകളുടെ കഥ പറയുന്ന ചിത്രത്തിൽ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയാ നായിക്കിന്റെ വേഷത്തിലാണ് ഹർഷവർദ്ധൻ എത്തുന്നത്. ടി സീരീസ് ആണ് സിനിമയുടെ നിർമാണം.
'ഇറ്റ് ഈസ് മോർ ഡേഞ്ചറസ് ദാൻ ഡി കമ്പനി' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. സിനിമയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ രാം ഗോപാൽ വർമ കുറിച്ചത് ഇങ്ങനെ: ദാവൂദ് ഇബ്രാഹിം തന്റെ എതിർ ഗ്യാങ്ങുകളെ ക്രൂരമായി ഇല്ലാതാക്കിയ ശേഷം, തന്റെ അധോലോക സംഘത്തെ ഒരു വലിയ 'കമ്പനി'യായി വളർത്തുകയും തുടർന്ന് ദുബായിലേക്ക് കടക്കുകയും ചെയ്തു. മുംബൈയിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടം തന്റെ അനുയായിയായ ഛോട്ടാ രാജനെയാണ് അയാൾ ഏൽപ്പിച്ചത്.
തുടർന്ന് നടന്ന സംഭവവികാസങ്ങൾ ദാവൂദും ഛോട്ടാ രാജനും തമ്മിൽ തെറ്റുന്നതിലേക്ക് നയിച്ചു. ഇത് മുംബൈ അധോലോകത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു. ഈ സാഹചര്യം മുതലെടുത്ത് ഒന്നാം സ്ഥാനത്തിനായി മറ്റ് പല ഗ്യാങ്ങുകളും രംഗത്തെത്തിയത് ക്രിമിനൽ പ്രവർത്തനങ്ങൾ വൻതോതിൽ വർധിക്കാൻ കാരണമായി.
ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനങ്ങൾ തടയുന്നതിൽ ക്രമസമാധാന സംവിധാനം പൂർണമായും പരാജയപ്പെട്ടു. ഇത് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ധാരാളം യുവാക്കളെ അധോലോക സംഘങ്ങളിലേക്ക് ആകർഷിക്കാൻ ഇടയാക്കി. ഈ അടിയന്തര സാഹചര്യം നേരിടാൻ നിർമ്മിക്കപ്പെട്ട ഒരു പ്രത്യേക സംഘം 1997നും 2004നും ഇടയിൽ 300ലധികം ഗ്യാങ്സ്റ്റേഴ്സിനെയാണ് ഏറ്റുമുട്ടലുകളിൽ വധിച്ചത്.
ആ പ്രത്യേക സംഘത്തിലെ അംഗമായിരുന്ന ദയാ നായിക്കിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'പൊലീസ് കമ്പനി'. ഹർഷവർദ്ധൻ റാണെ ആണ് ദയാ നായിക്കിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പുറത്തുവിടും.
2002ൽ റാം ഗോപാൽ വർമ സംവിധാനം ചെയ്ത 'കമ്പനി' എന്ന ചിത്രം ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ എന്നിവർ തമ്മിലുള്ള തർക്കങ്ങളെയും പൊലീസുമായുള്ള ഏറ്റുമുട്ടലുകളെയും ആസ്പദമാക്കിയുള്ളതായിരുന്നു. പുതിയ ചിത്രമായ 'പൊലീസ് കമ്പനി'യിൽ ഇതേ കഥ പൊലീസിന്റെ കാഴ്ചപ്പാടിൽ അവതരിപ്പിക്കാനാണ് ആർജിവി ലക്ഷ്യമിടുന്നത്.
2004ൽ ദയാ നായിക്കിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഷിമിത് അമിൻ 'അബ് തക് ഛപ്പൻ' എന്നൊരു സിനിമ സംവിധാനം ചെയ്തിരുന്നു. നാനാ പടേക്കറാണ് ഈ ചിത്രത്തിൽ ദയ നായിക്കായി എത്തിയത്. രാം ഗോപാൽ വർമ ഈ സിനിമയുടെ നിർമാണ പങ്കാളിയായിരുന്നു.