സാറ അര്‍ജുന്‍ എന്ന പേര് കേട്ടാല്‍ മലയാളികള്‍ക്ക് അത്ര പരിചയം തോന്നില്ല. എന്നാല്‍, സണ്ണി വെയിന്‍ നായകനായ 'ആന്‍ മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിലെ കുട്ടിക്കുറുമ്പി ആന്‍ മരിയയെ പറഞ്ഞാല്‍ അറിയും. 'ദൈവത്തിരുമകള്‍' എന്ന സിനിമയില്‍ വിക്രമിനൊപ്പം മത്സരിച്ചഭിനയിച്ച ബാലതാരം എന്നുകൂടി പറഞ്ഞാല്‍ കൃത്യമായി മനസ്സിലാകും.
നടന്‍ രാജ് അര്‍ജുന്റെ മകളായ സാറ അര്‍ജുന്‍ മലയാളത്തിലടക്കം പ്രമുഖ ഭാഷകളിലെല്ലാം അഭിനയിച്ച ബാലനടിയായിരുന്നു. 2005 ജൂണ്‍ 18 ന് ജനിച്ച സാറ രണ്ട് വയസു മുതല്‍ അഭിനയരംഗത്ത് സജീവമാണ്. അഞ്ച് വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പ് നൂറിലധികം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
2011 ല്‍ പുറത്തിറങ്ങിയ ദൈവത്തിരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് സാറ സിനിമാ ലോകത്ത് കടക്കുന്നത്. ചിത്രത്തില്‍ വിക്രമിനൊപ്പം തന്നെ ആറ് വയസുകാരി സാറയുടെ പ്രകടനവും കയ്യടികള്‍ നേടിയിരുന്നു. വിക്രമിന്റെ മകളായി നിലാ എന്ന കഥാപാത്രത്തെയാണ് സാറ അവതരിപ്പിച്ചത്.
ഇതോടെ മലയാളമടക്കം നിരവധി ഭാഷകളില്‍ സാറ ബാലതാരമായി എത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരമായി. ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് സിനിമകളിലെല്ലാം സാറ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ സാറ അഭിനയിച്ച ശൈവം, സില്ലു കരുപ്പട്ടി, മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. പൊന്നിയന്‍ സെല്‍വത്തില്‍ ഐശ്വര്യ റായ് ബച്ചന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാറയാണ്.
ബാലതാരത്തില്‍ നിന്ന് ഇപ്പോള്‍ നായികയായി വളര്‍ന്നിരിക്കുകയാണ് സാറ അര്‍ജുന്‍. നായികയായി അരങ്ങേറ്റം അങ്ങ് ബോളിവുഡിലും. റണ്‍വീര്‍ സിങ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ധുരന്ധറില്‍ നായികയായി എത്തുന്നത് സാറ അര്‍ജുന്‍ ആണ്. സിനിമയുടെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങിയിരുന്നു. ട്രെയിലറില്‍ മിന്നായം പോലെ കാണിച്ച നായികയെ ഒറ്റ നോട്ടത്തില്‍ മലയാളികള്‍ അടക്കമുള്ള പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു.