'വാരണാസി' സിനിമയിൽ പൃഥ്വിരാജ്, മഹേഷ് ബാബു, പ്രിയങ്ക ചോപ്ര Source: X / S S Rajamouli
MOVIES

രുദ്രയും ഛിന്നമസ്ത ദേവിയും, പിന്നെ പൃഥ്വിയുടെ ഈവിൾ ജീനിയസും; 'വാരണാസി' ടീസറിൽ ഒളിഞ്ഞിരിക്കുന്നത് എന്തൊക്കെ?

കഥയുടെ പലതരം പീസുകൾ ഈ ടീസറിൽ ഉടനീളം രാജമൗലി ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

Author : ശ്രീജിത്ത് എസ്

എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രം 'വാരണാസി'യുടെ ടൈറ്റിൽ റിവീൽ ടീസ‍ർ ഇറങ്ങിയപ്പോൾ മുതൽ പലതരം ഫാൻ തിയറികളിങ്ങനെ അന്തരീക്ഷത്തിൽ കറങ്ങി നടക്കുകയാണ്. പടത്തിന്റെ വലിപ്പം, മൂഡ്, എന്നിവ വ്യക്തമാക്കുന്ന എന്നാൽ അധികം ഒന്നും വിട്ടുപറയാത്ത ടീസ‍‍‍ർ. എന്നാൽ, സൂക്ഷ്മമായി നോക്കിയാൽ കഥയുടെ പലതരം പീസുകൾ ഈ ടീസറിൽ ഉടനീളം രാജമൗലി ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

മഹേഷ് ബാബു നായകനാകുന്ന, പ്രിയങ്കാ ചോപ്ര നായികയാവുന്ന, മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് സുകുമാരൻ ബ്രൂട്ടൽ വില്ലൻ റോളിലെത്തുന്ന 'വാരണാസി' ഒരു ടൈം ട്രാവൽ മൂവിയാണെന്നാണ് ടീസ‍ർ നൽകുന്ന സൂചന. അതേ, ഈ നോളൻ സിനിമകൾ പോലൊരു ഐറ്റം. നോളൻ സ്പേസ്-ടൈം ബ്രേക്ക് ചെയ്ത് കഥ മെനഞ്ഞപ്പോൾ, രാജമൗലിയും പിതാവ് വിജയേന്ദ്ര പ്രസാദും കൂടി മഹേഷിന്റെ രുദ്രയേയും സംഘത്തേയും അങ്ങ് ത്രേതായു​ഗം വരെ കൊണ്ടുപോകുന്നു എന്നാണ് തിയറി. ഇതിഹാസങ്ങളാണല്ലോ ഇന്ത്യൻ ഫ്ലേവർ കൊണ്ടുവരിക.

'വാരണാസി' ടീസറിൽ നമുക്ക് മൾട്ടിപ്പിൾ ടൈം ലൈനുകൾ കാണാം. പല ഭൂഖണ്ഡങ്ങളിലായി പല സമയങ്ങളിലായാണ് ഈ സിനിമ വികസിക്കുന്നത്. ടീസർ തുടങ്ങുന്നത് ക്രിസ്തു വ‍ർഷം 512 ലെ വാരണാസി കാണിച്ചു കൊണ്ടാണ്. അവിടെ നടക്കുന്ന ഒരു മാഹായാ​ഗത്തിൽ നിന്ന് ഭൂമി ലക്ഷ്യമാക്കി പാഞ്ഞുവരുന്ന ഒരു ആസ്ട്രോയിഡിലേക്ക് ടീസർ നമ്മളെ കൊണ്ടുപോകുന്നു. ആസ്ട്രോയിഡ് ഷംബാവി. ഇത് നടക്കുന്നത് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന അതേ വ‍ർഷം തന്നെയാണ്, 2027.

ആസ്ട്രോയിഡ് ഷംബാവി

ഇവിടെ നിന്നങ്ങോട്ട് വരുന്ന മിക്കവാറും ഫ്രെയിമുകളിലും നമുക്ക് സിനിമയിലെ കഥാപാത്രങ്ങളെ ഒളിപ്പിച്ചുവച്ചിരിക്കുന്നതായി കാണാം. അന്റാ‍ർട്ടിക്കയിലെ റോസ് ഐസ് ഷെൽഫ് കാണിക്കുന്നിടത്ത് റബ‍ർ ബോട്ടിൽ പോകുന്ന ഒരു പരിവേക്ഷണ സംഘത്തെ കാണാം. ഒപ്പം ആ ഐസ് ബ്ലോക്കിലേക്ക് കയറുന്ന കുറച്ചുപേരെയും. റബർ ബോട്ടിലുള്ളത് മഹേഷ് ബാബുവും പൃഥ്വിരാജ് എന്ന ഈവിൾ ജീനിയസും അടങ്ങുന്ന ടീമാണെന്നാണ് നെറ്റിസൺസിന്റെ വാദം.

