Vedan റാപ്പർ വേടന്‍
MOVIES

വേടന്‍ കോളിവുഡിലേക്ക്; വിജയ് മില്‍ട്ടണ്‍ ചിത്രത്തില്‍ പാടും

മഞ്ഞുമ്മല്‍ ബോയിസിലെ 'കുതന്ത്രം' എന്ന പാട്ടിലൂടെയാണ് വേടന്‍ സിനിമാ ഗാനരംഗത്തേക്ക് പ്രവേശിച്ചത്

Author : ന്യൂസ് ഡെസ്ക്

തമിഴ് സിനിമയില്‍ പാടാനൊരുങ്ങി മലയാളി റാപ്പർ വേടന്‍. വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വേടന്റെ കോളിവുഡ് അരങ്ങേറ്റം. 2024ല്‍ ഇറങ്ങിയ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയിസിലെ 'കുതന്ത്രം' എന്ന പാട്ടിലൂടെയാണ് വേടന്‍ സിനിമാ ഗാനരംഗത്തേക്ക് പ്രവേശിച്ചത്.

വിജയ് മില്‍ട്ടന്റെ ഗോലി സോഡയുടെ അടുത്ത ഭാഗത്തില്‍ വേടനും ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 2014ലാണ് ഗോലി സോഡയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. സിനിമയുടെ സീക്വലായി ഗോലി സോഡ 2ഉം, ഗോലി സോഡ: റൈസിങ് എന്ന ഹോട്ട്സ്റ്റാർ സീരീസും റിലീസ് ചെയ്തിരുന്നു.

ജാതി വിവേചനം, അരികുവൽക്കരണം, സാമൂഹിക അനീതി എന്നിവയെ അഭിസംബോധന ചെയ്ത 'വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്' എന്ന ഗാനത്തിലൂടെ 2020ലാണ് വേടൻ റാപ്പ് രംഗത്ത് പ്രശസ്തനാകുന്നത്. സ്വതന്ത്ര റാപ്പ് മ്യൂസിക്കുകള്‍ക്ക് പുറമെ നായാട്ട്, പടവെട്ട്, കൊണ്ടൽ, നരിവേട്ട, ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങളിലും വേടന്‍ പാടിയിട്ടുണ്ട്.

വിജയ് മിൽട്ടന്റെ വരാനിരിക്കുന്ന സിനിമയിൽ ഭരത്, സുനിൽ, ആരി അർജുനൻ, അമ്മു അഭിരാമി, കിഷോർ ഡി.എസ്, വിജേത, പ്രസന്ന ബാലചന്ദ്രൻ, ഇമ്മാൻ അണ്ണാച്ചി എന്നിവരാണ് അഭിനയിക്കുന്നത്. വേടനെ കൂടാതെ തമിഴ് റാപ്പർ പാൽ ഡബ്ബയും ഈ സിനിമയുടെ ഭാഗമാകും. തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

SCROLL FOR NEXT