മലയാളം സിനിമ 'വരവ്' 
MOVIES

ഹൈ'റേഞ്ച്' പടവുമായി ജോജു ജോർജ്; ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മാസ് ആകാന്‍ 'വരവ്'

'റിവഞ്ച് ഈസ് നോട്ട് എ ഡേർട്ടി ബിസിനസ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

കണ്ണൻ ദേവൻ മലനിരകളിലെ ഒരു ടീ എസ്റ്റേറ്റ് പ്ലാൻ്ററുടെ ഒറ്റയാൾ പോരാട്ടത്തിന്റെ സാഹസിക കഥയുമായി ഷാജി കൈലാസിന്റെ 'വരവ്'. 'റിവഞ്ച് ഈസ് നോട്ട് എ ഡേർട്ടി ബിസിനസ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

മലയാള സിനിമയിലും, ഇപ്പോൾ തമിഴിലും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോരുന്ന ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തില്‍ ഈ പ്രതികാര കഥ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്. ഏ.കെ. സാജൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം വോൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് നിർമ്മിക്കുന്നത്. ജോമി ജോസഫാണ് എക്സിക്ക്യൂട്ടീവ് പ്രൊഡ്യൂസർ.

വൻ ബജറ്റില്‍ പൂർണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖനായ സാം സി. എസ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം - സുജിത് വാസുദേവ്.

എഡിറ്റിങ് - ഷമീർ മുഹമ്മദ്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യും - ഡിസൈൻ -സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. പിആർഒ - വാഴൂർ ജോസ്.

സെപ്റ്റംബർ ആറു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാർ, മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിലായി പൂർത്തിയാകും.

SCROLL FOR NEXT