സാന്ദ്ര തോമസ് 
MOVIES

"അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന എന്നെ സംഘടനയ്ക്ക് സ്വീകരിക്കാനാവില്ല"; ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്ന് സാന്ദ്ര തോമസ്

ഇന്നലെ സംഘടനയില്‍ നടന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും സാന്ദ്ര തോമസ്.

Author : ന്യൂസ് ഡെസ്ക്

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനായി നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്ന് സാന്ദ്ര തോമസ്. ഇന്നലെ സംഘടനയില്‍ നടന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന തന്നെ സംഘടനയ്ക്ക് സ്വീകരിക്കാനാവില്ലെന്നും സാന്ദ്ര തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

"ഇന്നലെ നടന്നതെല്ലാം വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. അത് കേരളത്തിലെ സമൂഹത്തിന് മുഴുവന്‍ മനസിലാവുകയാണ് ചെയ്തത്. ഒരു ഗൂഢാലോചനയുടെ ഭാഗമായി എന്നെ നാണം കെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് മാധ്യമങ്ങളെ അകത്തേക്ക് കയറ്റിയത്. ഇതിന് മുന്‍പ് ഏതെങ്കിലും ഒരു അസോസിയേഷന്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ടോ? തീര്‍ച്ചയായും ഞാന്‍ അതിനെ എതിര്‍ക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അത് പൊതുസമൂഹം കൂടി കാണട്ടേ എന്ന ഉദ്ദേശമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. അതുകൂടാതെ വലിയൊരു നാടകവും അവര്‍ പ്ലാന്‍ ചെയ്തിരുന്നു. ആ നാടകം ആരംഭിച്ചപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ നാടകം എന്ന് പറഞ്ഞ് ഞാന്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ബി രാകേഷ് സംസ്‌കാര ശൂന്യനായ വ്യക്തിയെന്ന് പറയാവുന്നതാണ്. അദ്ദേഹം അവിടെ നിന്ന് പറയുകയാണ്, ആദ്യം സ്വന്തം പേരില്‍ പടം എടുത്ത് കാണിക്കാന്‍. കേരള സമൂഹത്തിന് വ്യക്തമായി അറിയാവുന്ന കാര്യമാണ് ഞാന്‍ എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന്. അതിന്റെ കാരണം എന്റെ ഗതികേടിന്റെ കൂടി ഭാഗമായി പല സിനിമകളുടെ പ്രമോഷന് വരെ ഞാന്‍ പോയി ഇരുന്നിട്ടുണ്ട്", സാന്ദ്ര പറഞ്ഞു.

"സംഘടനയില്‍ എന്നെ പോലെ ഒരാളെ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. തിരിച്ച് ചോദ്യം ചെയ്യുന്ന അവരുടെ അഴിമതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന ആളാണ് ഞാന്‍. അത് അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവര്‍ പല മുട്ടാപോക്ക് ന്യായവും പറഞ്ഞ് എന്റെ പത്രിക തള്ളുന്നത്. സാങ്കേതികമായ ഒരു കാരണങ്ങളും പത്രിക തള്ളാന്‍ നിലനില്‍ക്കുന്നില്ല. ഞാന്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് തന്നെ ഞാന്‍ കോടതിയെ സമീപിക്കും. വരണാധികാരിക്ക് ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം പോലും ഉണ്ടായിരുന്നില്ല. മിണ്ടാതിരിക്കുകയാണ് ചെയ്തത്. അവിടെയാണ് അസോസിയേഷന്റെ മാടമ്പികളും ആസ്താന ഗുണ്ടകളുമായ സിയാദ് കോക്കറും സുരേഷ് കുമാറും പ്രതികരിക്കുന്നത്. കാരണം വരണാധികാരിക്ക് സംസാരിക്കാന്‍ ഒന്നുമില്ല", എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.

സാന്ദ്ര സമര്‍പ്പിച്ച മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന് പരിഗണിക്കാനാവില്ലെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. എന്നാല്‍ വരണാധികാരി പത്രിക തള്ളിയത് ചട്ടവിരുദ്ധമായാണെന്നാണ് പരാതി. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനും സാധ്യതയുണ്ട്.

SCROLL FOR NEXT