റോസ് ഐസ് ഷെൽഫ്

അടുത്തായി കാണുന്നത് ആഫ്രിക്കയിലെ അമ്പോസെലി വനമാണ്. ഈ ഷോട്ടിൽ ഒരാൾ ഒരു പാരച്യൂട്ടിൽ പറന്നിറങ്ങുന്നുണ്ട്. ഇത് മഹേഷ് ബാബു ആണെന്നാണ് ഫാൻ തിയറി. തൊട്ടടുത്ത ഷോട്ട് ഒരു നദിയിൽ, ഭീമൻ ഹിപ്പോപൊട്ടാമസുകളുടെ ഇടയിൽ നിന്ന് രക്ഷപ്പെടാനായി ഒരു കുരങ്ങൻ ചാടുന്നതാണ്. ഇവിടെ കുരങ്ങന് രക്ഷകനായി വഞ്ചിയിൽ മഹേഷ് ബാബുവിനെ കാണാം.

അമ്പോസലി വനം

അടുത്തത് വനാഞ്ചലിലെ ഉ​ഗ്രഭട്ടി കേവ്. ഇവിടെ നമ്മൾ കാണുന്നത് തലയില്ലാത്ത ഒരു പ്രതിമയുടെ മുകളിലേക്ക് വീഴുന്ന സാരിയുടുത്ത ഒരു രൂപത്തെയാണ്. ഈ പ്രതിമ ഛിന്നമസ്താ ദേവിയുടേതാണ്. ദശമഹാവിദ്യകളിൽ ഒന്നായ ദേവീ സങ്കല്പം. ജീവനെടുക്കുകയും കൊടുക്കുകയും ചെയ്യുന്ന ദൈവ സങ്കൽപ്പം. ഇവിടെ മുകളിൽ നിന്ന് വീഴുന്ന സ്ത്രീ പ്രിയങ്കാ ചോപ്രയാണെന്ന് വ്യക്തം. പ്രിയങ്കയുടെ 'മന്ദാകിനി'യുടെ കാരക്ടർ പോസ്റ്ററിനോടുള്ള സാമ്യം ആണ് ഇങ്ങനെ പറയാൻ കാരണം. ഇതേ ഷോട്ടിൽ മഹേഷ് ബാബുവിനെയും കാണാം.

ഇവിടെ നിന്ന് രാജമൗലി നമ്മളെ കൊണ്ടുപോകുന്നത് ത്രേതായു​ഗത്തിലെ ലങ്കാ ന​ഗരത്തിലേക്കാണ്. രാവണനോട് എതിരിടുന്ന രാമനും ഹനുമാനും വാനരപ്പടയും വരുന്ന സീൻ. ഇതിൽ ഹനുമാന്റെ വാലിലൂടെ തേരോടിച്ച് പോകുന്നത് മഹേഷ് ബാബുവും തൊട്ടുപിന്നിലായി വീൽച്ചെയറിൽ പോകുന്നത് പൃഥ്വിരാജിന്റെ കുംഭയുമാണ്.

വനാഞ്ചലിലെ ഉ​ഗ്രഭട്ടി കേവ്

വാരണാസിയിലെ മണിക‍ർണിക ഘട്ടാണ് അടുത്തത്. ഇവിടെ ഒരു പോ‍ർട്ടൽ പോലെ എന്തോ ഒന്ന് തുറക്കുന്നു. ഇത് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ​ഗവേഷണങ്ങളോ മറ്റോ കാരണം സംഭവിച്ചതാകാം. ഈ പോ‍ർട്ടലായിരിക്കാം രുദ്രയേയും സംഘത്തേയും പല ദേശ കാലങ്ങളിലേക്ക് എത്തിക്കുന്നത്. ടീസർ അവസാനിക്കുന്നത്, ത്രിശൂലവുമായി നന്ദിയുടെ പുറത്തേറി രുദ്ര പാഞ്ഞുവരുന്നിടത്താണ്. ഒരു ശിവൻ റെഫറൻസ്.

മണിക‍ർണിക ഘട്ട്

എന്നാൽ, എന്താകും രുദ്രയേയും സംഘത്തേയും ഉപയോ​ഗിച്ച് കുംഭ തിരയുന്നത്? നോളൻ സിനിമകളെ അനുകരിക്കുകയാണോ എന്ന ചോദ്യമാണ് ടീസർ പുറത്തുവന്നതിന് പിന്നാലെ ഉയർന്നതെങ്കിലും ഇതൊരു ഇന്ത്യാനാ ജോൺസ് വൈബ് പടമാകാനാണ് സാധ്യത. വാരണാസി എന്താണ് എന്ന് അറിയണമെങ്കിൽ ഇനിയും നമ്മൾ കാത്തിരിക്കണം. 2027 വരെ.

SCROLL FOR NEXT