ജാനകി എന്ന 'ജാനകി വി' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമയുടെ പേരില്‍ 'ജാനകി വി' എന്ന മാറ്റം വരുത്തിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
ജാനകി v/s സ്റ്റേറ്റ് ഓഫ് | JSK Film
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള പോസ്റ്റർSource: Facebook
Published on

ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. U/A 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെന്‍സർ ബോർഡ് നൽകിയത്. സിനിമയുടെ പേരില്‍ 'ജാനകി വി' എന്ന മാറ്റം വരുത്തിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

ജൂലൈ 17 വ്യാഴാഴ്ച ചിത്രം തിയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രം വീണ്ടും കണ്ടിരുന്നു. തുടര്‍ന്ന് അന്തിമ അനുമതിക്കായി സിനിമ മുംബൈയിലേക്ക് അയച്ചു.

സിനിമയുടെ പേരില്‍ മാറ്റം വരുത്തണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തോടെയാണ് പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിവാദങ്ങളുടെ കേന്ദ്രമായത്. നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു. സെന്‍സർ ബോർഡ് നിർദേശത്തെ തുടര്‍ന്ന് ജാനകി എന്ന പേര് മാറ്റി 'ജാനകി വി' എന്നാക്കി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് പോലെ സിനിമയിലെ കോടതി രംഗങ്ങളില്‍ രണ്ടിടത്ത് ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യുമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ജാനകി v/s സ്റ്റേറ്റ് ഓഫ് | JSK Film
ഇല്യുമിനാറ്റിയല്ല, ഗ്രാന്‍ഡ് മാസ്റ്റർ; സിനിമയിലെ കൂബ്രിക്ക് കോഡ്

ആദ്യം 96 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നിര്‍ദേശിച്ചത്. പിന്നീട് അത് സിനിമയുടെ ടൈറ്റിലിന്റെ പേര് മാറ്റണമെന്നും കോടതി രംഗത്തില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നുമുള്ള രണ്ട് ആവശ്യമാവുകയും അത് നിര്‍മാതാക്കള്‍ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. സിനിമയിലെ 'ജാനകി' എന്ന കഥാപാത്രം ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്. സീതാദേവിയുടെ മറ്റൊരു പേരാണ് 'ജാനകി' എന്നും ഈ ചിത്രീകരണം സീതാദേവിയുടെ അന്തസ്സിനെയും പവിത്രതയെയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും അതുവഴി മതവികാരങ്ങള്‍ വ്രണപെടുമെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

അനുപമ പരമേശ്വരനാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രമായ 'ജാനകി' എന്ന 'ജാനകി വി'യെ അവതരിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. കോസ്‌മോസ് എന്റര്‍ടെയിന്‍മെന്റിന്റെ കീഴില്‍ കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് ജെ. ഫണീന്ദ്ര കുമാറാണ് 'ജെഎസ്‌കെ' നിര്‍മിച്ചിരിക്കുന്നത്.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം. സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com