'മാതൃഭൂമി' സിനിമ 
MOVIES

സൽമാൻ ഖാൻ ചിത്രം 'മാതൃഭൂമി'യിലെ പുതിയ ഗാനം പുറത്ത്; റിലീസ് ഉടനുണ്ടാകുമോ എന്ന് ആരാധകർ

അപൂർവ ലാഖിയ ആണ് 'മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്' എന്ന ചിത്രത്തിന്റെ സംവിധാനം

Author : ന്യൂസ് ഡെസ്ക്

ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യ - ചൈന ഏറ്റുമുട്ടൽ ആസ്പദമാക്കി ഒരുങ്ങുന്ന സൽമാൻ ഖാൻ ചിത്രമാണ് 'മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്'. സിനിമയിലെ 'മേം ഹൂം' എന്ന പ്രണയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'മാതൃഭൂമി' റിലീസിനെപ്പറ്റി അനവസരത്തിൽ ചോദിച്ച പാപ്പരാസികൾക്ക് നേരെ സൽമാൻ രോഷാകുലനാകുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് സിനിമയിലെ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

മുംബൈ ഹിന്ദുജ ആശുപത്രി സന്ദർശനത്തിനിടെ തന്നെ പിന്തുടർന്ന പാപ്പരാസികൾക്ക് നേരെയാണ് സൽമാൻ ഖാൻ കടുത്ത അമർഷം പ്രകടിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ താരത്തെ പാപ്പരാസികൾ വളയുകയായിരുന്നു. 'മാതൃഭൂമി' സിനിമയുടെ അപ്ഡേറ്റുകളായിരുന്നു ഇവർക്ക് അറിയേണ്ടിയിരുന്നത്. ഇത് സഹിക്കവയ്യാതെ, "നിങ്ങൾക്ക് ഭ്രാന്താണോ?" എന്ന് ചോദിച്ച് താരം ആക്രോശിക്കുന്നതും ദേഷ്യത്തോടെ ആംഗ്യം കാണിക്കുന്നതും പുറത്തുവന്ന വീഡിയോകളിൽ കാണാം. തുടർന്ന്, തന്റെ സ്വകാര്യതയിലേക്ക് അതിക്രമിച്ചുകയറിയ പാപ്പരാസികളെ സമൂഹമാധ്യമങ്ങളിലൂടെയും നടൻ രൂക്ഷമായി വിമർശിച്ചു.

അപൂർവ ലാഖിയയാണ് 'മാതൃഭൂമി' സിനിമയുടെ സംവിധാനം. 2020 ജൂൺ 15ന് ഗാൽവാൻ താഴ്‌വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്. 20 ഇന്ത്യൻ സൈനികരാണ് ഈ പോരാട്ടത്തിൽ വീരമൃത്യു വരിച്ചത്. 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിങ് ഓഫീസറായ കേണൽ സന്തോഷ് ബാബുവായാണ് സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രാംഗത സിംഗ് ആണ് ചിത്രത്തിലെ നായിക. അഭിലാഷ് ചൗധരി, അങ്കുർ ഭാട്ടിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിമേഷ് രേഷമ്മിയ ആണ് ചിത്രത്തിന്റെ സംഗീതം. ഏപ്രിൽ 17ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട്, റിലീസ് മാറ്റുകയായിരുന്നു. സിനിമയിലെ ചില ഭാഗങ്ങൾ റീ ഷൂട്ട് ചെയ്യാൻ സൽമാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

SCROLL FOR NEXT