കൊച്ചി: രജനികാന്ത് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട തലൈവർ പടമാണ് 'പടയപ്പ'. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത സിനിമയിൽ രജനികാന്തിനൊപ്പം നേർക്കുനേർ നിന്ന കഥാപാത്രമാണ് നീലാംബരി. രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരിക്ക് ഇന്നും ആരാധകർ ഏറെയാണ്. എന്നാൽ സിനിമ റിലീസ് ആയ സമയത്ത് അങ്ങനെയായിരുന്നില്ല. മദ്രാസിലേക്ക് വരാൻ രജനി ആരാധകർ അനുവദിച്ചിരുന്നില്ലെന്ന് നടി മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ റീ റിലീസ് ആകുമ്പോൾ രജനിയുടെ സ്റ്റൈലിന് ഒപ്പം രമ്യയുടെ സ്വാഗും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
രജനികാന്തിന്റെ 75ാം പിറന്നാളിനോട് അനുബന്ധിച്ചാണ് 'പടയപ്പ' റീ റിലീസ് ചെയ്തത്. റീ റിലീസ് പ്രഖ്യാപിച്ച അന്നുമുതൽ സൂപ്പർ സ്റ്റാർ ചിത്രത്തിലെ രമ്യ കൃഷ്ണന്റെ നീലാംബരിയുടെ പ്രകടനം കാണാൻ കൂടിയാണ് ആരാധകർ കാത്തിരുന്നത്. ഒരുകാലത്ത് രജനിക്ക് എതിരെ നെഗറ്റീവ് റോൾ ചെയ്ത നടിയെ ആക്രമിച്ചവർ തന്നെ തിയേറ്റുകളിൽ അവരെ കയ്യടികളോടെ സ്വീകരിച്ചു.
പല സീനുകളിലും പടയപ്പയേക്കാൾ ആരാധകർ ആഘോഷിച്ചത് നീലാംബരിയുടെ പെർഫോമൻസ് ആണ്. ആരാധകർക്കിടയിൽ ഇരുന്ന് സിനിമ കണ്ട രമ്യ കൃഷ്ണൻ തന്നെ ഇത്തരം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നിറഞ്ഞ സദസിൽ തന്റെ സീനുകൾക്ക് കയ്യടി ലഭിക്കുന്നത് ആസ്വദിക്കുന്ന നടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
സൗന്ദര്യ, ലക്ഷ്മി, രാധ രവി, അബ്ബാസ് തുടങ്ങി വൻ താരനിര അണിനിരന്ന സിനിമയാണ് 'പടയപ്പ'. തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അഞ്ച് അവാർഡുകളാണ് സിനിമ നേടിയത്. എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ സിനിമയുടെ പാട്ടുകളും സൗണ്ട് ട്രാക്കും ഇന്നും ട്രെൻഡിങ്ങാണ്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ നടക്കുകയാണെന്ന് രജനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.