സമാന്ത Source : Facebook
MOVIES

"ഇനി ഒരിക്കലും ഒരേ സമയം അഞ്ച് സിനിമകള്‍ ചെയ്യില്ല"; കരിയറിലെ പുതിയ ഘട്ടത്തെ കുറിച്ച് സമാന്ത

ഒന്നിലധികം സിനിമകള്‍ ഒരേ സമയം ചെയ്യുന്നില്ലെന്നും പകരം തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുമെന്നും സമാന്ത വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

പതിനഞ്ച് വര്‍ഷത്തിലേറെ സിനിമാ വ്യവസായത്തില്‍ സജീവമായിരുന്ന സമാന്ത രൂത്ത് പ്രഭു നിരവധി വിജയ സിനിമകള്‍ക്ക് ശേഷം തന്റെ കരിയറില്‍ പുതിയൊരു ഘട്ടം സ്വീകരിക്കുകയാണ്. ഗ്രാസിയ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോലി ഭാരം കുറയ്ക്കാനും തന്നോട് ശരിക്കും പ്രതിധ്വനിക്കുന്ന പ്രൊജക്ടുകള്‍ മാത്രം ചെയ്യാനും ബോധപൂര്‍വം തീരുമാനമെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി.

"ഞാന്‍ ഇപ്പോള്‍ എനിക്ക് അങ്ങേയറ്റം അഭിനിവേശമുള്ള കാര്യങ്ങള്‍ ചെയ്യുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുകയണ്. അതില്‍ ഫിറ്റ്‌നസും സിനിമയും ഉള്‍പ്പെടുന്നു. ഞാന്‍ നിരവധി സിനിമകളുടെയും സീരീസിന്റെയും ഭാഗമായിട്ടുണ്ട്. പക്ഷെ അവയെല്ലാം എന്റെ പാഷന്‍ പ്രൊജക്ടുകളല്ല. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ഓരോ കാര്യത്തിനും ഞാന്‍ നിക്ഷേപിക്കുന്ന ഓരോ ബിസിനസിനും ഞാന്‍ നിര്‍മിക്കുന്ന ഓരോ സിനിമയ്ക്കും എല്ലാത്തിലും എന്റെ ഹൃദയം പൂര്‍ണമായും ഉണ്ട്", സമാന്ത പറഞ്ഞു.

ഒന്നിലധികം സിനിമകള്‍ ഒരേ സമയം ചെയ്യുന്നില്ലെന്നും പകരം തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുമെന്നും സമാന്ത വ്യക്തമാക്കി. "ഞാന്‍ ഇനി ഒരേ സമയം അഞ്ച് സിനിമകള്‍ ചെയ്യില്ല. എന്റെ ശരീരം പറയുന്നത് ഞാന്‍ കേള്‍ക്കണമെന്ന് മനസിലാക്കിയതിനാല്‍ ഞാന്‍ ചെയ്യുന്ന ജോലിയുടെ അളവ് കുറച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതിന്റെ എണ്ണം കുറഞ്ഞിട്ടുണ്ടാകും. പക്ഷെ പ്രൊജക്ടുകളുടെ ഗുണനിലവാരം തീര്‍ച്ചയായും വര്‍ദ്ധിച്ചിട്ടുണ്ട്", എന്നും സമാന്ത കൂട്ടിച്ചേര്‍ത്തു.

അതേസമയം സമാന്ത അടുത്തിടെ തെലുങ്ക് ചിത്രമായ ശുഭത്തില്‍ ഒരു അതിഥി വേഷം ചെയ്തിരുന്നു. സമാന്തയുടെ സ്വന്തം ബാനറായ ട്രലാല മൂവിംഗ് പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിച്ചത്. രാജ് ആന്‍ഡ് ഡികെ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സ്‌പൈ ത്രില്ലര്‍ സിറ്റാഡേല്‍ : ഹണി ബണ്ണിയിലാണ് സമാന്ത അവസാനമായി അഭിനയിച്ചത്. ആമസോണ്‍ സീരീസില്‍ വരുണ്‍ ധവാനായിരുന്നു നായകന്‍.

അടുത്തതായി രാജ് ആന്‍ഡ് ഡികെയുടെ തന്നെ രക്ത്ബ്രഹ്‌മാണ്ഡ് എന്ന സീരീസിലാണ് സമാന്ത അഭിനയിക്കുന്നത്. ആദിത്യ റോയ് കപൂര്‍, അലി ഫസല്‍, വാമിക ഗബ്ബി, ജയ്ദീപ് അഹ്ലാവത് എന്നിവരും സീരീസില്‍ പ്രധാന കഥാപാത്രങ്ങളാണ്. 2026ല്‍ സീരീസ് റിലീസ് ചെയ്യും.

SCROLL FOR NEXT