രാഞ്ജന എഐ വിവാദം; നിയമനടപടി സ്വീകരിക്കാന്‍ ധനുഷും ആനന്ദ് എല്‍ റായിയും

മുന്നോട്ട് ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള കാര്യങ്ങളെയാണ് പരിഗണിക്കുന്നതെങ്കിലും രാഞ്ജനയുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയതാണ് അടിയന്തര പ്രശ്‌നമെന്ന് അവര്‍ വ്യക്തമാക്കി.
dhanush and anand l rai
ധനുഷ്, ആനന്ദ് എല്‍ റായ്Source : X
Published on

ബോളിവുഡ് ചിത്രം രാഞ്ജനയുടെ റീ റിലീസില്‍ എഐ ഉപയോഗിച്ച് ക്ലൈമാക്‌സ് മാറ്റിയ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ താനും ധനുഷും ആലോചിക്കുന്നുണ്ടെന്ന് സംവിധായകന്‍ ആനന്ദ് എല്‍ റായ്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിലാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്. ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയതിനെ 'അപകടകരമായ കീഴ്‌വഴക്കം' എന്നാണ് ആനന്ദ് വിശേഷിപ്പിച്ചത്. അതോടൊപ്പം സൃഷ്ടിപരമായ ഉടമസ്ഥതയില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

"എന്റെ മറ്റ് സിനിമകളെ കുറിച്ച് എനിക്ക് വളരെ അധികം ആശങ്കയുണ്ട്. ധനുഷിനും അങ്ങനെ തന്നെ. അത്തരം ബാഹ്യ ഇടപെടലുകളില്‍ നിന്ന് ഞങ്ങളുടെ സിനിമകളെ സംരക്ഷിക്കാനാണ് ജുഡീഷ്യല്‍ പരിഹാരം പരിഗണിക്കുന്നത്", ആനന്ദ് എല്‍ റായ് കുറിച്ചു.

മുന്നോട്ട് ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള കാര്യങ്ങളെയാണ് പരിഗണിക്കുന്നതെങ്കിലും രാഞ്ജനയുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയതാണ് അടിയന്തര പ്രശ്‌നമെന്ന് അവര്‍ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിനാണ് രാഞ്ജനയുടെ തമിഴ് പതിപ്പ് നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാഷണല്‍ റീ റിലീസ് ചെയ്തത്. അതില്‍ സന്തോഷകരമായൊരു ക്ലൈമാക്‌സ് അവര്‍ നല്‍കുകയായിരുന്നു.

dhanush and anand l rai
വേറിട്ട ശൈലി, വിസ്മയിപ്പിച്ച പകർന്നാട്ടങ്ങൾ; വെള്ളിത്തിരയുടെ നെയ്ത്തുകാരൻ്റെ ഓർമകളിൽ നടൻ മുരളി

നേരത്തെ ആനന്ദ് എല്‍ റായ് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. "കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ വളരെ അധികം അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു. രാഞ്ജന എന്ന സിനിമയില്‍ എന്റെ അറിവോ സമ്മതമോ ഇല്ലാതെ മാറ്റം വരുത്തി റീ റിലീസ് ചെയ്തു", എന്നാണ് ആനന്ദ് കുറിച്ചത്.

ധനുഷും ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിരുന്നു. "എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ ക്ലൈമാക്‌സോടെ റിലീസ് ചെയ്ത രാഞ്ജന എന്നെ പൂര്‍ണമായും അസ്വസ്ഥനാക്കി. ഇത് സിനിമയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കി. എന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് നിര്‍മാതാക്കള്‍ ആ തീരുമാനവുമായി മുന്നോട്ടു പോയി", എന്നാണ് ധനുഷ് കുറിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com