
സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. ദളിതര്‍ക്കും വനിതകള്‍ക്കും പരിശീലനം നല്‍കണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റെന്നാണ് ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നത്. അതോടൊപ്പം അടൂരിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ച ഗായിക പുഷ്പവതിയെയും ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ദളിതര്‍ക്കും വനിതകള്‍ക്കും പരിശീലനം നല്‍കണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്. കെഎസ്എഫ്ഡിസി നിര്‍മിച്ച നാല് സിനിമകളും ഞാന്‍ കണ്ടു. ഒന്നിലും ഒന്നരക്കോടി രൂപയുടെ പ്രൊഡക്ഷന്‍ ക്വാളിറ്റി കണ്ടില്ല. അതിനാല്‍ അടൂര്‍ ഉന്നയിച്ച വിമര്‍ശനം ശരിയാണ്. പണം നല്‍കുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നാണ് അടൂര്‍ ഉദ്ദേശിച്ചത്. നമ്മുടെ പണമാണിത്", ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
"അടൂര്‍ വേദിയില്‍ സംസാരിക്കുമ്പോള്‍ പുഷ്പവതി ഇടപെട്ടത് മര്യാദകേടാണ്. അത് തടസപ്പെടുത്താന്‍ അവര്‍ ആരാണ്. അടൂര്‍ വലിയ മനുഷ്യനാണ്. ഫാല്‍ക്കേ പുരസ്‌കാരം അടക്കം ലഭിച്ച സംവിധായകനാണ്. പുഷ്പവതി ആരാണെന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ എന്റെ അറിവു കേടുകൊണ്ടായിരിക്കും. ഒരു നാടന്‍ പാട്ടുകാരി ആണെന്നാണ് എന്റെ അറിവ്. മാധ്യമങ്ങളാണ് ഇക്കാര്യം വഷളാക്കിയത്", എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
മന്ത്രി സജി ചെറിയാനെതിരെയും അദ്ദേഹം സംസാരിച്ചു. ഒന്നരക്കോടി നല്‍കിയിട്ട് സിനിമ മോശമാണെന്ന് മന്ത്രി പറയുമോ എന്നാണ് ശ്രീകുമാരന്‍ തമ്പി ചോദിച്ചത്. അതോടൊപ്പം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് കോണ്‍ക്ലേവില്‍ പറഞ്ഞ കാര്യത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം നടത്തിയവര്‍ തന്നെ അത് പിന്‍വലിക്കുകയായിരുന്നു. സിനിമാ വ്യവസായത്തെ പൂര്‍ണമായും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധ്യമല്ല. കോടികള്‍ മുടക്കുന്ന വ്യവസായത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല. സിനിമാ നയത്തില്‍ വലിയ സ്വപ്നം വേണ്ടെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.
ചാലയിലെ തൊഴിലാളികളെ അധിക്ഷേപിച്ച സംഭവത്തിലും അടൂരിനെ ശ്രീകുമാരന്‍ തമ്പി പിന്തുണച്ചു. ചാലയിലെ തൊഴിലാളികള്‍ മാത്രമല്ല എല്ലാവരുമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.