സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത "ഇഫ് ഓൺ എ വിന്റെർസ് നൈറ്റ്" (ഖിഡ്കീ ഗാവ്) ബുസാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ. പായൽ കപാഡിയ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ സിനിമ വിഷൻ ഏഷ്യ വിഭാഗത്തിൽ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഏദന് ശേഷമാണ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കീ ഗാവ് ഏഷ്യ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ഓൾ വീ ഇമാജിൻ അസ് ലൈറ്റിൻ്റെ സംവിധായിക പായൽ കപാടിയയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. രേഖ രാജാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
ഡൽഹിയിലേക്ക് കുടിയേറുന്ന മലയാളികളായ കമിതാക്കളുടെ ജീവിതമാണ് സിനിമയലെ പ്രമേയം. ആധുനിക നാഗരികതയും പുതിയ ജീവിത സാഹചര്യങ്ങളും അവരുടെ പ്രണയത്തെ എങ്ങനെ മുറിവേൽപ്പിക്കുന്നുവെന്നും അത് എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും ചിത്രം പറയുന്നു.
റോഷൻ അബ്ദുൽ റഹൂഫും ഭാനുപ്രിയയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജിതീഷ് റെയ്ച്ചൽ, ആരതി കെബി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സഞ്ജു സുരേന്ദ്രനും ഛായാഗ്രാഹകനായ മനേഷ് മാധവനും ആദ്യമായി ഒന്നിച്ച ഏദൻ (2017) മികച്ച ഛായാഗ്രഹണത്തിനുള്ളതടക്കം നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിരുന്നു. അതേ വർഷം നടന്ന ഐഎഫ്എഫ്കെയിൽ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
2025 സെപ്റ്റംബർ 17 മുതൽ 26 വരെ ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന മുപ്പതാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേള, പാർക്ക് ചാൻ-വുക്കിൻ്റെ 'നോ അദർ ചോയ്സ്' എന്ന സിനിമയോടെയാണ് ആരംഭിക്കുന്നത്.