എം. എസ്. സുബ്ബുലക്ഷ്മി, രശ്മിക മന്ദാന 
MOVIES

"മൂളിപ്പാട്ട് പോലും പാടാറില്ല, പക്ഷേ...": എം.എസ്. സുബ്ബുലക്ഷ്മിയാകാൻ കർണാടക സംഗീതം പഠിക്കാനൊരുങ്ങി രശ്മിക മന്ദാന

ഗൗതം തിന്നനുരി ആണ് ‘എംഎസ് – എ ലെഗസി ഓൺ സ്ക്രീൻ’ സംവിധാനം ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

കർണാടക സംഗീത ഇതിഹാസവും ഭാരതരത്ന ജേതാവുമായ എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം പറയുന്ന ചിത്രത്തിനായി കർണാടക സംഗീതം പഠിക്കാൻ ഒരുങ്ങുകയാണെന്ന് നടി രശ്മിക മന്ദാന. പ്രേമ ദ ജേണലിസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ‘എംഎസ് – എ ലെഗസി ഓൺ സ്ക്രീൻ’ എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് നടി മനസുതുറന്നത്.

“എനിക്ക് കർണാടക സംഗീതം പഠിച്ചു തുടങ്ങണം. ഈ ചിത്രത്തിൽ വെറുതെ പാടുന്നതായി ഭാവിച്ചാൽ പോരല്ലോ. ശരിക്കും പഠിക്കണം. ജീവിതത്തിൽ ഒരിക്കലും ഞാൻ പാടിയിട്ടില്ല. വീട്ടിൽ പോലും ഞാൻ ഒരു മൂളിപ്പാട്ട് പാടാറില്ല. ഈ പ്രോജക്ടോടെ ഞാൻ മൂളാനും പാടാനും ആഗ്രഹിക്കുന്നു,” രശ്മിക പറഞ്ഞു.

എം.എസ്. സുബ്ബുലക്ഷ്മിയുടെ വേഷം ആദ്യം വാഗ്ദാനം ചെയ്തപ്പോൾ ‘തനിക്ക് തൊടാനാകാത്തത്ര ശക്തമാണത്’ എന്നാണ് പറഞ്ഞതെന്നും, എന്നാൽ ആ ജീവിതം പുതുതലമുറ അറിയേണ്ടതാണെന്ന തിരിച്ചറിവും ഉള്ളിലെ മോഹവുമാണ് വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്നും താരം വ്യക്തമാക്കി.

ഗൗതം തിന്നനുരി ആണ് ‘എംഎസ് – എ ലെഗസി ഓൺ സ്ക്രീൻ’ സംവിധാനം ചെയ്യുന്നത്. 'മല്ലി റാവ', 'ജേഴ്സി', 'കിംഗ്ഡം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഗൗതം തിന്നനുരി. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് യുവ സംഗീത സംവിധായകരിൽ മുൻനിരയിലുള്ള അനിരുദ്ധ് രവിചന്ദർ ആണ്. ഗീതാ ആർട്സ്, റോക്ക്‌ലൈൻ എന്റർടെയ്‌ൻമെന്റ്, ബണ്ണി വാസ് വർക്സ് എന്നിവർ സംയുക്തമായാണ് 'എം.എസ്' നിർമിക്കുന്നത്.

സായ് പല്ലവി, രുക്മിണി വസന്ത് എന്നിവരുൾപ്പെടെ പ്രമുഖ നടിമാരെ ഈ വേഷത്തിനായി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ രശ്മികയെ 'സുബ്ബലക്ഷ്മിയായി' ഉറപ്പിക്കുകയായിരുന്നു. നടിയുടെ കരിയറിലെ നാഴികക്കല്ലായി മാറാൻ സാധ്യതയുള്ള വേഷമാണിത്.

SCROLL FOR NEXT