'രാമായണ' സിനിമ 
MOVIES

18 മാസം കൊണ്ട് 4,500ലധികം ആഭരണങ്ങൾ, റഫറൻസ് ഈ ചിത്രങ്ങൾ; 'രാമായണ'യിലെ 'അമ്രപാലി' സ്പർശം

ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ആഡംബര ആഭരണ ബ്രാൻഡാണ് 'രാമായണ'യുടെ ജ്വല്ലറി പാർട്ണർ

Author : ന്യൂസ് ഡെസ്ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. രണ്ട് ഭാഗങ്ങളായി എത്തുന്ന ഈ ഇതിഹാസ ചിത്രത്തിന്റെ ആദ്യ ഭാഗം നവംബർ അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലറും പാട്ടുകളും ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. വലിയ സ്കെയിലിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌‍ലറിൽ ഉൾപ്പെടുത്തിയിരുന്ന വിഎഫ്എക്സ് രംഗങ്ങളും സ്ത്രീ കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമുകളും വിമർശിക്കപ്പെട്ടപ്പോഴും പ്രേക്ഷകരെ ആകർഷിച്ച ഒരു ഘടകമുണ്ട്. ഓരോ കഥാപാത്രവും ധരിച്ചിരിക്കുന്ന ആഭരണങ്ങൾ!

'ഹൗസ് ഓഫ് അമ്രപാലി'യാണ് 'രാമായണ' സിനിമയുടെ ഔദ്യോഗിക ജ്വല്ലറി പാർട്ണർ. രാജസ്ഥാനിലെ ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ആഡംബര ജ്വല്ലറി ബ്രാൻഡാണിത്. രാജീവ് അറോറയും രാജേഷ് അജ്മേരയും ചേർന്ന് 1978ൽ സ്ഥാപിച്ച ഈ സ്ഥാപനം, ഇന്ത്യയുടെ പരമ്പരാഗത ആഭരണ നിർമാണ ശൈലിയെ ആധുനിക ഫാഷനുമായി ചേർത്ത് അവതരിപ്പിക്കുന്നതിൽ ലോകപ്രശസ്തമാണ്.

ഏകദേശം 18 മാസം കൊണ്ട് 4,500ലധികം ആഭരണങ്ങളാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി ഇവർ രൂപകൽപ്പന ചെയ്തത്. എൻഡിടിവി നൽകിയ അഭിമുഖത്തിൽ ഈ നിർമിതികൾക്ക് പിന്നലെ പ്രചോദനത്തെക്കുറിച്ച് 'ഹൗസ് ഓഫ് അമ്രപാലി'യുടെ ക്രിയേറ്റീവ് ഹെഡാണ് തരംഗ് അറോറ വിശദമായി സംസാരിച്ചിരുന്നു.

'ഗൃഹാതുരത്വം' എന്ന വാക്കിനോടാണ് രാമായണത്തെ തരംഗ് അറോറ കൂട്ടിക്കെട്ടുന്നത്. ദൂരദർശനിൽ ഞായറാഴ്ച തോറും സംപ്രേക്ഷണം ചെയ്തിരുന്ന രാമാനന്ദ് സാഗറുടെ 'രാമായണം' പരമ്പര കാണാനായി ആകാംക്ഷയോടെ കാത്തിരുന്ന കാലം അറോറ ഓർത്തെടുത്തു. നിതേഷ് തിവാരിയുടെ ചിത്രമാകും അടുത്ത തലമുറ കാണാൻ പോകുന്ന രാമായണമെന്നും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'രാമായണ' പോലൊരു ചിത്രത്തിനായി ആഭരണങ്ങൾ രൂപകൽപ്പന ചെയ്യാൻ 'ഹൗസ് ഓഫ് അമ്രപാലി'യിലെ ടീമിന് പ്രചോദനമായത് പുരാതന വാസ്തുവിദ്യയും പുരാവസ്തു തെളിവുകളുമാണെന്ന് ഈ സംഘത്തെ നയിച്ച അറോറ പറയുന്നു. അന്നത്തെ കാലഘട്ടത്തിലെ ആളുകൾ എങ്ങനെ വസ്ത്രം ധരിച്ചിരുന്നു, എങ്ങനെയുള്ള ആഭരണങ്ങളാണ് അണിഞ്ഞിരുന്നത് എന്ന് സങ്കൽപ്പിക്കാൻ ഇത് ഏറെ സഹായിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

മറ്റൊരു വ്യക്തിയും 'രാമായണ' യിലെ അഭരണങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ പ്രചോദനമായിട്ടുണ്ട്. പ്രചോദനം എന്നല്ല 'റഫൻസ് പോയിന്റ്' എന്നാണ് അറോറ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മറ്റാരുമല്ല, പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളെയും രംഗങ്ങളെയും ജീവസുറ്റ ചിത്രങ്ങളായി ലോക മനസിൽ പതിപ്പിക്കുന്നതിൽ രവിവർമയ്ക്ക് വലിയ പങ്കുണ്ട്. ആ ചിത്രങ്ങളായിരുന്നു അമ്രപാലി ടീമിന്റെ റഫറൻസ് പോയിന്റ്.

അയോധ്യയും ലങ്കയും എങ്ങനെയായിരിക്കും എന്ന് സങ്കൽപ്പിക്കാനും കഥാപാത്രങ്ങളെ മനസിലാക്കാനും 'രാമായണ' ടീമിന്റെ നിർദേശങ്ങളും ഏറെ സഹായിച്ചുവെന്ന് തരംഗ് അറോറ കൂട്ടിച്ചേർക്കുന്നു.

ഏകദേശം 4,000 കോടി രൂപയാണ് രാമായണ സിനിമകളുടെ ബജറ്റ്. അടുത്ത വർഷം ദീപാവലിക്കാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ്. രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), ലാറ ദത്ത (കൈകേയി), കാജൽ അഗർവാൾ (മണ്ഡോദരി), അരുൺ ഗോവിൽ (ദശരഥൻ), പ്രകാശ് രാജ് (ജനകൻ), ശോഭന (കൈകസി) എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഓസ്കാർ ജേതാക്കളായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്നതാണ് ചിത്രം. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി ആണ് ചിത്രത്തിന്റെ വിഎഫ്എക്സിന് പിന്നിൽ. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT