MOVIES

വെളിപ്പെടുത്തലുകള്‍ പുതിയതല്ല, സിദ്ദിഖിനെതിരെ ആരോപണമുയര്‍ന്നത് 2019ല്‍

എന്തായിരുന്നു രേവതി സമ്പത്തിന്റെ ആരോപണം?

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ AMMA ജനറല്‍ സെക്രട്ടറി സിദ്ദിഖും പ്രതികരണം അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരാതികള്‍ ഉണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്കണം. കുറ്റക്കാരെ ശിക്ഷിക്കണമെന്നാണ് നിലപാട് എന്നാണ് സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കുറ്റക്കാരെ ശിക്ഷിക്കണമെന്ന് നടന്‍ സിദ്ദിഖ് പറയുമ്പോള്‍ ഓര്‍മ്മ വരുന്ന മറ്റൊരു സംഭവമുണ്ട്. നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ നടത്തിയ ആരോപണം.

എന്തായിരുന്നു രേവതി സമ്പത്തിന്റെ ആരോപണം? 2016ലാണ് സംഭവം. അന്ന് രേവതി അഭിനയം തുടങ്ങിയിട്ടില്ല. തന്റെ മകന്‍ അഭിനയിക്കുന്ന ഒരു തമിഴ് ചിത്രത്തില്‍ അവസരം തരാം എന്ന് പറഞ്ഞ് സിദ്ദിഖ് രേവതിയെ ബന്ധപ്പെടുകയായിരുന്നു. സുഖമറിയാതെ എന്ന സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ വെച്ച് നടന്നിരുന്നു. തുടര്‍ന്ന് നേരത്തെ സൂചിപ്പിച്ച ഓഫര്‍ ചര്‍ച്ച ചെയ്യാന്‍ മാസ്‌കട്ട് ഹോട്ടലില്‍ വരാന്‍ സിദ്ദിഖ് രേവതിയോട് ആവശ്യപ്പെട്ടു. അവിടെ എത്തിയ രേവതിയോട് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് സിദ്ദിഖ് ചോദിക്കുകയായിരുന്നു. 21 വയസ് പ്രായമുള്ള തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നായിരുന്നു രേവതി സമ്പത്തിന്റെ ആരോപണം.

ALSO READ : ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം, കുറ്റക്കാരെ ശിക്ഷിക്കണം, പുകമറ സൃഷ്ടിക്കരുത്: AMMA


2019ലാണ് രേവതി സമ്പത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. സിദ്ദിഖും കെപിഎസി ലളിതയും ഒരുമിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തെ തുടര്‍ന്നാണ് രേവതി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

അതുകൊണ്ട് തന്നെ സിദ്ദിഖ് എന്ന നടനും AMMA ജനറല്‍ സെക്രട്ടറിയും ഇത്തരത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്നും പരാതി പറഞ്ഞതിന്റെ പേരില്‍ ആരെയും സിനിമയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും പറയുമ്പോള്‍ അതെത്രത്തോളം ആത്മാര്‍ത്ഥതയോട് കൂടിയാണ് പറയുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വേട്ടക്കാരന്റെ സ്ഥാനത്താണ് രേവതി സമ്പത്ത് അഞ്ച് വര്‍ഷം മുന്‍പ് സിദ്ദിഖിനെ പ്രതിഷ്ടിച്ചത്. അത് വെറും ആരോപണമായി തേഞ്ഞ് മാഞ്ഞ് പോയത് പല കാരണങ്ങള്‍ കൊണ്ടായിരിക്കാം. എന്നാല്‍ ഇന്ന് ഈ സ്ത്രീകളെല്ലാം തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്ന് പറയുമ്പോള്‍ തീര്‍ച്ചയായും രേവതി സമ്പത്തിനെയും അവരുടെ തുറന്നു പറച്ചിലിനെയും ഓര്‍ക്കേണ്ടതുണ്ട്.

SCROLL FOR NEXT