സാന്ദ്ര തോമസ് 
MOVIES

"പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൊതിക്കെറുവ്"; സുരേഷ് കുമാറും സിയാദ് കോക്കറും ഗുണ്ടകളെന്ന് സാന്ദ്ര തോമസ്

സര്‍ക്കാര്‍ നടത്തിയ സിനിമ കോണ്‍ക്ലേവിനെയും സാന്ദ്ര വിമര്‍ശിച്ചു.

Author : ന്യൂസ് ഡെസ്ക്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൊതിക്കെറുവാണെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. നിര്‍മാതാക്കളായ ജി സുരേഷ് കുമാറും സിയാദ് കോക്കറും ഗുണ്ടകളാണെന്നും സാന്ദ്ര പറഞ്ഞു. നിര്‍മാതാക്കളുടെ സംഘടനയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.

"ഒന്‍പത് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് എന്റെ പേരില്‍ ഉണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. എനിക്ക് ഒരുപാട് പേരുടെ പിന്തുണയുണ്ട്. പക്ഷെ ഭയം കാരണം ആണ് പലരും പുറത്ത് പറയാത്തത്", സാന്ദ്ര തോമസ് പറഞ്ഞു.

സര്‍ക്കാര്‍ നടത്തിയ സിനിമ കോണ്‍ക്ലേവിനെയും സാന്ദ്ര വിമര്‍ശിച്ചു. 'സിനിമയിലെ പുരുഷ മേധാവിത്വം കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന് കാട്ടിയിരുന്നു. സിനിമാ കോണ്‍ക്ലേവ് നീതിപരമായിരുന്നില്ല. സാംസ്‌കാരിക മന്ത്രി വേട്ടക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. വ്യവസായത്തിലെ തിരുത്തലുകള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി വാദിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല', എന്നും സാന്ദ്ര വ്യക്തമാക്കി.

നടന്‍ മമ്മൂട്ടിയെ കുറിച്ച് നടത്തിയ പ്രസ്താവന തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തലായിരുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. സിനിമയിലെ ആളുകള്‍ സ്വയം തിരുത്തലിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. സംഘടനകളില്‍ സ്ത്രീകള്‍ വരുന്നത് കുറച്ചു കാണേണ്ട ആവശ്യമില്ല. അമ്മയില്‍ നടി ഉര്‍വശി വരണമായിരുന്നു. അങ്ങനെയുള്ള ആളുകളാണ് സംഘടനയുടെ തലപ്പത്ത് വരേണ്ടതെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ സാന്ദ്ര സമര്‍പ്പിച്ച മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന് പരിഗണിക്കാനാവില്ലെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. ഈ വിഷയത്തില്‍ സംഘടനയില്‍ തര്‍ക്കം നടക്കുകയും ചെയ്തിരുന്നു. പത്രിക തള്ളിയതിനെ തുടര്‍ന്ന് സാന്ദ്ര എറണാകുളം സബ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

SCROLL FOR NEXT