MOVIES

അഭിഭാഷകരായി കീർത്തി സുരേഷും മിഷ്കിനും; 'സത്യവാൻ സാവിത്രി' റിലീസ് തീയതി പുറത്ത്

നവാഗതനായ പ്രവീൺ എസ് വിജയ് ആണ് 'സത്യവാൻ സാവിത്രി'യുടെ സംവിധായകൻ

Author : ന്യൂസ് ഡെസ്ക്

കീർത്തി സുരേഷും മിഷ്കിനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'സത്യവാൻ സാവിത്രി' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 20ന് ചിത്രം തിയേറ്ററുകളിൽ എത്തും. അഭിഭാഷകരായാണ് മിഷ്കിനും കീർത്തിയും തിയേറ്ററുകളിലേക്ക് എത്തുന്നത്.

നവാഗതനായ പ്രവീൺ എസ് വിജയ് സംവിധാനം ചെയ്യുന്ന 'സത്യവാൻ സാവിത്രി' ജൂലൈ 24ന് റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, വിജയ്‌യുടെ 'ജന നായകൻ' ജൂലൈ 23ന് റിലീസ് പ്രഖ്യാപിച്ചതിനെ തുടർന്ന് സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു.

1984ൽ റിലീസ് ചെയ്ത 'വിധി' പോലുള്ള ക്ലാസിക് കോർട്ട്‌റൂം ഡ്രാമ ചിത്രങ്ങളുടെ ശൈലിയുള്ള ഒന്നായിരിക്കും ഈ ചിത്രമെന്നും, വ്യക്തിപരമായ പോരാട്ടങ്ങൾക്കിടയിലും നീതിക്കായി പോരാടുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളതെന്നും സംവിധായകൻ പ്രവീൺ നേരത്തെ വ്യക്തമാക്കിയിരുന്നു. കീർത്തിക്കും മിഷ്കിനും പുറമെ ചാരുകേഷ്, ബാല ശരവണൻ, ശിൽപ മഞ്ജുനാഥ്, മധുസൂദനൻ, ആർ സുന്ദരരാജൻ, ബ്രിഗിഡ, മാല പാർവ്വതി, എ. വെങ്കിടേഷ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

'സത്യവാൻ സാവിത്രി' പോസ്റ്റർ

ഡ്രംസ്റ്റിക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വേടിക്കാരൻപട്ടി എസ് ശക്തിവേലാണ് ചിത്രം നിർമിക്കുന്നത്. വൈഷ്ണവി വിവേക്‌ചന്ദർ, വിനോദ് സിജെ എന്നിവർ സഹനിർമാതാക്കളായ ചിത്രവുമായി സീ സ്റ്റുഡിയോസും സഹകരിക്കുന്നുണ്ട്. അരുൾ വിൻസെന്റ് ഛായാഗ്രഹണവും സാം സിഎസ് സംഗീതസംവിധാനവും ജി.കെ പ്രസന്ന എഡിറ്റിങ്ങും നിർവഹിക്കുന്നു.

SCROLL FOR NEXT