കുറ്റക്കാരെ ശിക്ഷിക്കണമെന്നാണ് നിലപാടെന്നും സിദ്ദിഖ് കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കേണ്ടത് സർക്കാരാണെന്നും, റിപ്പോർട്ട് AMMA സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തുന്നില്ലെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ്. റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു. റിപ്പോർട്ടിലെ പരാമർശിക്കുന്ന പരാതികൾ ഉണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്കണം. കുറ്റക്കാരെ ശിക്ഷിക്കണമെന്നാണ് നിലപാടെന്നും സിദ്ദീഖ് കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റിപ്പോർട്ട് വൈകിയതിന് പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു. സിനിമയിലെ പവർ ഗ്രൂപ്പ് എന്ന പരാമർശം കേട്ടു. അങ്ങനെയുള്ളതായി അറിയില്ല. 'സിനിമാ മേഖലയിലാകെ പ്രശ്നം' എന്ന പരാമർശത്തിൽ അതൃപ്തിയുണ്ട്. സംഘടയുടെ ഷോ ഉള്ളതു കൊണ്ടാണ്ട് റിപ്പോർട്ടിന്മേലുള്ള പ്രതികരണം വൈകിയതെന്നും സിദ്ദീഖ് പറഞ്ഞു.
സിനിമയിൽ ഇൻ്റേഷണൽ കംപ്ലെയ്ൻ്റ് നടപ്പിലാക്കേണ്ടത് നിർമാതാക്കളാണ്. സംഘടനയ്ക്ക് അതിൽ ഇടപെടാനാകില്ല. മാധ്യമങ്ങൾ വിമർശിക്കുന്നത് പോലെ AMMA സംഘടന ഒളിച്ചോടിയിട്ടില്ല. അംഗങ്ങൾ ഉന്നയിച്ച പരാതിയിൽ ഏതറ്റം വരെയും ഒപ്പം പോകും. റിപ്പോർട്ടിനെ ബഹുമാനത്തോടെ കാണുന്നു. സർക്കാർ നടപ്പാക്കുമെന്ന് പറയുന്ന കോൺക്ലേവിനെ കുറിച്ച് ഒന്നും അറിയില്ല.
READ MORE: ഹേമ കമ്മിറ്റി റിപ്പോർട്ട്: തീരുമാനമെടുക്കേണ്ടത് കോടതിയോ പൊലീസോ?
ഒരു സിനിമയേയും ആരേയും തടയാൻ കഴിയില്ല. വിജയിക്കുന്നവർക്കൊപ്പമാണ് സിനിമ. റിപ്പോർട്ട് പഠിക്കാൻ സാവകാശം തേടിയതിൽ തെറ്റ് കാണുന്നില്ല. ലൈംഗികാതിക്രമം മാത്രമല്ല സിനിമയിൽ നടക്കുന്നത്, വേതന വിവേചനമടക്കമുള്ള വിഷയങ്ങൾ മേഖലയിലുണ്ട്. ആരൊക്കെ നിർദേശങ്ങൾ പറഞ്ഞിട്ടുണ്ടോ, അതിനനുസരിച്ചുള്ള മാറ്റങ്ങൾ സംഘടന വരുത്തിയിട്ടുണ്ട്. പരാതി പറഞ്ഞതിൻ്റെ പേരിൽ ആരെയും സിനിമയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും സിദ്ദീഖ് പറഞ്ഞു.
പ്രമുഖർ ഉപദ്രവിച്ചുവോ എന്ന ചോദ്യത്തിന് അവർ ആരെന്ന് ആദ്യം പുറത്തുവരട്ടെ. AMMAയ്ക്ക് ഉള്ളിൽ ഭിന്നത ഇല്ല. മമ്മൂട്ടിയെയും മോഹൻലാലിനെയും കമ്മിറ്റി വിളിപ്പിച്ചിട്ടുണ്ട്. പ്രതിഫലം സമ്പാദിച്ച കാര്യങ്ങളാണ് ചോദിച്ചെന്നതാണ് അറിവെന്നും സിദ്ദീഖ് പറഞ്ഞു. താര സംഘടനയായ AMMAയുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനു മോഹൻ, ജോമോൾ, അനന്യ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
READ MORE: വേട്ടക്കാരൻ്റെ പേര് ഒഴിവാക്കാൻ ആരും പറഞ്ഞിട്ടില്ല, പുഴുക്കുത്തുകൾ പുറത്തുവരണം: ജഗദീഷ്
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ താര സംഘടനയായ AMMA എക്സിക്യൂട്ടീവ് യോഗം ചേരാത്തതിൽ, സംഘടനയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. AMMA നേരത്തെ പ്രതികരിക്കേണ്ടിയിരുന്നു എന്ന് വൈസ് പ്രസിഡൻ്റ് ജയൻ ചേർത്തല പറഞ്ഞു. പ്രതികരിക്കാൻ വൈകിയതിൽ താൻ വിഷമിക്കുന്നുവെന്നും ജയൻ ചേർത്തല മാധ്യമങ്ങളോട് പറഞ്ഞു.