'7 ഡോഗ്‌സ്' സിനിമയിൽ സൽമാൻ ഖാൻ 
MOVIES

'ബാഡ് ബോയ്‌സ്' സംവിധായകരുടെ ചിത്രത്തിൽ അതിഥി വേഷത്തിൽ സൽമാൻ ഖാൻ; '7 ഡോഗ്സ്' പ്രീമിയറിലെ നടന്റെ പോസ്റ്റർ വൈറൽ

ആദിൽ എൽ അർബിയും ബിലാൽ ഫല്ലായുമാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കെയ്‌റോ: അറബ് ചിത്രം '7 ഡോഗ്സി'ലെ സൽമാൻ ഖാന്റെ അതിഥി വേഷത്തിന് കയ്യടി. ഈജിപ്റ്റിൽ നടന്ന സിനിമയുടെ ഗ്രാൻഡ് പ്രീമിയറിൽ ബോളിവുഡ് നടനായിരുന്നു ശ്രദ്ധാകേന്ദ്രം. സമൂഹമാധ്യമങ്ങളിലും നടന്റെ ക്യാമിയോ ആണ് ചർച്ചാവിഷയം.

വെള്ളിയാഴ്ച ആയിരുന്നു '7 ഡോഗ്സ്' സിനിമയുടെ അന്താരാഷ്ട്ര പ്രീമിയർ. സൽമാൻ ഖാൻ പ്രീമിയറിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, റെഡ് കാർപ്പറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥാപിച്ചിരുന്ന സൽമാന്റെ പടുകൂറ്റൻ ക്യാരക്ടർ പോസ്റ്റർ ഏവരുടെയും ശ്രദ്ധ കവർന്നു. ഈ പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സൈബർ ഇടങ്ങളിൽ വൈറലാണ്. സിനിമയിൽ സൽമാൻ ഖാൻ വരുന്ന ഭാഗങ്ങൾ ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുമുണ്ട്.

സൗദി അറേബ്യയുടെ പിന്തുണയോടെ വൻ ബജറ്റിൽ ഒരുങ്ങുന്ന അന്താരാഷ്ട്ര ആക്ഷൻ ത്രില്ലർ ചിത്രമാണ് '7 ഡോഗ്സ്'. 'ബാഡ് ബോയ്സ്' ഫ്രാഞ്ചൈസിയിലൂടെ പ്രശസ്തരായ സംവിധായക ജോഡികളായ ആദിൽ എൽ അർബിയും ബിലാൽ ഫല്ലായുമാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈജിപ്ഷ്യൻ താരങ്ങളായ അഹമ്മദ് ഇസ്സും കരീം അബ്ദുൽ അസീസും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്റർപോൾ ഉദ്യോഗസ്ഥനായാണ് അഹമ്മദ് ഇസ്സ് എത്തുന്നത്. അധോലോക നായകന്റെ വേഷമാണ് കരീം അബ്ദുൽ അസീസ് അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്ത്, മോണിക്ക ബെലൂച്ചി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മെയ് 28ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും.

SCROLL FOR NEXT