നിറഞ്ഞൊരു ചിരി. അതായിരുന്നു സലിം കുമാർ. അതിങ്ങനെ മുഖപ്പൂച്ചായി കൊണ്ടുനടക്കുകയായിരുന്നില്ല അദ്ദേഹം. മർമം അറിഞ്ഞ് നർമം പ്രയോഗിച്ച് അദ്ദേഹം ആളുകളെ ചിരിപ്പിച്ചു, വിമർശിച്ചു. ഒടുവിൽ സകല വേഷങ്ങളും അഴിച്ചുവച്ച് പിൻവാങ്ങുമ്പോഴും "ഈശ്വരാ വഴക്കില്ലല്ലോ" എന്ന് ചിരിയോടെ സലിം ചോദിക്കുന്നു. ഇനി അഥവാ പടച്ചോനെന്തെങ്കിലും പരിഭവമുണ്ടെങ്കിൽ താൻ അഭിനയിച്ച 250ലധികം ചിത്രങ്ങൾ കാട്ടി "ഒന്ന് കണ്ടുനോക്കൂ" എന്ന് അദ്ദേഹം പറഞ്ഞേക്കും. പിന്നെ, ഈശ്വരന് ഒരു വഴക്കുമുണ്ടാകാൻ ഇടയില്ല. "എന്റെ സലീമേ, എന്താ നിന്റെ പെർഫോർമൻസ്," എന്ന് തോളിൽ തട്ടി ദൈവം ഒന്ന് അഭിനന്ദിച്ചേക്കും. "നീ സിനിമാകാരനാകാനാടാ പിറന്നത്," എന്ന് ചുമ്മാ അതിനൊപ്പം ഒന്ന് ഫിറ്റും ചെയ്തേക്കും. ആ നിമിഷം സിനിമാക്കാരനാകണം എന്ന് ആഗ്രഹിച്ചിരുന്ന കുട്ടിക്കാലത്തേക്ക് നടന്റെ മനസ് സമയയാത്ര നടത്തിയേക്കും.
ദൈവവും സലിം കുമാറും തമ്മിൽ ഇങ്ങിനെയൊരു കുശലാന്വേഷമുണ്ടാകുമോ എന്നതിന്റെ പ്രായോഗികത ഫിക്ഷന്റെ സാധ്യതയ്ക്ക് വിട്ട് അതിലെ കാതലായ കാര്യത്തിലേക്ക് വരാം - സിനിമാ നടനാകാനുള്ള പിറവി. നടനാകാനായിരുന്നു ആഗ്രഹമെങ്കിലും സലിം കുമാർ അത് ആരോടും പറഞ്ഞിരുന്നില്ല. സുന്ദരക്കുട്ടപ്പന്മാരായ നായകൻമാർ വിളയാടുന്ന സിനിമാലോകത്തേക്ക് തന്റേത് ഒരു അതിക്രമിച്ചു കടക്കലാകുമെന്ന് കരുതി മോഹം മനസിൽ ഒതുക്കി.
കലാഭവന്റെ മിമിക്രി വേദികളിലൂടെ കലാരംഗത്ത് സജീവമായതോടെയാണ് സലിം കുമാറിന്റെ മുന്നിൽ സിനിമയിലേക്കുള്ള വഴി തെളിഞ്ഞുകിട്ടുന്നത്. എന്നാൽ, വെളിച്ചക്കുറവുണ്ട്. തൃപ്രയാറിലെ ഒരു മിമിക്രി പരിപാടി ആ കുറവ് പരിഹരിച്ചു. ദിലീപും നാദിർഷയുമായിരുന്നു ഈ പരിപാടിയിൽ മുഖ്യാതിഥികൾ. ട്രൂപ്പിലുണ്ടായിരുന്ന രണ്ട് പേർ വരാത്തതിനാൽ മുഖ്യാതിഥികൾക്ക് സ്റ്റേജിൽ കയറേണ്ടി വന്നു. പരിപാടിക്ക് ശേഷം തിരക്കഥാകൃത്ത് റോബിൻ തിരുമലയ്ക്ക് നാദിർഷ സലിമിനെ പരിചയപ്പെടുത്തിക്കൊടുത്തു. അടുത്ത സിനിമയിലേക്ക് ശുപാർശയും ചെയ്തു. സിദ്ദിഖ് ഷമീറിന് വേണ്ടി റോബിൻ എഴുതുന്ന 'മഴവിൽ കൂടാരം' എന്ന സിനിമയുടെ സെറ്റിലേക്ക് സലിം കുമാർ എത്തുന്നത് അങ്ങനെയാണ്. പക്ഷേ അപ്പോഴേക്കും അവിടുത്തെ സ്ഥിതിഗതികൾ ആകെ മാറിയിരുന്നു. റോബിൻ മാറി മറ്റൊരാളായിരുന്നു തിരക്കഥാകൃത്തിന്റെ റോളിൽ. പരിചയക്കാരനായിരുന്നതിനാൽ സലിം പോയി അയാളോട് സംസാരിച്ചു. പക്ഷേ കടുത്ത അപമാനമാണ് നേരിടേണ്ടിവന്നത്. സങ്കടത്തോടെ സലിം മടങ്ങി.
വിധിച്ചത് സലിമിനെ തേടി വരാൻ പിന്നെയും സമയമെടുത്തു. ആദ്യ സിനിമയിലേക്ക് വിളി വരുന്നത് കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ്. 1996 സെപ്റ്റംബർ 14നായിരുന്നു വിവാഹം. പ്രീ ഡിഗ്രീ കാലത്തെ പ്രേമഭാജനം, സുനിതയാണ് വധു. ഭാര്യവീട്ടിൽ ഇരിക്കുമ്പോഴാണ് സിനിമയിലേക്കുള്ള വിളി വരുന്നത്. സലിം ആദ്യ സിനിമയുടെ സെറ്റിലേക്ക് ഇറങ്ങിത്തിരിച്ചു. സുനിതയ്‌ക്കൊപ്പം വിരുന്നിനെത്താൻ ക്ഷണിച്ചവരോട് "ഷൂട്ടിങ് കഴിഞ്ഞ് ഫ്രീ ആകുമ്പോൾ വരാം," എന്നാണ് സലിം കുമാർ പറഞ്ഞ്. പക്ഷേ, ഒന്നിന് പുറകേ ഒന്നായി സലിമിനെ തേടി സിനിമകൾ എത്തി. ഹാസ്യനടനായി തുടക്കം. ഗൗരവമേറിയ വേഷങ്ങളിലേക്ക് പതിയെ ചുവടുമാറ്റം. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടങ്ങൾ. ആ പറവൂരുകാരൻ പ്രഭാഷകനും എഴുത്തുകാരനും സംവിധായകനുമായി. സിനിമയെ അയാൾ വാരിപ്പുണർന്നു. അവസാന ശ്വാസം വരെ....